Friday, December 16, 2011

ആ പത്രാധിപരും പത്ര ഉടമയും!

കാരോളി

അത്യപൂർവ്വമെന്നും മാതൃകാപരമെന്നും ഘോഷിക്കപ്പെട്ട പത്രാധിപർ - പത്രമുടമ ബന്ധമാണ് വക്കം അബ്ദുൽ ഖാദിർ മൗലവിക്കും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളക്കും ഇടയിലുണ്ടായിരുന്നത്. കേരളത്തിന്റെ മതേതര പൈതൃകത്തിന് തന്നെ മുതൽക്കൂട്ടായി കണക്കാക്കപ്പെട്ടിരുന്ന ആ പാരമ്പര്യത്തിന്റെ യശസ്സിന് കോട്ടം തട്ടുന്ന ചില റിപ്പോർട്ടുകൾ നിർഭാഗ്യവശാൽ ഈയിടെ പുറത്ത് വരുകയുണ്ടായി.

2011 ഒക്ടോബർ 2 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എക്സ്ക്ലൂസീവായി വന്ന ചെറായി രാംദാസിന്റെ ലേഖനമാണ് ഇതിന് നിമിത്തമായത്. പുറംചട്ടയിൽത്തന്നെ “ആ പത്രാധിപരെ ആ പത്ര ഉടമ തള്ളിപ്പറഞ്ഞിരുന്നു” എന്ന് വെണ്ടക്ക അക്ഷരത്തിൽ കൊടുത്തിരുന്നതിന് പുറമെ “എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന് എന്ന് ആ പത്ര ഉടമ കള്ളം പറയുകയായിരുന്നോ” എന്ന പ്രമാദമായ ഒരു ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു.

ആ ചോദ്യത്തിൽത്തന്നെ അടങ്ങിയിരുന്ന വക്കം മൗലവിക്ക് നേരെയുള്ള ആക്രമണോൽസുകത ലേഖനത്തിലുടനീളം പ്രകടമാണ്. കേരള മുസ്ലിം നവോത്ഥാന നായകന്മാരിൽ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന വക്കം മൗലവിയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും നടത്തിയ ഈ പതിതമായ ശ്രമവും അതിനോട് മാതൃഭൂമിയുടെ തുടർലക്കങ്ങളിൽ സജീവമായി പ്രതികരിച്ച കേരളത്തിലെ മതേതര സമൂഹത്തിന്റെ ഇടപെടലും കൊണ്ട് ഈ സംവാദം ശ്രദ്ധിക്കപ്പെട്ടു.

മുസ്ലിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനായി വക്കം മൗലവി രാമകൃഷ്ണപ്പിള്ളയെ പത്രത്തിന്റെ ഭാരമേൽപ്പിച്ചതും അന്ന് നിലവിലുണ്ടായിരുന്ന രാജഭരണകൂടവുമായുള്ള രാമകൃഷ്ണപ്പിള്ളയുടെ “ധീരമായ പോരാട്ട”ത്തിന്റെ ഫലമായി പ്രസ്സ് കണ്ട് കെട്ടിയതും പത്രാധിപരെ നാട് കടത്തിയതും ചരിത്രമാണ്. ഇതേക്കുറിച്ചുള്ള പ്രസ്തുത ലേഖകന്റെ ഗവേഷണത്തിൽ സംസ്ഥാന സർക്കാരിന്റെ തിരുവനന്തപുരം നാളന്തയിലുള്ള പുരാരേഖാ ശേഖരത്തിൽ കണ്ടെത്തിയ വക്കം മൗലവിയുടെ തന്റെ പ്രസ്സ് തിരിച്ച് കിട്ടാൻ കൊടുത്ത ഹർജിയാണ് ആരോപണങ്ങളുടെ ഇതിവൃത്തം.

