Wednesday, April 18, 2012

ഖറദാവിയുടെ ഫത്‍‍വകൾ

കാരോളി

യൂസുഫുൽ ഖറദാവി ആളൊരു മഹാസംഭവം തന്നെയാണ്. “വിധിവിലക്കുകൾ” എന്ന വിഖ്യാത ഗ്രന്ഥമുൾപ്പെടെ 120 –ഓളം പുസ്തകങ്ങളുടെ കർത്താവ്, ഇസ്ലാമിക പാണ്ഡിത്യത്തിനുള്ള എട്ട് അന്താരാഷ്ട്ര അവാർഡുകളുടെ ജേതാവ്, ഇസ്ലാം ഓൺലൈൻ സ്ഥാപകൻ, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഇഖ്‌വാനുൽ മുസ്ലിമൂന്റെ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിലെ Prospect Magazine, അമേരിക്കയിലെ Foreign Policy എന്നീ ആനുകാലികങ്ങൾ 2008-ൽ നടത്തിയ വോട്ടെടുപ്പിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ബുദ്ധിജീവിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അൽ ജസീറ ചാനലിൽ ഖറദാവി നടത്തുന്ന “ശരീഅത്തും ജീവിതവും” എന്ന പ്രോഗ്രാമിന് ആറ് കോടി പ്രേക്ഷകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ ഖറദാവി ഒരു സാദാ മതപണ്ഡിതനൊന്നുമല്ല. ഒരു ഇസ്ലാമിസ്റ്റാണ്. അഥവാ ഇസ്ലാമിനെ എങ്ങനെ “പ്രയോഗിക്കാം” എന്നറിയാവുന്ന വ്യക്തി. ഈജിപ്ഷ്യൻ വിപ്ലവാനന്തരം ഖറദാവി നടത്തിയ ഈജിപ്തിലേക്കുള്ള “തിരിച്ച് വരവി”നെ ഇറാനിലെ ഖുമൈനിയുടെ തിരിച്ച് വരവിനോടാണ് ഉപമിക്കപ്പെടുന്നത്. എന്നാൽ ഈജിപ്ഷ്യൻ വിപ്ലവത്തിൽ ഖറദാവിക്കോ ഇസ്ലാമിസ്റ്റുകൾക്കോ എന്ത് പങ്കാണുള്ളതെന്നൊന്നും ചോദിച്ചേക്കരുത്. ഏതായാലും തഹ്‌രീർ ചതുരത്തിൽ അന്ന് വെള്ളിയാഴ്ച്ച നടന്ന ജുമുഅ പ്രഭാഷണത്തിൽ സാധാരണ മൗലവിമാരെ പോലെ “അല്ലയോ മുസ്ലിങ്ങളേ” എന്നതിന് പകരം “അല്ലയോ മുസ്ലിങ്ങളും കോപ്റ്റുകളുമേ” എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഖറദാവി തിരിച്ച് വരവ് ഗംഭീരമാക്കി.

ഖറദാവിയുടെ മുഖ്യ ശക്തിയും ദൗർബല്യവും അദ്ദേഹത്തിന്റെ ഫത്‌വകളാണ്. മിത്രങ്ങളേക്കാളേറെ ശത്രുക്കളെയാണ് അദ്ദേഹത്തിന്റെ ഫത്‌വകൾ അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുള്ളത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലൊന്നും ഖറദാവിക്ക് ഇന്ന് പ്രവേശനമില്ല. ഈ നേട്ടം അദ്ദേഹത്തിന്റെ ധീരമായ ഫത്‌വകൾ സമ്പാദിച്ച് കൊടുത്തതാണ്. എന്നാൽ അറബ് രാജ്യങ്ങളെ വെറുപ്പിക്കുന്ന ഫത്‌വകൾ അധികം ഇറക്കാറില്ല എന്നത് അദ്ദേഹത്തിന്റ ധൈഷണിക പാടവം വ്യക്തമാക്കുന്നു. (എവിടെയെങ്കിലും പിഴച്ച് പോകണമല്ലോ)

