Wednesday, September 28, 2011

ജനിക്കാനുള്ള അവകാശം സംരക്ഷിക്കുക!
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ വനിതാ-ബാല ക്ഷേമ സമിതി സർക്കാറിന് സമർപ്പിച്ച ബില്ലിലെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ശുപാർശകൾ വിവാദമായിരിക്കുകയാണല്ലോ. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ പിഴ ഒടുക്കണമെന്നും അവർ ആനുകൂല്യങ്ങൾക്ക് അർഹരല്ലെന്നുമൊക്കെ ഉള്ള തുഗ്ലക്ക് പരിഷ്ക്കാരങ്ങളാണ് ബില്ലിന്റെ കാതൽ.

ബില്ലിലെ ശുപാർശകളുടെ പ്രത്യാഘാതങ്ങൾ സങ്കൽപ്പിക്കാവുന്നതേയുള്ളു. കുട്ടികളുണ്ടായാൽ മാതാപിതാക്കളെ തടവിലിടുകയും പിഴ ചുമത്തുകയും ചെയ്യുന്നതിനെ കാടത്തരമെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക? (ഉണ്ടാകുന്ന കുട്ടികളെക്കൂടി ശിക്ഷിക്കാൻ വകുപ്പ് പറയാഞ്ഞത് ഭാഗ്യം!) ഇവിടെ ധാർമ്മികതയുടെ ഒരു ചോദ്യമുയരുന്നുണ്ട്. ഈ ഭൂമിയിൽ ജീവിക്കാൻ നമുക്ക് അവകാശമുള്ളത് പോലെ ഭാവി തലമുറക്കും അവകാശമില്ലേ? ശിശുക്കളുടെ ക്ഷേമത്തിന് അവരുടെ പിറക്കാനുള്ള അവകാശം തന്നെ നിഷേധിക്കുകയെന്നതിന്റെ യുക്തിയെന്താണ്?

രണ്ടു കുട്ടികളിലധികം ജനിക്കുന്ന മാതാപിതാക്കൾക്ക് പതിനായിരം രൂപ പിഴയും മൂന്നു വർഷം കഠിന തടവും ശിപാർശ ചെയ്യുന്നതാണ് ബിൽ. ഇക്കണക്കിന് ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾ ജനിച്ചാലും അവർ ശിക്ഷാർഹരാവുകയില്ലേ? തടവും ശിക്ഷയും കുട്ടികളുടെ അമ്മയ്ക്കാണോ പിതാവിനാണോ അതോ രണ്ട് പേർക്കും കൂടിയാണോ? ഏറ്റവും വലിയ വൈചിത്ര്യം ഈ ഉട്ടോപ്യൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് നിയമത്തിന്റെയും   ന്യായത്തിന്റെയും മനുഷ്യാവകാശങ്ങളുടെയുമെല്ലാം അവസാന വാക്കായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരാണ് എന്നതാണ്! കൃഷ്ണയ്യരെ പോലുള്ള വയോധികരെ ഇനിയെങ്കിലും ഇത് പോലുള്ള ഗൗരവമായ ജോലികളേൽപ്പിക്കാതെ സ്വസ്ഥമായി കഴിയാൻ അനുവദിക്കാൻ ഭരണകർത്താക്കൾ സന്മനസ്സ് കാണിക്കേണ്ടതുണ്ട്.

ഗർഭഛിദ്ര സംവിധാനം ഉദാരമാക്കണമെന്ന ബില്ലിലെ നിർദ്ദേശം ധാർമ്മികത തകർക്കുന്നതും സദാചാര ലംഘനത്തിന് അവസരമൊരുക്കുന്നതുമാണ്. പെൺ ഭ്രൂണഹത്യക്ക് നിയമത്തിന്റെ മൗനാനുവാദം നൽകുന്നത് കൂടിയായിരിക്കും ഇത്. മാത്രമല്ല, ഗർഭഛിദ്രം ഏറ്റവുമധികം ബാധിക്കുന്നതും സ്ത്രീ സമൂഹത്തെയായിരിക്കുമെന്നത് അനുഭവജ്ഞാനമാണ് (ചൈനയിൽ സംഭവിച്ചത് അതാണ്). അണുകുടുംബങ്ങളിൽ വ്യാപകമാകുന്ന അരക്ഷിതാവസ്ഥയും ജീവിത നൈരാശ്യവും സാമൂഹ്യ പ്രശ്നങ്ങളായി വളർന്നു വരുന്നതും നാം തിരിച്ചറിയണം.

