Monday, November 7, 2011

അന്നഹ്ദയുടെ വിജയം ആഘോഷിക്കണോ?

കാരോളി

തുണീഷ്യയിലെ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴും അലയടിച്ച് കൊണ്ടിരിക്കുന്ന അറബ് ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നല്ലോ തുണീഷ്യ. കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇസ്ലാമിസ്റ്റ് പാർട്ടിയായ അന്നഹ്ദ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് “അറബ് വസന്ത”ത്തെ ഏത് ദിശയിലേക്ക് കൊണ്ട് പോകുമെന്ന് കണ്ടറിയണം.

തുണീഷ്യയിലെ ഏകാധിപതിയായിരുന്ന സൈനുൽ ആബിദീനെ തുരത്തിയ തുണീഷ്യൻ വിപ്ലവത്തിന് തികച്ചും മതേതര അടിത്തറയാണുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. മുഹമ്മദ് ബൂഅസീസി എന്ന ഹതാശനായ ചെറുപ്പക്കാരന്റെ ആത്മഹത്യ ഉണ്ടാക്കിയ ജനരോഷമാണ് വിപ്ലവത്തിന് തിരി കൊളുത്തിയത്. രാജ്യത്ത് നടമാടിയിരുന്ന ഏകാധിപത്യം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളാണ് അതിന് ഹേതുവായത്. ഇതിൽ മതപാർട്ടികൾക്ക് ഒരു പങ്കും അവകാശപ്പെടാനില്ല. പതിറ്റാണ്ടുകളായി നിരോധിക്കപ്പെടുകയും നേതാക്കൾ ഒളിവിലും പ്രവാസത്തിലുമൊക്കെയായി കഴിയുന്ന അന്നഹ്ദക്ക് അത് തീരെ ഇല്ല എന്നതാണ് വസ്തുത.

എന്നാൽ “മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി” എന്ന് പറഞ്ഞത് പോലെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തത് അന്നഹ്ദ തന്നെയാണ്.  40% ത്തോളം വോട്ട് നേടിയ അന്നഹ്ദക്ക് ആഘോഷിക്കാൻ വകയുണ്ടെങ്കിലും രാജ്യത്തിന്റെ പൊതുതാൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ യോജിക്കാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന ഈ ഘട്ടത്തിലും തുണീഷ്യൻ ജനതയെ ആദർശത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരുത്തുകയും ചെയ്തു എന്നതാണ് അവരുടെ യഥാർത്ഥ “സംഭാവന”. ഇത് ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

രാഷ്ട്രീയത്തിൽ പൊതുതാൽപ്പര്യങ്ങളല്ലാതെ ദർശനം കൂട്ടി കലർത്തുന്നതിന്റെ പരിണിത ഫലമാണ് ഇത്. എന്നാൽ കൂടുതൽ വലിയ ദുരന്തം സംഭവിക്കുന്നത് ആദർശ രംഗത്ത് തന്നെയാണ്. അധികാരത്തിലേക്കെത്തിപ്പെടാൻ അന്നഹ്ദ തയ്യാറായിട്ടുള്ള ഒരു ഇസ്ലാമിക പാർട്ടിക്ക് ചേരാത്ത “വിട്ടു വീഴ്ച്ചകൾ” തന്നെയാണ് ഇതിൽ ഏറ്റവും ജുഗുപ്ത്സാവഹം.

രണ്ട് സെക്കുലർ പാർട്ടികളുടെ പിന്തുണയോടെയാണ് അന്നഹ്ദ സർക്കാരുണ്ടാക്കാനൊരുങ്ങുന്നത്. രാജ്യത്ത് ഇസ്ലാമിക നിയമം നടപ്പാക്കുകയില്ലെന്ന് അന്നഹ്ദ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമാക്കില്ല. ഒരു മുഖ്യ വരുമാന മാർഗ്ഗമായ വിനോദ സഞ്ചാരികൾക്ക് മദ്യത്തിനോ രാജ്യത്തിന്റെ മെഡിറ്ററേനിയൻ കടൽത്തീരങ്ങളിൽ ബിക്കിനി ധരിക്കുന്നതിനോ  മുട്ടുണ്ടാവില്ല. ഇസ്ലാമിക ബാങ്കിംഗ് നിയമങ്ങൾ നടപ്പാക്കി നിക്ഷേപകരെ പിണക്കുന്ന പ്രശ്നവുമില്ല. പാർട്ടിയുടെ ഒരു പ്രമുഖ വനിതാ സ്ഥാനാർത്ഥി – ഇവർ ശിരോവസ്ത്രം ധരിക്കാറില്ല – ഇലക്ഷൻ റാലിയിൽ പോപ്പ് മ്യൂസിക്ക് പാടിത്തകർത്താണ് പാർട്ടിയുടെ “ഉദാര സ്വഭാവം” പ്രകടമാക്കിയത്.