ഖറദാവിയുടെ ഏറ്റവും വിവാദപരമായ ഫത്‌വ ഫലസ്തീനിലെ ചാവേർ സ്ഫോടനങ്ങളെ അനുകൂലിച്ച് കൊണ്ടു നൽകിയതാണ്. ഇസ്ലാമിനേയും മുസ്ലീങ്ങളെയും ഏറെ പ്രതിരോധത്തിലാക്കി എന്ന് മാത്രമല്ല ഖറദാവിയുടെ കുറെ ഫോറിൻ ട്രിപ്പ് മുടക്കിയ ഫത്‌വയാണ് ഇത്. ഇസ്ലാമിൽ ആത്മഹത്യ വൻപാപമാണല്ലോ. അതിനാൽ ചാവേർ സ്ഫോടനങ്ങൾ നടത്തുന്നവർ സ്വർഗ്ഗത്തിലോ നരകത്തിലോ? തഖ്‌വ (സൂക്ഷ്മത) യുള്ള ഒരു വിശ്വാസിക്ക് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ആശങ്കയാണ് ഇത്. വേറെ ആരുടെയെങ്കിലും വെടി കൊണ്ട് മരിക്കുകയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ “ആത്മഹത്യ”യെ എങ്ങനെ ന്യായീകരിക്കും?

യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ ഒരു ഫത്‌വ ആവശ്യമാണോ? തീരെ ഇല്ല. യുദ്ധരംഗത്ത് എന്ത് രീതി സ്വീകരിക്കണമെന്നത് മതപണ്ഡിതന്റെ പരിധിയിൽ പെടുന്ന കാര്യമല്ല. രാഷ്ട്രീയാധികാരം നേടിയെടുക്കാനോ സൈന്യത്തെ സജ്ജീകരിക്കാനോ യുദ്ധവിമാനം പറത്താനോ ടാങ്ക് രൂപകൽപ്പന ചെയ്യാനോ മിസൈൽ വിന്യസിക്കാനോ ആണവഗവേഷണം നടത്താനോ ഒന്നും കഴിയാത്ത ഖറദാവി ചാവേർ സ്ഫോടനം എന്ന എളുപ്പ വിദ്യ പറഞ്ഞ് കൊടുത്തത് കൊണ്ട് ഫലസ്തീനികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നില്ല. (ചുറ്റുമതിൽ കെട്ടിക്കൊണ്ട് ഇസ്രായേൽ ആ പ്രശ്നവും പരിഹരിച്ചുവെന്നത് വേറെ കാര്യം). അത് കൊണ്ട് ഇസ്ലാമിന് പേര് ദോഷമുണ്ടാക്കാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

ഖറദാവിയുടെ പ്രസ്തുത ഫത്‌വയെ മറ്റ് ഫത്‌വക്കാർ തന്നെ എതിർത്തുവെന്നത് ശുഭോദർക്കമാണ്. 2004 ൽ ഫലസ്തീനുൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ 2500 ഓളം മുസ്ലിം പണ്ഡിതന്മാർ പ്രസ്തുത ഫത്‌വയെ തള്ളിപ്പറഞ്ഞിരുന്നു. ചാവേർ സ്ഫോടനം രക്തസാക്ഷിത്വമല്ല മറിച്ച് ആത്മഹത്യയാണെന്ന് എതിർ ഫത്‌വ ഇറക്കിയവരുമുണ്ട്. ഇവിടെ ഫത്‌വകളുടെ നിരർത്ഥകതയും പ്രകടമാണ്. ഒരു മൗലവിയുടെ കാഴ്ച്ചപ്പാടിൽ സ്വർഗ്ഗപ്രവേശം ക്ഷിപ്രസാധ്യമായ കാര്യം മറ്റൊരു മൗലവിയുടെ വീക്ഷണത്തിൽ ശാശ്വത നരകശിക്ഷക്ക് കാരണമാകുന്നു. യാഥാർത്ഥ്യം അല്ലാഹുവിനാണ് അറിയുക എന്നതല്ലേ സത്യം?

