Saturday, January 7, 2012

വേണമാ ഫത്‍വകൾ?

കാരോളി


ഫത്‍വകൾ എന്നും ഒരു വിവാദവിഷയമാണ്. ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് ഒരു ഇസ്ലാമിക പണ്ഡിതൻ പുറപ്പെടുവിക്കുന്ന (വ്യക്തിനിഷ്ഠമായ) അഭിപ്രായമാണ് ഫത്‍വ. ഫത്‍വകൾ പൊതുവെ പ്രായോഗിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളതെന്നതിനാൽ സെക്കുലരിസത്തെക്കുറിച്ചുള്ള ചർച്ചയിൽ അതിന് ഏറെ പ്രസക്തിയുണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഫത്‍വ അത് കൊടുക്കുന്ന പണ്ഡിതനെ അപേക്ഷിച്ചിച്ചിരിക്കും. അത് കൊണ്ട് തന്നെ ആർക്കെങ്കിലും വേണമെങ്കിൽ സ്വീകരിക്കാമെങ്കിലും ഒരു  ഫത്‍വ നിർബന്ധമായി അംഗീകരിക്കാൻ വേറെ ആരും ബാധ്യസ്ഥരല്ല. ഒരേ കാര്യത്തെ കുറിച്ച് വിവിധ മുഫ്തിമാർ (ഫത്‍വ കൊടുക്കുന്നവർ) പരസ്പര വിരുദ്ധമായ ഫത്‍വകൾ കൊടുക്കുന്നത് പതിവാണ്. അതേ സമയം ഫത്‍വകളെ വിവാദമാക്കാറുള്ള മീഡിയ ഈ വസ്തുതകൾ പരിഗണിക്കാറില്ല. മറിച്ച് ഫത്‍വകൾ “ഇസ്ലാമിന്റെ നിലപാടാ”യിട്ടാണ് അവതരിപ്പിക്കപ്പെടാറ്. സ്ത്രീകളുടെ അവകാശങ്ങൾ, മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇസ്ലാമിനെ താറടിച്ച് കാണിക്കാൻ ഇസ്ലാം വിമർശകർ ഒറ്റപ്പെട്ട ഫത്‍വകളെ പോലും പതിവായി ഉപയോഗിച്ച് പോരുന്നു.

ചില ഫത്‍വാ കേന്ദ്രങ്ങൾ തങ്ങളുടെ ഫത്‍വകളെ ‘ഇസ്ലാമിന്റെ മൗലിക വിഷയമായി’ അവതരിപ്പിക്കാറുണ്ടെങ്കിലും ഫത്‍വകളുടെ ആപേക്ഷികത സുന്നി ഇസ്ലാമിൽ ഏകകണ്ഠമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. (ശീഇസത്തിൽ കാര്യം വ്യത്യസ്തമാണ്). ദൈവികവെളിപാടും മതത്തിന്റെ ആധികാര വ്യാഖ്യാനവും മുഹമ്മദ് നബിയോടെ പൂർത്തിയായിരിക്കുന്നു എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിന്മേലാണ് ഇത്. മതപരമായ ജ്ഞാനവും അവബോധവും വിശ്വാസികളിൽ സജീവമായി നിലനിർത്തുകയെന്ന ഒരു നല്ല വശം ഫത്‍വകൾക്കുണ്ട്. പക്ഷെ ഫത്‍വകൾ പ്രായോഗിക വിഷയങ്ങൾക്ക് ബാധകമാക്കുമ്പോഴാണ് പ്രശ്നം. ചില മുസ്ലിം രാജ്യങ്ങളിൽ ഔദ്യോഗിക ഫത്‍വാ സമിതികളുണ്ടെങ്കിലും അവരുടെ ഫത്‍വകൾക്ക് നിയമത്തിന്റെ സ്വഭാവം കൽപിക്കാറില്ല. അത് പാലിക്കാൻ വ്യക്തിയോ രാഷ്ട്രമോ നിർബന്ധിതമല്ല.