മാനുഷിക മൂല്യങ്ങളുടെയും  വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമൊക്കെ കാര്യം പോകട്ടെ, മനുഷ്യ വിഭവ ശേഷിയുടെ പ്രാധാന്യം ലോകരാഷ്ട്രങ്ങൾ-ചൈന പോലും - തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കിയ പല ലോക രാഷ്ട്രങ്ങളും മനുഷ്യ വിഭവ ശേഷിയുടെ കുറവ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കര കയറാൻ ജനസംഖ്യാ വർധനവിന് വേണ്ടി ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പാട് പരിമിതികളുണ്ടെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും വളർച്ചക്ക് പ്രധാന ഇന്ധനം മനുഷ്യ വിഭവ ശേഷി തന്നെയാണ്. ആഗോള സാമ്പത്തിക മാന്ദ്യം ഈ രാജ്യങ്ങളെ അധികം ബാധിക്കാഞ്ഞതും ഇതേ കാരണത്താലാണ്. രാഷ്ട്ര വിഭവങ്ങളുടെ നീതിപൂർവ്വകമായ വിതരണം സാധ്യമാക്കുന്നതിന് പകരം ജനസംഖ്യാനിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ദാരിദ്ര്യത്തിന് പരിഹാരമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ജനങ്ങളുടെ ആധിക്യമാണ്  ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രശ്നങ്ങളെന്ന് പ്രചരിപ്പിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ ഇന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. ആധുനിക വിജ്ഞാനത്തിന്റെ സാർവ്വത്രിക പ്രചാരണത്തോടെ തലയെണ്ണം കൂടുതലുള്ള രാജ്യങ്ങൾ ലോകത്തിന്റെ നിയന്ത്രണം കൈക്കലാക്കുമെന്നും തങ്ങളുടെ ആധിപത്യം അവസാനിക്കുമെന്ന ആശങ്ക അവർക്കുണ്ടായിരുന്നു. (അതാണല്ലോ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും.) എന്നാൽ വേട്ടക്കാരുടെ പല്ലവി തന്നെ ഇപ്പോഴും നാം ആവർത്തിക്കണോ? 2050 ഓടെ ഇന്ത്യ ലോകത്തെ വൻശക്തിയാകുമെന്നാണ് ആഗോള നിരീക്ഷകരുടെ പ്രവചനമെന്നിരിക്കെ ജനപ്പെരുപ്പമാണ് രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതെന്ന വാദം നിരർഥകമാണ്.

മനുഷ്യ ശേഷി വിഭവത്തെ ഏറ്റവും ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. ചന്ദ്രനിൽ പോലും ആദ്യം എത്തി കഴിവ് തെളിയിച്ചവരാണ് മലയാളികൾ. എന്നാൽ ജനസംഖ്യാ വിരോധികളുടെ ശ്രമഫലമായാവാം കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളത്തിന്റെ ജനസംഖ്യാ വർധനവിൽ കുറവ് വന്നിട്ടുണ്ട്. അതിന്റെ തിക്തഫലവും നാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ കേരളത്തിലെ പല പ്രമുഖ നഗരങ്ങളുടെയും പൊതുനിരത്തുകളിൽ പോലും മലയാളിയെ കാണണമെങ്കിൽ തിരഞ്ഞ് നടക്കേണ്ട അവസ്ഥയാണ്. അന്യ സംസ്ഥാനക്കാരായ തൊഴിലാളികളുടെ വൻതോതിലുള്ള കുടിയേറ്റത്തിന്റെ ഫലമായുണ്ടാകുന്ന സാംസ്ക്കാരികവും ക്രമസമാധാനപരവുമായ പ്രശ്നങ്ങളും വേണ്ടുവോളമുണ്ട്. ജനസംഖ്യ കുറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കാണുന്നില്ലെന്നർത്ഥം. ജനസംഖ്യ ഇനിയും കുറഞ്ഞാൽ ഇതൊരു സ്ഥായിയായ പ്രതിഭാസമാകുമെന്ന് നാം ഭയപ്പെടേണ്ടതുണ്ട്. ചുരുങ്ങിയത് അന്യസംസ്ഥാനക്കാരേക്കാൾ ഭേദമല്ലേ നമുക്ക് മലയാളികളെന്നെങ്കിലും നമ്മുടെ ജനസംഖ്യാ വിരോധികൾക്ക് കരുതിക്കൂടേ

അതേ സമയം ഇതൊരു മതപരമായ പ്രശ്നമായി ഉയർത്തിക്കാട്ടിയുള്ള മുസ്ലിം ലീഗുൾപ്പെടെയുള്ളവരുടെ നീക്കം അനാവശ്യമായിപ്പോയെന്ന് പറയാതെ വയ്യ. മതസംഘടനകൾ അങ്ങനെ പറയുന്നത് മനസ്സിലാക്കാം, പക്ഷെ സെക്കുലർ പാർട്ടികളെന്ന് അവകാശപ്പെടുന്നവരെങ്കിലും ഇക്കാര്യത്തിലെ ശാസ്ത്രീയ-പ്രായോഗിക-സദാചാര മാനങ്ങളായിരുന്നു ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്.  ബില്ലിലെ നിർദ്ദേശങ്ങൾ മതവിരുദ്ധമെന്നതിലുപരിയായി ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. ഇക്കാര്യത്തിലെ ശാസ്ത്രീയ-പ്രായോഗിക-സദാചാര മാനങ്ങൾ മതമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നിരിക്കെ ഇതൊരു ശരീഅത്ത് വിഷയം മാത്രമായി ഒതുക്കിക്കളയുന്നത് പ്രശ്നത്തിന്റെ ഗൗരവവും പൊതുസ്വഭാവവും കുറക്കാൻ മാത്രമേ സഹായിക്കൂ.

No comments:

Post a Comment