മുഖവുര


"Secularism strongly built on the foundations of faith in God  and patriotism is the only remedy to all the problems of Muslim community. The success of democracy in our country also depends on the recognition of this fact by all" [Anonymous]


ഇസ്ലാമും സെക്കുലരിസവും തമ്മിലുള്ള ബന്ധമാണ് ഇവിടെ അന്വേഷിക്കുന്നത്. സെക്കുലരിസത്തെക്കുറിച്ചും അതിന് ഇസ്ലാമുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം വസ്തുനിഷ്ഠമായ അവലോകനങ്ങളും  അന്വേഷണങ്ങളും ഇന്ന് മുസ്ലിം ലോകത്ത് സജീവമാണ്. പൊതുവെ സെക്കുലരിസത്തിന്റെ വിമർശകരായ ഇസ്ലാമിസ്റ്റുകളുടെ ശബ്ദമായിരുന്നു ഇക്കാര്യത്തിൽ ഉയർന്നു കേട്ടിരുന്നത്. എന്നാൽ അവരും ഇന്ന് സെക്കുലരിസത്തെ തള്ളിപ്പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇത്തരമൊരു ചർച്ചയുടെ മർമ്മം രാഷ്ട്രീയ-ഭൗതിക രംഗങ്ങളിൽ മുസ്ലിം സമുദായം നേരിടുന്ന പ്രതിസന്ധികളാണ്. സമുദായം അഭിമുഖീകരിക്കുന്ന നേതൃരാഹിത്യം, വിഭാഗീയത, വിദ്യാഭ്യാസ-തൊഴിൽ-സാമുഹ്യ രംഗങ്ങളിലെ പിന്നോക്കാവസ്ഥ, ഇതരമതസ്ഥരുമായുള്ള ആശയസംഘർഷങ്ങൾ തുടങ്ങിയവ പ്രായോഗിക-രാഷ്ട്രീയ രംഗങ്ങൾക്ക് ഉപയുക്തമായ പുരോഗമനപരവും എന്നാൽ മതമൂല്യങ്ങളോട് സമരസപ്പെടുന്നതുമായ ഒരു ദാർശനിക വീക്ഷണം അനിവാര്യമാക്കിയിരിക്കുകയാണ്. ഇടക്കാലത്ത് ഒരു പ്രത്യയശാസ്ത്രമാർഗ്ഗമായി അവതരിപ്പിക്കപ്പെട്ട ഇസ്ലാമിസത്തിനേറ്റ തിരിച്ചടി ഇതിന് ആക്കം കൂട്ടിയിരിക്കുകയാണ്.