സൗദിയിലെ ഉപ-നിയമമന്ത്രിയായ ശൈഖ് അബ്ദുൽമുഹ്സിൻ അൽ ഒബൈക്കാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത് പോലെ “ഔദ്യോഗിക ഫത്‍വാ വിഭാഗത്തിന്റെ തീരുമാനങ്ങൾ പോലും ആരുടേയും മേൽ നിർബന്ധമല്ല-വ്യക്തിയുടേയോ രാഷ്ട്രത്തിന്റെയോ.” മുസ്ലിം ലോകത്തിന്റെ ഏറ്റവും പ്രമുഖ ഇസ്ലാമിക സർവ്വകലാശാലയായ അൽഅസ്ഹറിന്റെ മേധാവിയും ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ത്വൻതാവിയും ഇന്ത്യയിലെ  ജമാഅത്തെ ഉലമായെ ഹിന്ദിന്റെ പ്രസിഡന്റായിരുന്ന മൗലാനാ മഹ്മൂദ് മദനിയും അതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫത്‍വകളെ വിവാദവിഷയമാക്കിയത് സൽമാൻ റുഷ്ദിയെ വധിക്കാനുള്ള ആയത്തുള്ളാ ഖുമൈനിയുടെ ഫത്‍വയാണെന്ന് പറയാം. എത്രത്തോളമെന്നാൽ ‘ഫത്‍വ’ എന്നാൽ ‘വധാഹ്വാനം’ എന്നാണ് എന്ന് വരെ വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതിലേക്ക് അത് നയിച്ചു. എന്നാൽ ആ ഫത്‍വയുടെ (പൗരോഹിത്യ കേന്ദ്രിതമായ) ശിയാ പശ്ചാത്തലം വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. എന്നാൽ വിവാദ ഫത്‍വകൾ നൽകുന്നതിൽ സുന്നി ഫത്‍വക്കാരും മോശമായിരുന്നില്ല. തസ്ലീമാ നസ്രീനെതിരെയുള്ള ഇന്ത്യൻ മതപണ്ഡിതന്മാരുടെ ഫത്‍വ, ഇസ്രായേലിലെ ചാവേറാക്രമണങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള യൂസുഫുൽ ഖറദാവിയുടെ ഫത്‍വ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇത്തരം ഫത്‍വകളിൽ പലതും അസംബന്ധങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികൾക്ക് കൊടുക്കുന്ന വാക്സിനേഷൻ ഒരു ജൂത ഗൂഢാലോചനയാണെന്നും അതിനാൽ ഹറാമാണെന്നുമുള്ള സുഡാനിലെ മുസ്ലിം ബ്രദർഹുഡ് നേതാവായ ശൈഖ് സാദിഖ് അബ്ദുല്ലാ ഇബ്ന് മാജിദിന്റെ ഫത്‍വ ആദ്യത്തെ വിഭാഗത്തിൽ പെടുന്നു. ആണവായുധങ്ങളെ എതിർത്തു കൊണ്ടുള്ള ആയത്തുല്ലാ ഖുമൈനിയുടെ ഫത്‍വയും അതിനെ അനുകൂലിച്ച് കൊണ്ടുള്ള യൂസുഫുൽ ഖറദാവിയുടെ ഫത്‍വയും പരസ്പര വിരുദ്ധതക്ക് ഉദാഹരണമാണ്. ഈ വൈരുധ്യങ്ങൾ ചിലപ്പോൾ അനുഗ്രഹമാകാറുമുണ്ട്. ചാവേർ സ്ഫോടനങ്ങളെ അനുകൂലിച്ച് കൊണ്ടുള്ള ഖറദാവിയുടെ ഫത്‍വയെ കൂടുതൽ മാനവികമായ മറ്റൊരു ഫത്‍വ കൊണ്ട് സൗദി പണ്ഡിതനായ ശൈഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉസൈമീൻ ബാലൻസ് ചെയ്യുന്നത് ഒരു ഉദാഹരണം.

