Friday, September 9, 2011

പുസ്തക പരിചയം: മതസംഘടനകൾ എന്ന ബിദ്അത്ത്കാരോളി

വർത്തമാന കാലത്ത് മുസ്ലിം സമുദായം പേറുന്ന ഒരു സാമൂഹിക യാഥാർത്ഥ്യമാണ് മതസംഘടനകൾ. മതസംഘടനകൾ എന്നതിന് പകരം “മത ഭിന്നതകൾ” എന്ന പേരായിരിക്കും അവർക്ക് ചേരുക. വേറെ വേറെ നേതൃത്വം, തങ്ങളുടേതായ പള്ളികൾ, സ്വന്തം ഈദ്ഗാഹ്, ഗ്രൂപ്പ് തിരിഞ്ഞ് ഹജ്ജ്, സക്കാത്ത് ശേഖരണ-വിതരണം വെവ്വേറെ, നോമ്പു തുറ പ്രത്യേകം പ്രത്യേകം, വിവാഹത്തിലും വിവാഹപ്പരസ്യത്തിലും പോലും സംഘടനാ ചേരിതിരിവ് എന്നിങ്ങനെ ഇസ്ലാമിനേയും മുസ്ലീങ്ങളേയും വീതം വെക്കാൻ വെമ്പൽ കൊള്ളുന്ന മതസംഘടനകളാണ് മുസ്ലിം സമുദായം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുരോഹിതന്മാരെ ആരാധ്യരാക്കുന്നതിന് ഖുർആൻ വേദക്കാരെ വിമർശിക്കുന്നുണ്ട് (9:31). അവരെ നേരിട്ട് ആരാധിക്കുന്നതല്ല, മറിച്ച് നന്മതിന്മകൾ സ്വാഭീഷ്ടപ്രകാരം കല്പിക്കാനുള്ള അവകാശം അവർക്ക് വകവെച്ചു കൊടുക്കുന്നതാണ് ഇത് കൊണ്ട് കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്ന് ഹദീസിൽ വിശദീകരണമുണ്ട്. നന്മതിന്മകൾ സമ്പൂർണ്ണമായി വേദഗ്രന്ഥത്തിൽ വ്യവച്ഛേദിക്കപ്പെട്ടിരിക്കെയാണ് ഇത്. അടിസ്ഥാനപരമായി പൗരോഹിത്യം അഥവാ മതപണ്ഡിതന്മാർ രാഷ്ട്രീയത്തിലിടപെടുന്നതാണ് ഇവിടെ  എതിർക്കപ്പെടുന്നത്. വേദഗ്രന്ഥത്തിന്റെ അനുയായികൾ കക്ഷികളായി, പാർട്ടികളായി വിഘടിക്കുന്നതിനെതിരെയുള്ള ഖുർആൻ വിമർശനവും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. അത്തരം ഭിന്നതകളുടെ മുഖ്യ ഉറവിടം ഈ പറഞ്ഞ പൗരോഹിത്യമാണെന്നത് സാമാന്യ യുക്തിയാണ്.

ഇന്ന് ഇസ്ലാമിൽ ഈ പറഞ്ഞ പൗരോഹിത്യത്തിന്റെ റോൾ വഹിക്കുന്നത് മതസംഘടനകളാണെന്ന് നിരീക്ഷിക്കാനാകും. “ഇപ്പോഴത്തെ കൊടിയ ശിർക്ക് സംഘടനകളാണ്, അതായത് സംഘടനാ സർക്കുലറുകളെ ദീനാക്കുന്ന പ്രവണത” യെന്ന് പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. വി.മുഹമ്മദ് സാഹിബ് ഒരിക്കൽ പറഞ്ഞത് അനുദിനം കൂടുതൽ പ്രസക്തമായി വരുന്നു.

മതസംഘടനകൾ പ്രതിനിധീകരിക്കുന്ന ഭിന്നതകളെ അപലപിക്കുകയും ആശയപരമായി അപഗ്രഥിക്കുകയും ചെയ്യുന്ന കൃതിയാണ് ഹുസൈൻ ബദ്‍രി രചിച്ച “മതസംഘടനകൾ  എന്ന ബിദ്അത്ത്”. (ഇഹ്‍യാഉസ്സുന്ന പബ്ലിക്കേഷൻസ്)

പുസ്തകത്തിന്റെ ആമുഖത്തിൽ “മതസംഘടനകൾ” എന്നത് കൊണ്ട് ഉദ്ദ്യേശിക്കുന്നത് ചാരിറ്റബിൾ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്മറ്റികൾ, കലാസാംസ്ക്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയല്ലെന്നും അവയൊന്നും denomination (മതവിഭാഗം), religious sect (മതശാഖ) തുടങ്ങിയവ അല്ല എന്നും വ്യക്തമാക്കുന്നുണ്ട്. താത്വികമായി പ്രസാധകർ മത-ശാസ്ത്ര വിഭജനം അംഗീകരിക്കുന്നുണ്ടെന്നർത്ഥം.