ഇസ്ലാമിസത്തിന്റെ അപ്രായോഗികതയും, അശാസ്ത്രീയതയും, മതേതര വിരുദ്ധതയും മാത്രമല്ല, അതിൽ അടങ്ങിയിരിക്കുന്ന കക്ഷിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും ഘടകങ്ങളും ഒപ്പം കമ്മ്യൂണിസം പോലുള്ള ആദർശങ്ങളുടെ സ്വാധീനവും ഇന്ന് വ്യക്തമാണ്. മതകീയ പരിപ്രേക്ഷ്യത്തിൽ പോലും ന്യായീകരിക്കപ്പെടാവുന്നതല്ല രാഷ്ട്രീയ ഇസ്ലാമിന്റെ പരികല്പന എന്ന് ഇന്ന് കൂടുതൽ ബോധ്യമായിക്കൊണ്ടിരിക്കുകയാണ. ഇസ്ലാം ഒരു പ്രത്യയശാസ്ത്രമല്ല - അത് വിശ്വാസികളുടെ സ്വഭാവസംസ്ക്കരണം ലക്ഷ്യം വെക്കുന്ന ഒരു ധാർമ്മിക സംഹിത മാത്രമാണ്. അത് ഏതെങ്കിലും ഭൗതിക വ്യവസ്ഥയെ – രാഷ്ട്രീയമോ സാമ്പത്തികമോ തത്വശാസ്ത്രപരമോ നിയമശാസ്ത്രപരമോ ശാസ്ത്ര-സാങ്കേതികമോ ആകട്ടെ – ലക്ഷ്യം വെക്കുന്നതോ ആ മേഖലകളിൽ പുതുതായി എന്തെങ്കിലും സംഭാവനകൾ അർപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതോ അല്ല എന്നും അതിനാൽ പ്രായോഗികമേഖലകളിൽ അത് മൗലികവാദം അനുശാസിക്കുന്നുമില്ല എന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പ്രായോഗിക രംഗങ്ങളിലെ സമുദായത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഒരു പ്രത്യയശാസ്ത്ര പരിഹാരമായി സെക്കുലരിസത്തിന്റെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്. സെക്കുലരിസത്തിന്റെ അർത്ഥം "മതേതരത്വം" എന്നാണല്ലോ. "മതേതരം" എന്നതിന്റെ വിവക്ഷ "പ്രകൃതി"യായതിനാൽ പ്രകൃതിമതമെന്ന് (എല്ലാ മതങ്ങളുടെയും അന്തർധാരയെന്നും) മുസ്ലിങ്ങൾ വിശ്വസിക്കുന്ന ഇസ്ലാമിന്റെ ആ സവിശേഷതയുമായി സെക്കുലരിസം യോജിക്കുന്നു. രാഷ്ട്രീയ-പ്രായോഗികരംഗങ്ങളിൽ പ്രസക്തമായ ഇസ്ലാമിക മൂല്യങ്ങളായ വിശ്വാസ സ്വാതന്ത്ര്യം, മതസഹിഷ്ണുത, പൗരോഹിത്യത്തിന്റെ നിരാകരണം, പ്രായോഗികവിഷയങ്ങളോടുള്ള ശാസ്ത്രീയസമീപനം തുടങ്ങിയവ സെക്കുലരിസത്തിന്റെയും അടിസ്ഥാനമായി അംഗീകരിക്കപ്പെട്ട മൂല്യങ്ങളാണ് എന്നത് ഇതിന് നിദർശനമാണ്. പ്രായോഗിക രംഗങ്ങളിൽ മൗലികവാദം കൈവെടിഞ്ഞ് പ്രകൃതി നിയമങ്ങൾ അവലംബിക്കുക എന്നതാണ് സെക്കുലരിസത്തിന്റെ ആകത്തുക.

രണ്ട് വീക്ഷണകോണിൽ സെക്കുലരിസത്തിന്റെ പ്രസക്തി ചർച്ച ചെയ്യാവുന്നതാണ്. ഒന്ന് സമുദായത്തിന്റെ പിന്നോക്കാവസ്ഥയുടെയും മറ്റൊന്ന് വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രീയ രംഗത്ത് അവർ നേരിടുന്ന ആദർശപരമായ പ്രതിസന്ധിയുടേയും.

ആദ്യത്തെ കാര്യമെടുത്താൽ മതസംഘടനകളുടെ നേതൃത്വത്തിലുള്ള ഐക്യ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ട ചരിത്രമാണുള്ളത്. സമുദായത്തിന്റെ പൊതു താൽപ്പര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കുകയെന്ന മിനിമം അജണ്ട നടപ്പാക്കാൻ പോലും മതസംഘടനകളുടെ കാർമ്മികത്വത്തിൽ സാധ്യമല്ലെന്ന് പ്രായോഗികമായി തെളിഞ്ഞിരിക്കുകയാണ്. ഭൗതിക രംഗങ്ങളിൽ മതപണ്ഡിതന്മാരുടേയും മതസംഘടനകളുടേയും സംഭാവനകൾക്കുള്ള സാധ്യതകളും വളരെ പരിമിതമാണെന്ന യാഥാർത്ഥ്യം ഇതിന് പുറമെയാണ്. സെക്കുലരിസത്തെ വിലയിരുത്തിയാൽ അത് ഇപ്പറഞ്ഞ പൊതുതാൽപ്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കാണാം. രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയെല്ലാം സെക്കുലർ മേഖലകളാണല്ലോ. അതെല്ലാം പൊതുതാൽപ്പര്യമേഖലകളാണ് എന്നതിലും തർക്കമില്ല. അതിനാൽ സെക്കുലർ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഭാവനകൾ ഈ മേഖലയിൽ കൂടുതൽ ഉപയോഗപ്പെടുത്തുകയും മതപണ്ഡിതന്മാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. കൂടുതൽ കാര്യക്ഷമതക്ക് മാത്രമല്ല, മതസംഘടനകൾ തമ്മിലുള്ള ഭിന്നതകൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടു വരാതിരിക്കാനും ഇതാണ് കരണീയം.