പ്രായോഗിക മേഖലകൾക്ക് വഴങ്ങാത്ത മൗലികവാദം അനുശാസിച്ച് സാമൂഹ്യപുരോഗതിയെ തടയുക എന്നത് പൗരോഹിത്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ഓരോ പ്രായോഗിക മേഖലയുടെയും ഉള്ളുകള്ളികളും സാങ്കേതികവശങ്ങളും അത്യധികം സങ്കീർണ്ണവും ആ മേഖലയിലെ വിദഗ്ദ്ധർക്ക് മാത്രം വഴങ്ങുന്നതുമാണ്. എന്നാൽ പലപ്പോഴും തങ്ങൾക്ക് യാതൊരു പിടിപാടുമില്ലാത്ത മേഖലകളിലായിരിക്കും പല ഫത്‌വക്കാരുടെയും ഇടപെടൽ. ഉപരിപ്ലവമായ ഇത്തരം ഫത്‌വാ അഭ്യാസങ്ങൾ മുസ്ലിം സമുദായത്തിനെ പുറകോട്ട് വലിക്കുന്നത് സ്വാഭാവികം മാത്രം. വിദ്യാഭ്യാസമേഖലയിലും ബാങ്കിംഗ് മേഖലയിലും മറ്റും അവർ പിന്നോക്കം പോയതും രാഷ്ട്രീയ വ്യാഖ്യാനങ്ങളിലും, നിയമനിർമ്മാണ മേഖലയിലും ഉണ്ടായ അപകടങ്ങളും ഉദാഹരണങ്ങളാണ്. ഫത്‌വകളുടെ പൗരോഹിത്യ സ്വഭാവമാണ് ഇവിടെ പ്രകടമാകുന്നത്.

ഇനി ഫത്‍വകളുടെ പ്രായോഗികമാനത്തെ കുറിച്ച് അല്പം  പരിശോധിക്കാം. ഫത്‍വകൾക്ക് യാതൊരു പ്രായോഗികപ്രാധാന്യവുമില്ലെന്ന് കാണാൻ പ്രയാസമില്ല. പ്രായോഗികരംഗത്ത് മതങ്ങളുടെ പങ്ക് ധാർമ്മികമൂല്യങ്ങൾ സ്ഥാപിക്കുക എന്നത് മാത്രമാണ്. ആ മൂല്യങ്ങൾ തന്നെയും മതങ്ങൾ നിർവ്വചിക്കുന്നതല്ല, മറിച്ച് മനുഷ്യനിൽ ദൈവദത്തമായി അന്തർലീനമായതും പ്രായോഗികരംഗങ്ങളിൽ സന്ദർഭത്തിനനുസരിച്ചും ധൈഷണികാടിസ്ഥാനത്തിലും നടപ്പാക്കപ്പെടേണ്ടതുമാണ്. അവിടെ മൗലികവാദപരമായ നിലപാടുകൾക്ക് ഒട്ടും പ്രസക്തിയില്ല. ശരിയെന്തെന്ന് സ്വയം ബോധ്യപ്പെടുന്ന കാര്യങ്ങളിൽ ഏത് പ്രതികൂലാവസ്ഥയിലും, എത്ര പ്രലോഭനങ്ങളെ അതിജീവിച്ചും ആ ശരി തന്നെ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ് മതങ്ങളുടെ പങ്ക്. 