പ്രസ്സ് തിരിച്ച് കിട്ടാൻ വക്കം മൗലവി ഹർജി കൊടുത്തത് തന്നെ മഹാഅപരാധമായി കണക്കാക്കുന്ന ലേഖകന് ഹർജി കൊടുത്ത വിവരം മൗലവി രേഖാമൂലം രാമകൃഷ്ണപ്പിള്ളയെ അറിയിച്ചിരുന്നതായി സമ്മതിക്കേണ്ടി വരുന്നുണ്ട്. പക്ഷെ പ്രസ്തുത ഹർജിയിൽ വക്കം മൗലവി രാമകൃഷ്ണപ്പിള്ളയെ “തള്ളിപ്പറഞ്ഞു”വെന്നതാണ് ആരോപണത്തിന്റെ കുന്തമുന. പത്രാധിപരുടെ ചെയ്തികൾക്ക് താൻ ഉത്തരവാദിയല്ലെന്ന് മൗലവി ഹർജിയിൽ സാക്ഷ്യപ്പെടുത്തിയതാണ് ഇതിന് കാരണം. അതായത് രാജഭരണം നില നിന്നിരുന്ന ഒരു കാലത്ത് രാജ്യദ്രോഹക്കുറ്റത്തിന് പുറത്താക്കപ്പെട്ട പിള്ളയെ ന്യായീകരിച്ച് വേണമായിരുന്നു മൗലവി ഹർജി കൊടുക്കാനെന്നാണ് ലേഖകന്റെ പിടിവാശി! ഊഹാപോഹങ്ങൾ നിറഞ്ഞ ലേഖകന്റെ ആരോപണങ്ങൾക്കൊടുവിൽ രാമകൃഷ്ണപിള്ള മരണമടഞ്ഞത് പോലും ഈ “തള്ളിപ്പറയലിന്റെ” ആഘാതത്തിലായിരുന്നുവെന്ന് വരെ തട്ടിമൂളിക്കുന്നുണ്ട്.

അതോടൊപ്പം ഒരു ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടുപിടുത്തവും ലേഖകൻ നടത്തുന്നുണ്ട്. ആർക്കൈവ്സ് രേഖകൾ പ്രകാരം 17.09.1907 മുതൽ പത്രത്തിന്റെ ഉടമയും രാമകൃഷ്ണപിള്ളയായിരുന്നു. വക്കം മൗലവി കേവലം പ്രസ്സുടമയായിരുന്നുവത്രേ. തന്റെ പത്രത്തിൽ എന്ത് അച്ചടിക്കാനും പിള്ളക്ക് നിയമപരമായി മറ്റാരുടേയും അനുമതി വേണ്ടായിരുന്നു എന്നു ചുരുക്കം. (അപ്പോൾ പിന്നെ പ്രസ്സ് തിരിച്ച് കിട്ടാൻ വക്കം മൗലവിക്ക് രാമകൃഷ്ണപ്പിള്ളയെ “തള്ളിപറയേണ്ട” കാര്യമെന്തെന്ന് ലേഖകൻ വ്യക്തമാക്കുന്നില്ല.)


എന്നാൽ വസ്തുതകളുടെ നിജസ്ഥിതി മാതൃഭൂമിയുടെ തുടർലക്കങ്ങളിൽ ബി.ആർ.പി ഭാസ്ക്കർ, ഡോ.എൻ.എ.കരീം, ഡോ. എം.എസ്.ജയപ്രകാശ് തുടങ്ങിയവരുടെ പണ്ഡിതോചിതവും നിഷ്പക്ഷവുമായ പ്രതികരണങ്ങളിലൂടെ പുറത്ത് വന്നു. പത്രാധിപരായി വന്നയാൾ ഉടമയും കൂടിയായിത്തീർന്ന കടുത്ത വിശ്വാസ വഞ്ചനയുടെയും വൻചതിയുടേയും രഹസ്യമാണ് യഥാർത്ഥത്തിൽ ലേഖകന്റെ രേഖകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് “ആ പത്രാധിപരാണ് പത്ര ഉടമയെ വഞ്ചിച്ചത്” എന്ന തന്റെ പ്രതികരണത്തിൽ ഡോ.എം.എസ്.ജയപ്രകാശ് സമർത്ഥിക്കുന്നു. (മൗലവിയെ ക്രൂശിക്കാനുള്ള അമിതാവേശത്തിൽ ലേഖകൻ ആ സാധ്യത തീരെ പരിഗണിച്ചില്ലെന്ന് വ്യക്തമാണ്.) അന്യ മതസ്ഥനും ജാതിക്കാരനുമായിട്ടും സവർണ്ണാധിപത്യം കൊടി കുത്തി വാഴുന്ന കാലമായിട്ടും സവർണ്ണ സമുദായക്കാരനായ രാമകൃഷ്ണപ്പിള്ളയിൽ മൗലവി പൂർണ്ണ വിശ്വാസമർപ്പിക്കുകയായിരുന്നു.

