Thursday, September 11, 2014

ഇസ്ലാമിക സാഹോദര്യത്തിന്റെ വർണ്ണം


ലോകമുസ്ലീങ്ങൾക്ക് ഫലസ്തീൻ എന്നും ഒരു വൈകാരിക ബിന്ദുവാണ്. ഇസ്രായേലിന്റെ നരാധമന്മാർക്കെതിരെ വെറും കല്ല് കൊണ്ട് പൊരുതുന്ന ഫലസ്തീൻ ബാലന്റെ ചിത്രം അവരുടെ ആവേശമാണ്. അത് പോലെ ഇറാക്ക്, ബോസ്നിയ, ചെച്നിയ, ദാഗിസ്താൻ, ബർമ്മ, ശ്രീലങ്ക, ചൈന തുടങ്ങിയിടങ്ങളിൽ പീഢനമനുഭവിക്കുന്ന മുസ്ലീങ്ങളുടെ വേദനയും അവർ പങ്കു വെക്കുന്നു. രാജ്യാന്തര സീമകൾ അതിർലംഘിക്കുന്ന മതത്തിന്റെ സാർവ്വലൗകിക ദർശനത്തിന്റെ മുകുടഭാവമാണ് ഇവിടെ പ്രകടമാകുന്നത്.

ഈ ചേതോവികാരം അസ്വാഭാവികമോ മുസ്ലീങ്ങൾക്ക് മാത്രം ബാധകമായതോ രാഷ്ട്രീയവൽക്കരിക്കപ്പെടാത്തയിടത്തോളം വിമർശിക്കപ്പെടേണ്ടതോ അല്ല. ഉദാഹരണത്തിന് ബംഗ്ലാദേശിലോ ശ്രീലങ്കയിലോ പീഢനമനുഭവിക്കുന്ന ഹിന്ദുവിനോട് ഇന്ത്യയിലെ ഹിന്ദുവിന് അൽപം സഹതാപം തോന്നിപ്പോയാൽ അത് ഒരു അപരാധമല്ല. പാക്കിസ്താനിൽ ക്രൈസ്തവർക്ക് നേരേ ആക്രമണമുണ്ടായപ്പോൾ കേരളത്തിലെ കത്തോലിക്കാ സഭ പ്രതികരിച്ചതും ഇവിടെ പരാമർശനീയമാണ്. സ്വന്തം അനുയായികൾക്കിടയിൽ മാത്രമല്ല ഇതര മതസ്ഥരുമായും രഞ്ജിപ്പുണ്ടാക്കുന്നത് മതത്തിന്റെ ധർമ്മമാണെന്നതിനാൽ ഈ ചേതോവികാരം നമുക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു.

എന്നാൽ ഈ രാജ്യാന്തര സാഹോദര്യ പ്രകടനത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾ എന്നും ഒരു പിടി മുന്നിലായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇലക്ഷൻ വരുമ്പോൾ മുസ്ലിം രാഷ്ട്രീയത്തിൽ 5% സംവരണത്തോടൊപ്പം ഇറാക്ക്, ഫലസ്തീൻ വിഷയങ്ങളും സജീവമാകാറുണ്ട്. 5% സംവരണത്തിൽ വിശ്വസിക്കാത്ത പാർട്ടികൾക്ക് പോലും പ്രത്യേകിച്ച് ചിലവൊന്നുമില്ലാത്ത കാര്യമെന്ന നിലയിൽ മുസ്ലീങ്ങൾക്ക് വേണ്ടി ഇറാക്ക്, ഫലസ്തീൻ വിഷയങ്ങൾ പരിഹരിച്ച് കൊടുക്കാൻ വളരെ ഉൽസാഹമായിരുന്നു.  5% സംവരണപ്രശ്നം പരിഹരിക്കുന്നതിനേക്കാൾ ആഗോള മുസ്ലിം വിഷയങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും ഊന്നൽ നൽകുന്നത് മുസ്ലിം രാഷ്ട്രീയപാർടികളുടെ ത്യാഗസന്നദ്ധതയാണ് പ്രകടമാക്കുന്നതെങ്കിലും ഒരു വിഭാഗത്തിന്റെ മതാഭിനിവേശങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുവെന്ന അപകടം ഇതിന് പിന്നിലുണ്ട്.