വീണ് കിട്ടിയ സൗഭാഗ്യം കൈവിട്ട് പോകാതിരിക്കാൻ രണ്ടും കല്പിച്ചാണ് “ഇസ്ലാമിക പാർട്ടി”യുടെ നിൽപ്പെന്ന് വ്യക്തം. മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ-പ്രായോഗിക രംഗങ്ങളിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് വൈകിയെങ്കിലും ഇസ്ലാമിസ്റ്റ് പാർട്ടികൾ മനസ്സിലാക്കിത്തുടങ്ങിയത് നന്നായി. പക്ഷെ ഇവിടെ ആദർശപരമായ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്.

അന്നഹ്ദയുടെ പോളിസികൾക്ക് സെക്കുലർ പാർട്ടികളുമായി എന്താണ് വ്യത്യാസം? ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പാർട്ടി എങ്ങനെയാണ് “ഇസ്ലാമിക പാർട്ടി”യാകുന്നത്? സെക്കുലർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കുക വഴി സെക്കുലരിസത്തെ അംഗീകരിക്കുകയല്ലേ അവർ ചെയ്യുന്നത്. മതത്തിന്റെ പേരിൽ വോട്ട് പിടിക്കുകയും അധികാരത്തിലേക്കെത്തിക്കിട്ടാൻ സെക്കുലരിസവുമായി രാജിയാവുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

ഇത്തരം വിട്ടുവീഴ്ച്ചകളൊക്കെ അനുവദിക്കാമെങ്കിൽ ഒരു സെക്കുലർ പാർട്ടി അധികാരത്തിലിരിക്കുന്നതായിരുന്നില്ലേ ഭേദം? ഇസ്ലാമിന്റെ പേരിൽ പാർട്ടിയുണ്ടാക്കുകയും വോട്ട് പിടിക്കുകയും എന്നാൽ മദ്യം, പലിശ, പോപ്പ് സംഗീതം, ബിക്കിനി വിഷയങ്ങളിലെല്ലാം വിട്ട് വീഴ്ച്ചകൾ ചെയ്യുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ ഇസ്ലാമിന് തന്നെ അപമാനമല്ലേ?അപ്പോൾ വിട്ട് വീഴ്ച്ചയില്ലാത്തത് അധികാരത്തിന്റെ കാര്യത്തിൽ മാത്രമാണോ? അതിനർത്ഥം “ഇസ്ലാമിക രാഷ്ട്രീയം” മുല്ലമാരുടെ അധികാര രാഷ്ട്രീയം മാത്രമാണ് എന്നാണോ?

രാഷ്ട്രീയത്തിൽ ഇത്തരം വിട്ട് വീഴ്ച്ചകൾ ചിലപ്പോൾ അനിവാര്യമായി വരും എന്നത് അംഗീകരിക്കുന്നു. പക്ഷേ മതസംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നതിന്റെ അപ്രസക്തിയും അനഭിലഷണീയതയുമാണ് ഇവിടെ പ്രകടമാകുന്നത്. മതസംഘടനകൾ വാക്കിലും പ്രവർത്തിയിലും അവരുടെ ആദർശത്തിന്റെ സമ്പൂർണ്ണ മാതൃകകളാകേണ്ടതുണ്ട് – പൊതുരംഗത്ത് അവ പ്രായോഗികമല്ലെങ്കിൽ പോലും. മതവും രാഷ്ട്രവും വേർപെടുന്നത് അവിടെയാണ് – അത് തത്വവും പ്രയോഗവും തമ്മിൽ അനിവാര്യമായി ഉണ്ടായേക്കാവുന്ന ഒരു വേർപിരിയലാണ്; അല്ലാതെ അത് രാഷ്ട്രീയത്തിൽ മതത്തിന്റെ അപ്രസക്തിയെയല്ല ധ്വനിപ്പിക്കുന്നത്. ആ വേർപിരിയൽ അംഗീകരിച്ചില്ലെങ്കിൽ അന്നഹ്ദയുടെ കാര്യത്തിലെന്ന പോലെ ആദർശത്തിൽ വിട്ട് വീഴ്ച്ച ചെയ്യേണ്ടി വരും.

അന്നഹ്ദക്ക് വോട്ട് ചെയ്യാത്തവർ എല്ലാം ഇസ്ലാം വിരോധികളാണെന്നും തെറ്റിദ്ധരിക്കേണ്ടതില്ല. തുർക്കിയിലെ ഏകാധിപതിയായിരുന്ന കമാൽ അത്താതുർക്കിനെ പോലുള്ള ഇസ്ലാം വിരുദ്ധർ “സെക്കുലർ” ആയി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സെക്കുലരിസം വലിയൊരളവിൽ തെറ്റിദ്ധരിപ്പിക്കപ്പെടാനിടയായിട്ടുണ്ടെന്നതാണ് വസ്തുത. ഇത് മറികടക്കാനും സമൂഹത്തിന്റെ പൊതുതാൽപ്പര്യങ്ങൾ പ്രതിനിധീകരിക്കാനും സെക്കുലർ വിഭാഗത്തിന്റെ കൂടുതൽ ക്രിയാത്മകവും ധൈഷണികവുമായ ഇടപെടലാണ് കാലം തേടുന്നത്.

No comments:

Post a Comment