ഒരേ വിഷയത്തിൽ വിവിധ ഫത്‍വക്കാർ തമ്മിലുള്ള വൈരുധ്യം തന്നെ ഇത് തെളിയിക്കുന്നു. ശാസ്ത്രവിഷയങ്ങളെപ്പോലെ സർവ്വാംഗീകൃത മാനദണ്ഡങ്ങളില്ലാത്തതിനാൽ ഏകകണ്ഠമായ ഒരു പ്രതിവിധി ഫത്‍വകളുടെ കാര്യത്തിൽ സാധ്യമല്ല. ഒരു വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും, ഇവ രണ്ടിന്റെയും ഇടയിലുള്ളതുമെല്ലാം ഉത്തരം കിട്ടുകയും അതിനൊന്നിനും നിർബന്ധസ്വഭാവമില്ലെന്നു വരുകയും ചെയ്യുന്നത് ഫത്‍വകളുടെ അപ്രസക്തിയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇനി ഏകകണ്ഠമായ ഉത്തരം കിട്ടാവുന്ന വിഷയങ്ങളാകട്ടെ ഫത്‍വ ആവശ്യമില്ലാത്ത വിധം സ്പഷ്ടമായ ധാർമ്മികമൂല്യങ്ങൾ മാത്രമായിരിക്കുകയും ചെയ്യും. 

ഇനി അത്തരം കാര്യങ്ങൾ പോലും കണക്കിലെടുക്കുക. കള്ളം പറയൽ ഹറാമാണോ? ആണെന്ന് എല്ലാ ഫത്‌വക്കാരും യോജിച്ചേക്കാം. എന്നാൽ അത് പോലും സാന്ദർഭികമായി വിലയിരുത്തേണ്ടി വരുമെന്നതാണ് വസ്തുത. ഉദാഹരണത്തിന് ഒരു നിരപരാധിയായ മനുഷ്യൻ നിങ്ങളുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ടെന്ന് വിചാരിക്കുക. അയാളെ വധിക്കാൻ ഒരു അക്രമി വന്ന് അന്വേഷിച്ചാൽ നിങ്ങൾ സത്യം പറയണോ? സാഹചര്യങ്ങൾ വിലയിരുത്തി വേണം ഇക്കാര്യങ്ങളിൽ നിലപാടുകൾ സ്വീകരിക്കാനെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പ്രായോഗികരംഗങ്ങളിൽ മൗലികവാദമല്ല, മറിച്ച് മനുഷ്യനിൽ അന്തർലീനമായതും മതസംഹിതകൾ പരിപോഷിപ്പിക്കുന്നതുമായ ധാർമ്മികബോധം മാത്രമാണ് പ്രസക്തം എന്നാണ് ഇത് കാണിക്കുന്നത്. ബഹുഭൂരിപക്ഷം മുസ്ലിങ്ങളും ജീവിതത്തിൽ ഒരിക്കൽ പോലും ഫത്‍വ ചോദിക്കാത്തതിന് കാരണവും മറ്റൊന്നുമല്ല. 

അതിനാൽ ഫത്‍വകളെ പൗരോഹിത്യത്തിന്റെ തിരുശേഷിപ്പുകളായി ബഹിഷ്ക്കരിക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമുദായത്തിൽ കക്ഷിത്വം പടർത്തുന്നതിലും അവരെ ധൈഷണികമായി പുറകോട്ടടിക്കുന്നതിലും സാമുദായികസ്പർദ്ധ വളർത്തുന്നതിലും ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നതിലും ഫത്‍വകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഫത്‍വകൾ ബിദ്അത്ത് (നൂതനത്വം) ആണെന്നും അതിനാൽ ഫത്‍വാ സമ്പ്രദായം ഗർഹണീയമാണെന്നുമുള്ള മൗലാനാ വഹീദുദ്ദീൻ ഖാന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. പ്രായോഗികവിഷയങ്ങളിൽ മൗലികവാദം അടിച്ചേൽപ്പിക്കാനും മതപണ്ഡിതന്മാർക്ക് പൗരോഹിത്യത്തിന്റെ മേലങ്കിയണിയാനുമുള്ള ഒരു വാതായനമായാണ് ഫത്‍വകളെ വീക്ഷിക്കേണ്ടത്. എന്നാൽ സുന്നി ഇസ്ലാമിൽ അതിന് ഒരു പഴുതുമില്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

No comments:

Post a Comment