പീഢനമനുഭവിക്കുന്ന ലോകമുസ്ലീങ്ങൾക്ക് എന്നും പഞ്ഞമില്ലായിരുന്നു എന്നത് ഇതിന് ഒരു കാരണമാകാം. “തിരഞ്ഞെടുക്കപ്പെട്ട ജനത”യാണെന്ന അവബോധവും അതോടൊപ്പം ഖിലാഫത്ത് (ആഗോള മുസ്ലിം നേതൃത്വം), ദാറുൽ ഇസ്ലാം തുടങ്ങിയ മിത്തുകളുടെ സ്വാധീനവും ഇതിന് പിന്നിലുണ്ടാകാം. ഈ ആത്മീയ പുകമറയിൽ ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണങ്ങളും മറുവശങ്ങളും അവഗണിക്കപ്പെട്ടു. മുസ്ലിം സമൂഹങ്ങളിൽ നിലനിൽക്കുന്ന വമ്പിച്ച സാമ്പത്തിക അസമത്വങ്ങളും കക്ഷിഭേദങ്ങളും പരസ്പര വൈരങ്ങളും ഭൗതികരംഗത്തെ പോരായ്മകളും  വിസ്മരിക്കപ്പെട്ടു. മുസ്ലിം ഇതര വിഭാഗങ്ങൾ നടത്തുന്ന മുസ്ലിം പീഢനങ്ങളേക്കാൾ മുസ്ലീങ്ങൾക്കിടയിൽ തന്നെയുള്ള കൂട്ടക്കൊലകളാണ് വളരെയധികം അധികരിച്ചിരിക്കുന്നതെന്ന സത്യവും തമസ്ക്കരിക്കപ്പെട്ടു. ഇന്ത്യൻ മുസ്ലീങ്ങളുടെ കാര്യത്തിൽ സാമുദായികമായ അന്യവൽക്കരണത്തിനും ഇത് വഴി വെച്ചു.

ഈ പ്രതിഭാസം ഏറെക്കുറെ ആധുനികവും ആഗോളവൽക്കരണത്തിന്റെ ഒരു സ്വാധീനവുമാണെന്ന് കാണാൻ കഴിയും.  മുസ്ലിം “ഉമ്മത്ത്” (സമുദായം) എന്ന തികച്ചും അരാഷ്ട്രീയവും അമൂർത്തവുമായ സങ്കൽപ്പത്തിന് “ലോകമുസ്ലീങ്ങൾ” എന്ന മൂർത്തഭാവം നൽകപ്പെടുകയും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങൾ “മുസ്ലിം രാജ്യങ്ങ”ളായി കണക്കാക്കപ്പെടുകയുമായിരുന്നു ഇവിടെ സംഭവിച്ചത്.  അതിന് പാശ്ചാത്യ സാങ്കേതികവിദ്യകളാണ് ചുക്കാൻ പിടിച്ചതെന്നത് ഒരു വൈചിത്ര്യമായി തോന്നാം. ചരിത്രത്തിൽ സുന്നി-ശിയാ സംഘട്ടനങ്ങളിലും തർത്താരുകളുടെയും മംഗോളുകളുടെയും ആക്രമണങ്ങളിലും കുരിശുയുദ്ധങ്ങളിലും സോവിയറ്റ് ചെമ്പടയുടെ വംശീയ ഉന്മൂലങ്ങളിലും ലോകമഹായുദ്ധങ്ങളിലുമെല്ലാം ലക്ഷക്കണക്കിന് മുസ്ലീങ്ങൾ മരിച്ചിട്ടുണ്ട്. എന്നാൽ ബോസ്നിയ മലപ്പുറത്തുകാരന്റെ ദു:ഖമായതിന് പിന്നിൽ ആധുനിക ഇസ്ലാം അവതാരകരുടെ സർഗ്ഗാത്മകതക്കൊപ്പം ബിബിസിയുടേയും റോയിട്ടേഴ്സിന്റേയും ഹൈഡെഫിനിഷൻ ക്യാമറകൾക്കുള്ള പങ്ക് വളരെ വലുതായിരുന്നു.  യഹൂദന്മാരുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലൂടെയും ജിമെയിലിലൂടെയും തന്നെയാണ് യഹൂദന്മാർക്കെതിരെയുള്ള ബഹിഷ്ക്കരണാഹ്വാനങ്ങൾ തകൃതിയായി നടന്നതെന്നും ഒരു ദുരന്തമാണ്.

ഇസ്ലാമിക സാഹോദര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ഈ നിലപാടുകൾക്ക് ചില അസ്വാഭാവികതകളും ന്യൂനതകളും ദർശിക്കാവുന്നതാണ്. ഒന്ന് ഇതിന്റെ പ്രായോജകർ എന്നും അധികാരത്തിലില്ലാത്തവരായിരുന്നു. അതിനാൽ അധികാരത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി ഈ നിലപാടിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.  ചരിത്രത്തിലിന്നോളം മുസ്ലിം ഭരണകൂടങ്ങൾ മതപരിഗണന വെച്ച് കൊണ്ട് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനോ അവിടങ്ങളിലെ മുസ്ലീങ്ങളെ സഹായിക്കാനോ ഒരുമ്പെട്ടിട്ടില്ലെന്നതാണ് സത്യം.  ഇന്ന് ഫലസ്തീനിലെ വംശീയ ഉന്മൂലനം പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ നോക്കി നിൽക്കുന്ന അറബ് മുസ്ലിം രാജ്യങ്ങളുടെ കാര്യം തന്നെ ഒന്നാന്തരം ഉദാഹരണം. ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം തുടങ്ങിയ ഇന്ത്യൻ മുസ്ലിം വിഷയങ്ങളിലും അന്താരാഷ്ട്ര തലത്തിൽ അറബികളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല എന്നതും ഇത് വെച്ച് നോക്കുമ്പോൾ ഒട്ടും അതിശയകരമല്ല.