കാര്യങ്ങളുടെ ക്ലൈമാക്സ് കിടക്കുന്നത് അവിടെയല്ല. ഖറദാവിക്ക് വിദഗ്ദ്ധ ചികിൽസ വേണമെങ്കിൽ അത് ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽത്തന്നെ ആകണം. 2008 ൽ ഇത്തരത്തിൽ ചികിൽസക്കുള്ള വിസ ബ്രിട്ടൻ നിഷേധിച്ചത് വാർത്തയായിരുന്നു. ഫലസ്തീനികൾക്ക് ചാവേറുകളായി പൊട്ടിത്തെറിക്കാനുള്ള ആഹ്വാനം നൽകിയ മഹാനവർകൾ സ്വന്തം ദേഹരക്ഷയുടെ കാര്യം വന്നപ്പോൾ ഇസ്രായേലിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച ബ്രിട്ടനിൽത്തന്നെ അഭയം തേടുന്നതിന്റെ അനൗചിത്യം പ്രകടമാണ്. (ഫലസ്തീനിലെ പാവം പിള്ളേരേക്കാൾ എന്ത് കൊണ്ടും വിലയേറിയ ജീവനാണ് ഖറദാവിയുടേതെന്നത് ഒരു സത്യമാണെങ്കിലും)

എന്തായാലും ഖറദാവി ഇന്ന് ഫത്‌വകൾ സൂക്ഷിച്ച് മാത്രമേ പ്രയോഗിക്കാറുള്ളു. തുണീഷ്യ, ലിബിയ, ഈജിപ്ത്, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നത് പോലുള്ള വലിയ പരുക്കില്ലാത്ത എന്നാൽ ഭാവിയിൽ മുമ്പ് സൂചിപ്പിച്ചത് പോലുള്ള പല നേട്ടങ്ങൾക്കും സാധ്യതയുള്ള ഫത്‌വകൾ മാത്രമേ ഖറദാവി ഇന്ന് പുറപ്പെടുവിക്കാറുള്ളു. ഖറദാവിയുടെ ഫത്‌വകൾ അദ്ദേഹം താമസിക്കുന്ന ഖത്തറിന്റെ ഫോറിൻ പോളിസിയോട് ഒത്തു പോകുന്നു എന്നത് ആകസ്മികം മാത്രം.

എവിടെയാണ് ഖറദാവിക്ക് തെറ്റ് പറ്റുന്നത്?  ഒരു മികച്ച മതപണ്ഡിതനാണെങ്കിലും മതത്തെ രാഷ്ട്രീയവൽക്കരിക്കുന്നു എന്നതാണ് ഖറദാവി ചെയ്യുന്ന തെറ്റ്രാഷ്ട്രീയ വിഷയങ്ങളിൽ ഒരു സർക്കാർ ഗുമസ്തന്റെ പ്രായോഗിക പരിചയം പോലുമില്ലാത്ത ഖറദാവി ഫത്‌വ നൽകുന്ന മതേതര വിഷയങ്ങളിൽ ഒന്നിൽ പോലും അദ്ദേഹത്തിന്റ അഭിപ്രായങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്നതാണ് സത്യം.  ഇറാനിൽ ഖുമൈനിക്കുള്ളത് പോലെ പൗരോഹിത്യാടിസ്ഥാനത്തിലുള്ള പ്രാമുഖ്യം ഖറദാവിക്ക് ഒരു സുന്നി സർക്കാരും കൊടുക്കുന്നില്ല. അതിനാൽ “സുന്നി ഖുമൈനി”യാകാനുള്ള ഖറദാവിയുടെ പരിശ്രമം വിലപ്പോകുന്നില്ല.

തുണീഷ്യയിലേയോ, ലിബിയയിലേയോ, സിറിയയിലേയോ മറ്റും ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണക്കാൻ ഖറദാവിയുടെ ഫത്‌വയുടെ ആവശ്യമൊന്നുമില്ല. അത് മനസ്സാക്ഷിയുള്ള ആർക്കും തിരിയുന്ന കാര്യമാണ്. മാത്രമല്ല ലിബിയയിൽ ഖറദാവിയുടെ ഫത്‌വ നടപ്പാക്കിയത് ഖറദാവിയുടെ ഹിറ്റ് ലിസ്റ്റിലുള്ള അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമൊക്കെയാണെന്ന് പറയേണ്ടി വരും. ഒരു വശത്ത് അമേരിക്കയുടേയും ബ്രിട്ടന്റെയുമൊക്കെ താൽപ്പര്യങ്ങൾക്കെതിരെ ഫത്‌വ ഇറക്കുക, മറു വശത്ത് പാശ്ചാത്യ സാങ്കേതിക വിദ്യയുടേയും സെക്കുലർ ആശയങ്ങളുടേയും ആയുധശക്തിയുടേയും പിൻബലത്തിൽ നടന്ന വിപ്ലവങ്ങളുടെ പിതൃത്വം അവകാശപ്പെട്ട് കൊണ്ട് മിശിഹ ചമഞ്ഞ് ജൈത്ര യാത്ര നടത്തുക എന്നതാണ് ഖറദാവിയെപ്പോലുള്ളവരുടെ രീതി.