മുസ്ലിങ്ങളുടെ അഭിവൃദ്ധി പിള്ള നടപ്പിലാക്കുമെന്ന ഉത്തമ വിശ്വാസമാണ് മൗലവിക്കുണ്ടായിരുന്നത്. എന്നാൽ പത്രമുടമയുടെ ലക്ഷ്യത്തെയും കടമയെയും നിർലജ്ജം തള്ളിക്കളഞ്ഞു കൊണ്ട് പത്രത്തെ തന്റെ സ്വാർത്ഥമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് രാമകൃഷ്ണപ്പിള്ള ചെയ്തത്. മൗലവി സ്വപ്നം കണ്ട സമുദായ അഭിവൃദ്ധിയും മതതത്വ പ്രചാരണവും അത് വഴി നിലച്ചു പോയി. മൗലവിയും പിള്ളയും തമ്മിലുണ്ടായിരുന്ന കരാറിന്റെ പ്രധാന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽത്തന്നെയായിരുന്നു മൗലവിയുടെ ഹർജിയെന്നും ഡോ.എം.എസ്.ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

രാമദാസ് തെറ്റിദ്ധരിച്ചത് പോലെ പിള്ളക്ക് “പൊരുതാ”നായിരുന്നില്ല മൗലവി പത്രം തുടങ്ങിയത്. പത്രത്തിന്റെ ലക്ഷ്യവുമായി ബന്ധമില്ലാത്ത കാര്യത്തിൽ ഭരണകൂടത്തെ നെറികെട്ട രീതിയിൽ ആക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതാണ് പത്രം അടച്ച് പൂട്ടലിലേക്ക് നയിച്ചത്. അത് മാത്രമല്ല പൊതുവെ പ്രചരിപ്പിക്കപ്പെടുന്നത് പോലെ അതിന്റെ യഥാർത്ഥ പ്രചോദനം അഴിമതിക്കും സദാചാരമൂല്യത്തകർച്ചക്കും എതിരായ പോരാട്ടമായിരുന്നില്ലെന്നും മറിച്ച് രാമകൃഷ്ണപ്പിള്ളയുടെ മുസ്ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്ക് ഭരണകൂടം കൈക്കൊണ്ട അനുകൂല നിലപാടുകളോടുള്ള അസഹിഷ്ണുതയായിരുന്നുവെന്നും ബി.ആർ.പി ഭാസ്ക്കർ, ഡോ. എം.എസ്.ജയപ്രകാശ് എന്നിവർ വ്യക്തമാക്കുന്നു.

അന്നത്തെ രാജാവായിരുന്ന ശ്രീമൂലത്തേയും ദിവാനായിരുന്ന രാജഗോപാലാചാരിയേയും തികച്ചും ആഭാസകരമായ രീതിയിലാണ് പിള്ള ആക്ഷേപിച്ചു കൊണ്ടിരുന്നത്. ഇതിന്റെ പേരിലാണ് പിള്ള നാടു കടത്തപ്പെട്ടത്. ഈഴവർക്കും മുസ്ലീങ്ങൾക്കും മുക്കുവർക്കും പട്ടികജാതിക്കാർക്കും മുമ്പെങ്ങും ഉണ്ടാകാത്ത തരത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി ഉയരാനുള്ള സാഹചര്യമുണ്ടാക്കിയ ആളാണ് ദിവാൻ രാജഗോപാലാചാരി. വക്കം മൗലവിയുടെ തന്നെ പരിശ്രമം ഇതിന് പിന്നിലുണ്ട്. അതേ ഭരണാധികാരികളെയാണ് പിള്ള മൗലവിയുടെ പത്രത്തിൽ നിന്ദ്യമായി ആക്ഷേപിച്ചത്.

പിന്നോക്ക വിഭാഗങ്ങൾക്ക് വഴി നടക്കാനും സ്ക്കൂൾ പ്രവേശനത്തിനും വിപ്ലവകരമായ നടപടികളെടുത്തയാളായിരുന്നു ദിവാൻ. പിന്നോക്ക വിഭാഗങ്ങളിലെയും മുന്നോക്ക വിഭാഗങ്ങളിലെയും കുട്ടികൾ ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെതിരെ രാമകൃഷ്ണപ്പിള്ളയുടെ പ്രതികരണം  “പോത്തിനേയും കുതിരയേയും ഒരേ നുകത്തിൽ കെട്ടാനാകുമോ?” എന്നായിരുന്നു!

അങ്ങനെയുള്ള രാമകൃഷ്ണപ്പിള്ളയെ മഹത്വവൽക്കരിക്കാനും വക്കം മൗലവിയെ ഇകഴ്ത്താനുമുള്ള രാമദാസിന്റെ ശ്രമം തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അതോടൊപ്പം കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിലെ ഒരു മഹദ് സംരംഭത്തിന്റെ ദുരന്തപൂർണ്ണമായ പര്യവസാനത്തിന്റെ അടിയൊഴുക്കുകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

No comments:

Post a Comment