മറ്റൊന്ന് ഈ സാഹോദര്യ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുക്കൾ ചില അഭിജാത വിഭാഗങ്ങളായിരുന്നു.  ഫലസ്തീനും ബോസ്നിയക്കും കിട്ടിയ മാധ്യമ ശ്രദ്ധ സോമാലിയയിലേയോ  ബർമ്മയിലേയോ ശ്രീലങ്കയിലേയോ മുസ്ലിമിന് കിട്ടിയില്ല. ഗാസക്കും ഇറാക്കിനും വേണ്ടി ഒച്ച വെക്കുന്ന ഏഷ്യൻ മുസ്ലിമിനെ പടിഞ്ഞാട്ടേക്ക് കണ്ണ് നട്ടിരിക്കുന്ന അറബി തിരിച്ച് എന്തെങ്കിലും ഗൗനിച്ചതുമില്ല.  ഫലസ്തീനിൽ നിന്ന് വിഭിന്നമായി ഗുജറാത്തിലേയോ മ്യാൻമറിലെയോ സംഭവവികാസങ്ങൾക്ക് അറബികളുടെ ഖുനൂത്തിൽ (ഒരു സഹായ പ്രാർത്ഥന) പോലും പരിഗണന കിട്ടിയില്ല. എന്നാൽ ഇക്കാര്യത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്ത അറബികളുടെ നിലപാട് മാതൃകാപരമാണ്. കാശ്മീരിലും മറ്റും ആവശ്യമില്ലാതെ ഇടപെട്ട് കുളമാക്കുന്ന പാക്കിസ്താന്റെ നിലപാടിൽ നിന്നും വ്യത്യസ്തവുമാണ്.

അഭിജാതരും ഇസ്ലാമിന്റെ ആവിർഭാവകരും സാമൂഹിക പുരോഗതി നേടിയവരുമായ അറബികളോട് ഇന്ത്യൻ മുസ്ലിമിന് സ്വാഭാവികമായി തോന്നിയ അഭിനിവേശം ഇന്ത്യൻ സമൂഹത്തിലെ തന്നെ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഉടലെടുത്ത ഇന്ത്യൻ മുസ്ലീങ്ങളോട് അതേ അളവിൽ അറബിക്ക് തിരിച്ച് തോന്നിക്കൊള്ളണമെന്നില്ലെന്ന് ചിലർ വിമർശനമുന്നയിച്ചേക്കാം. എന്നാൽ ഗാസക്ക് വേണ്ടി പാർലമെന്റ് ഇളക്കി മറിക്കുമ്പോഴും സോമാലിയയിലെ പേക്കോലങ്ങളോടോ അല്ലെങ്കിൽ അമേരിക്കൻ ഡ്രോണാക്രമണത്തിൽ കൊല്ലപ്പെടുന്ന വസീരിസ്താനിലേയോ അല്ലെങ്കിൽ മ്യാൻമറിലെയോ മുസ്ലീങ്ങളോടോ ഇന്ത്യയിലെ മുസ്ലിം പാർട്ടികളും വലിയ താൽപര്യം കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട സാഹോദര്യത്തെ സ്വാധീനിക്കുന്ന താൻതാൽപര്യങ്ങളും സങ്കുചിതത്വങ്ങളും മുൻവിധികളും ഇതിൽ നിന്നെല്ലാം വ്യക്തമാണ്. 

അതിനാൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഇസ്ലാമിക സാഹോദര്യം പലപ്പോഴും അസന്തുലിതമായിരുന്നു. എന്നാൽ ഇസ്ലാം മുമ്പോട്ട് വെക്കുന്ന സാഹോദര്യം അത്തരം എല്ലാ വർണ്ണങ്ങളിൽ നിന്നും അതീതമാണ്. അത് അറബിക്ക് അനറബിയേക്കാളും കറുത്തവന് വെളുത്തവനേക്കാളും ശ്രേഷ്ഠതയില്ലെന്ന് നബി ഉദ്ഘോഷിച്ച തഖ്‌വ” (ദൈവഭക്തി) യുടെ വർണ്ണമാണ്. അത് സാർത്ഥകമാകണെങ്കിൽ ആ സാഹോദര്യം കേവലം ആത്മീയതലത്തിൽ ഒതുങ്ങി നിൽക്കേണ്ടതുണ്ടെന്നാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.  “നിങ്ങൾ അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അവന്റെ വര്‍ണത്തേക്കാൾ ഉല്‍കൃഷ്ടമായി ആരുടെ വര്‍ണമുണ്ട്” (ഖുർആൻ 2: 138)

No comments:

Post a Comment