ഇനി രാഷ്ട്രീയ രംഗത്തെ ആദർശപരമായ പ്രതിസന്ധിയെടുക്കുക. ഇസ്ലാമിന്റെ രാഷ്ട്രീയ ദർശനവും ഇതര മതസ്ഥരോടുള്ള സമീപനവും എന്തെന്ന് തൃപ്തികരമായി വിശദീകരിക്കേണ്ട ബാധ്യത മുസ്ലിങ്ങൾക്കുണ്ട്. ഉദാഹരണത്തിന് ന്യൂനപക്ഷമായിരിക്കുമ്പോൾ സെക്കുലരിസത്തിന് വേണ്ടിയും ഭൂരിപക്ഷമായിരിക്കുമ്പോൾ മതഭരണത്തിന് വേണ്ടിയും വാദിക്കുന്നവരാണ് മുസ്ലിങ്ങൾ എന്ന ഒരു ആരോപണമുണ്ട്. (ഇന്ത്യയിൽത്തന്നെ സെക്കുലർ എന്നവകാശപ്പെടാത്ത ഒരൊറ്റ മുസ്ലിം രാഷ്ട്രീയപ്പാർട്ടിയുമില്ല എന്നോർക്കണം). ഈ പ്രതിസന്ധിയാണ് ഇസ്ലാമിസത്തിന് ഏറ്റവും വലിയ തിരിച്ചടി നൽകിയത്. സെക്കുലരിസത്തിന്റെ മുസ്ലീങ്ങൾക്കിടയിൽ വിവാദപരമായ താത്വിക തലം ഇവിടെയാണ് പ്രസക്തമാകുന്നത്. അത്തരം ഒരു വൈരുധ്യത്തിന് ഇടമില്ലെന്നും നേരത്തെ വ്യക്തമാക്കിയത് പോലെ ഇസ്ലാം ഏതെങ്കിലും രാഷ്ട്രീയവ്യവസ്ഥ നിർവ്വചിച്ചിട്ടില്ലാത്തതിനാൽ ഇസ്ലാമിന്റെ രാഷ്ട്രീയ ദർശനം സെക്കുലരിസം - ഒരു മതത്തിനും പ്രത്യേക പരിഗണന കൊടുക്കാത്തത് എന്ന അർത്ഥത്തിൽ - ആണെന്ന് പരിശോധിച്ചാൽ കണ്ടെത്താനാകുന്നതാണ്.

രണ്ട് പരിപ്രേക്ഷ്യത്തിലും ആത്യന്തികമായി സെക്കുലരിസത്തെ ഒരു പൊതുതാൽപ്പര്യവേദിയായിട്ടാണ് കാണാവുന്നത്. ഒന്നാമത്തെ പരിപ്രേക്ഷ്യത്തിൽ മുസ്ലിങ്ങളുടെ പൊതുതാൽപ്പര്യവേദിയായിട്ടും രണ്ടാമത്തേതിൽ ഇതര മതസ്ഥരുമായുള്ള പൊതുതാൽപ്പര്യ വേദിയായിട്ടും.

അവസാനമായി ഒരു വാക്ക്. മതനിരാസത്തെയും, മാർക്സിസത്തെയും, ശിരോവസ്ത്ര നിരോധത്തെയും, ഏകസിവിൽ കോഡ് വാദത്തെയും മറ്റും സെക്കുലരിസവുമായി ബന്ധപ്പെടുത്തുന്നവർ ക്ഷമിക്കുക: അതുമായി ഈ സൈറ്റിന് ഒരു ബന്ധവുമില്ല. സെക്കുലർ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരെല്ലാം മതനിരാസകരല്ലല്ലോ. അത്തരം ഒരു ആദർശ ബന്ധമാണ് ഈ സൈറ്റിന് സെക്കുലരിസവുമായുള്ളത്.