ഖറദാവി പ്രതിനിധീകരിക്കുന്ന ഇസ്ലാമിസ്റ്റ് പാർട്ടികളുടെ അംബാസഡറായിക്കൂടിയാണ് ഖറദാവി പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. അതിന്റെ നേട്ടം തിരഞ്ഞെടുപ്പുകളിൽ അവർക്ക് ലഭിക്കുന്നുമുണ്ട്. സിറിയയിലെ പ്രക്ഷോഭത്തെ അനുകൂലിച്ച് കൊണ്ടും ഖറദാവി ഒരു മുൻകൂർ ഫത്‌വ ഇറക്കിയിട്ടുണ്ട്. എങ്ങാനും സിറിയയിൽ അസദ് ഭരണകൂടം നിലം പൊത്തിയാൽ അവിടെയും ഖറദാവി മിശിഹയുടെ എഴുന്നെള്ളത്ത് പ്രതീക്ഷിക്കാവുന്നതാണ്.

ഇസ്ലാമിസത്തിന്റെ ഭാവപ്പകർച്ചകളാണ് ഇവിടെ പ്രകടമാകുന്നത്. തീർത്തും മതേതര അടിസ്ഥാനത്തിൽ ആവിർഭവിച്ച ജനാധിപത്യ വിജയങ്ങളുടെ പോലും അവകാശവാദം ഏറ്റെടുക്കാനും പാമര ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്ത് അധികാരം കൈക്കലാക്കാനും, പ്രായോഗിക രംഗങ്ങളിലുള്ള സ്വന്തം കഴിവ് കേട് മറച്ച് വെക്കാനുമുള്ള തത്രപ്പാടുകളാണ് ഇവിടെ പ്രകടമാകുന്നത്. മാത്രമല്ല “പാൻ ഇസ്ലാമിസം”, “ദാറുൽ ഇസ്ലാം”, “ദാറുൽ കുഫ്ർ” തുടങ്ങിയ മതരാഷ്ട്രീയ സങ്കൽപ്പങ്ങളെല്ലാം മിത്തുകളാണെന്നും ഇവിടെ വ്യക്തമാകുന്നു. മറ്റ് അറബ്-മുസ്ലിം രാഷ്ട്രങ്ങൾ അനങ്ങാപ്പാറകളായി നിന്നപ്പോഴും ലിബിയയിൽ ഇടപെടാൻ അമുസ്ലിം രാജ്യങ്ങൾ തന്നെ വേണ്ടി വന്നു എന്നത് മതേതരമൂല്യങ്ങളുടെയും സംസ്ക്കാരങ്ങൾ തമ്മിൽ അനിവാര്യമായ സഹവർത്തിത്വത്തിന്റേയും പ്രസക്തിയെ അടിവരയിടുന്നു.

സാമ്രാജ്യത്വ ശക്തികളുടെ കനിവ് പോലും ഇക്കാര്യത്തിൽ ദാറുൽ ഇസ്ലാമുകാർ കാണിച്ചില്ലെന്നത് ഖേദകരമാണ്. എന്നാൽ ഇത് മുസ്ലിം രാഷ്ട്രീയത്തിന്റെ സെക്കുലർ സ്വഭാവം മാത്രമായാണ് കാണേണ്ടത്. എന്തായാലും സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് മറ്റ് സമൂഹങ്ങളുടെ നന്മകളും സംഭാവനകളും അംഗീകരിച്ച് യാഥാർത്ഥ്യബോധത്തോടെ മുമ്പോട്ട് പോകാനുള്ള വഴിയാലോചിക്കുകയാണ് വേണ്ടത്. ഖറദാവിയുടെ ഫത്‌വകൾ അതിന് ഏതായാലും സഹായകമല്ല.

1 comment:

  1. ഇയാളെയും നമ്മുടെ എ.പി. ഉസ്താദിനെയുമൊക്കെ താങ്ങി നടക്കുന്നവരെ പറഞ്ഞാല്‍ മതിയല്ലോ!.

    ReplyDelete