Sunday, June 22, 2014

ഖറദാവി നിലപാട് മയപ്പെടുത്തുന്നു.


 റോയിട്ടേഴ്സ് (April 20, 2014)

തന്റെ മൂർച്ചയേറിയ പ്രസംഗങ്ങൾ കാരണം ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാനിടയായതിനെ തുടർന്ന് ഖത്തർ നിവാസിയായ ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റ് പണ്ഡിതൻ യൂസുഫുൽ ഖറദാവി തന്റെ നിലപാടുകൾ മയപ്പെടുത്തുന്ന സൂചനകൾ നൽകി.

സൗദി അറേബ്യയുടെയും യുഎഇയുടേയും സർക്കാറുകളെ വിമർശിച്ചിരുന്ന ഖറദാവി ആ വീക്ഷണങ്ങൾ തന്റേത് മാത്രമാണെന്നും ഖത്തറിന്റേതല്ലെന്നുമാണ് പറഞ്ഞത്.

 “എന്റെ നിലപാടുകൾ ഖത്തർ സർക്കാരിന്റേതല്ല, മറിച്ച് വ്യക്തിപരം മാത്രമാണ്” ഈമെയിൽ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

മുമ്പ് പ്രസ്തുത രാജ്യങ്ങളെ വേണ്ടത്ര ഇസ്ലാമിക”മല്ലാത്തതിന് വിമർശിച്ചിരുന്ന വയോധികനായ ഖറദാവി പതിവിൽ നിന്ന് വിപരീതമായി ഇപ്രാവശ്യം അനുരഞ്ജനാത്മകമായ ഭാഷയാണ് പുറത്തെടുത്തത്.

“എനിക്ക് പറയാനുള്ളത് ഞാൻ എല്ലാ ഗൾഫ് രാജ്യങ്ങളെയും - സൗദി അറേബ്യയാകട്ടെ, യുഎഇയാകട്ടെ, ബഹ്റൈനാകട്ടെ - സ്നേഹിക്കുന്നുവെന്നാണ്, അവരെന്നെയും. എനിക്ക് അവർ ഒരു രാജ്യവും, ഭവനവുമാണ്.” അദ്ദേഹം പറഞ്ഞു.

മാർച്ച് 5 ന് ഇതിന് മുമ്പില്ലാത്ത വിധം കടുത്ത നിലപാടെടുത്ത് സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ  തങ്ങളുടെ ആന്തരിക കാര്യങ്ങളിൽ ഇടപെടുന്നുവെന്നാരോപിച്ച് ഖത്തറിൽ നിന്ന് അംബാസഢർമാരെ പിൻവലിച്ചിരുന്നു. ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു. ഈ രാജ്യങ്ങൾ പ്രത്യേകിച്ച് ഖത്തറിന്റെ മുസ്ലിം ബ്രദർഹുഡിനുള്ള പിന്തുണയിൽ അസംതൃപ്തരായിരുന്നു.

  “ഖത്തർ എന്റെ ഭാഗമാണ്”

അംബാസഢർമാരുടെ പിൻവലിക്കലിന് ശേഷം ഖറദാവി ഖത്തറിൽ സാധാരണ നടത്തിയിരുന്ന വെള്ളിയാഴ്ച പ്രസംഗത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇത് സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനുള്ള നടപടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പ്രസ്താവനയിൽ സൗദി അറേബ്യയും യുഎഇയും തനിക്ക് നൽകിയ ബഹുമതികളെക്കുറിച്ചും താൻ അവക്ക് എത്ര വിലമതിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.

തനറേത് നിർമ്മാണാത്മകമായ വിമർശനങ്ങൾ മാത്രമാണെന്നും തന്റെ ആത്മാർത്ഥത വഴിയെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടിവി പരിപാടിയിൽ യുഎഇയെ “അനിസ്ലാമിക”മെന്ന് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഈ ഫെബ്രുവരിയിൽ ഖത്തർ അംബാസഢറിനെ വിളിച്ച് യുഎഇ പ്രതിഷേധം അറിയിച്ചിരുന്നു. തൊട്ടുടനെയുള്ള ഒരു പ്രഭാഷണത്തിൽ ഖറദാവി പ്രതികരിച്ചത് ഇങ്ങനെയാണ് “നിങ്ങളെ പറ്റി ഞാൻ രണ്ട് വരി പറഞ്ഞതിനാണോ ഇത്ര ദേഷ്യം? ഇക്കണക്കിന് നിങ്ങളുടെ അധർമ്മങ്ങളെയും അനീതികളെയും പറ്റി ഒരു പൂർണ്ണ പ്രഭാഷണം തന്നെ നടത്തിയാൽ എന്താകും സ്ഥിതി?”

താൻ ഖത്തർ വിടുന്നതായുള്ള വാർത്തകളും ഖറദാവി നിഷേധിച്ചു. “ഖത്തർ എന്റെയും ഞാൻ ഖത്തറിന്റെയും അവിഭാജ്യ ഘടകമാണ്. ഇപ്പോൾ 88 വയസ്സായ ഞാൻ ഇവിടെ തന്നെ ജീവിച്ച് മരിക്കാൻ ഉദ്ദേശിക്കുന്നു.”

Suggested Readings




No comments:

Post a Comment