മുസ്ലിം എന്നതിന്റെ നിർവ്വചനം ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു. “മുസ്ലിം” എന്നത് അല്ലാഹു വളരെ വിശാലമാക്കിയ ഒരു സംജ്ഞയാണെന്നും അതിനെ കുടുസ്സാക്കാനുള്ള ഏതൊരു നീക്കവും അപലനീയമാണെന്നും വാദിക്കുന്നു. നബി പറഞ്ഞു: “നാം നിസ്ക്കരിക്കുന്നത് പോലെ നിസ്ക്കരിക്കുകയും നമ്മുടെ ഖിബ്‍ലയെ അഭിമുഖീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാണ് മുസ്ലിം (ബുഖാരി)” താൻ മുസ്ലിമാണെന്ന് ഒരാൾ അവകാശപ്പെട്ടാൽ ഈ ഹദീസിൽ പറയുന്ന മാനദന്ധത്തിന്റെ അടിസ്ഥാനത്തിൽ അത് അംഗീകരിക്കുകയല്ലാതെ, അതിൽ കൂടുതൽ ബോധ്യപ്പെടുത്തേണ്ടതില്ല.

സംഘടനകളുടെ ദൗത്യം “സമുദായ സംസ്ക്കരണ”മാണെന്ന വാദത്തെ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. അവനവന്റെ പരിമിതികളെയും ന്യൂനതകളെയും കുറിച്ചുള്ള സജീവവും നിതാന്തവുമായ തിരിച്ചറിവാണ് യാഥാർത്ഥ സംസ്ക്കരണത്തിലൂടെ ഉണ്ടാകേണ്ടത്. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് പടുജാഹിലുകൾ പോലും സംഘടനയിൽ ചേരുന്നതോടെ തങ്ങൾ ഏതോ ഉന്നതമായ “ദറജ”യിലാണ് സംഘടനാപ്രവേശത്തിലൂടെ എത്തിച്ചേർന്നതെന്നും, “വാഴ്ത്തപ്പെട്ട” വിശുദ്ധരുടെ ഗണത്തിൽ പെട്ടു കഴിഞ്ഞെന്നും ധരിച്ചു വശാകുന്നുണ്ടെന്നും ഗ്രന്ഥകാരൻ വാദിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: “നിങ്ങൾ നിങ്ങളെ സ്വയം പരിശുദ്ധരായി ഗണിക്കരുത്. സൂക്ഷ്മതയുള്ളവരാരെന്ന് അല്ലാഹുവിനാണ് അറിയാവുന്നത്  (നജ്മ്-32)” എന്നാൽ സംഘടനാ പ്രഭൃതികളെ സംബന്ധിച്ചിടത്തോളം ഒരാൾ സ്വീകാര്യനോ അസ്വീകാര്യനോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം അയാൾ തങ്ങളുടെ സംഘടനക്കാരനാണോ എന്നുള്ളത് മാത്രമാണ്. യാഥാസ്ഥിതിക-ഉൽപതിഷ്ണു ഭേദമെന്യേ സകല സംഘടനാ ഭ്രമക്കാരും തങ്ങളുടെ അണികൾക്ക് കൊടുക്കുന്ന സംസ്ക്കരണം ഫലത്തിൽ ഒരു തരം അപമാനവീകരണമാണ്. ഒരാൾ സംഘടനയുടെ ഭാഗമായിത്തീരുന്നതോടെ താൻ സ്നേഹാദരങ്ങളോടെ ഇത് വരെ കണ്ടിരുന്ന മാതാപിതാക്കൾ, ഗുരുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ എല്ലാം തന്റെ ദൃഷ്ടിയിൽ “ജാതിയിൽ കുറഞ്ഞവരായി” മാറുന്നു. അവരും അതേ സംഘടനയിൽ ചേരാത്തതാണ് കാരണം.

മതസംഘടനകൾക്ക് പുറകിലെ സാമ്പത്തിക താൽപ്പര്യങ്ങളേയും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. പണത്തിന്റെ പേരിലല്ലാതെ എന്തെങ്കിലും ഒരാദർശത്തിന്റെ പേരിൽ കേരളത്തിൽ മതസംഘടനകൾ പിളർന്നിട്ടില്ല. ഇനി ആരെങ്കിലും ഇത് വരെ പിളർന്നിട്ടില്ലെങ്കിൽ അതിന്റെ കാരണം, വാരിക്കൂട്ടുന്ന കാര്യത്തിൽ അവർക്കിടയിലെ പരസ്പര ധാരണയാണ്. അതോടൊപ്പം സക്കാത്ത് ഫണ്ടും മഅ്ദനി ഫണ്ടും മറ്റും സംഘടനയുടെ വളർച്ചക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും (അവരുടെ ഭാഷയിൽ “ദൈവ മാർഗ്ഗത്തിൽ”) വിനിയോഗിക്കപ്പെടുന്നത് കൂടി പരാമർശിക്കപ്പെടേണ്ടതായിരുന്നു.

“വേണമെങ്കിൽ സർവ്വമത സത്യവാദവും” എന്ന അധ്യായത്തിൽ മതസംഘടനകൾ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നത് മൂലമുണ്ടാകുന്ന ആശയവൈരുധ്യങ്ങളാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യുന്നത്.

മതസംഘടനകളുടെ പ്രസക്തിയെ പറ്റിയുള്ള അവയുടെ അവകാശ വാദങ്ങൾ ഗ്രന്ഥകാരൻ പരിശോധിക്കുന്നു. ഇന്നത്തെ മതസംഘടനകൾ ഉണ്ടായിട്ട് ഒരു നൂറ്റാണ്ടിലധികമായിട്ടില്ല. അതിന് മുമ്പ് ശിർക്ക് ബിദ്അത്തുകൾ അരങ്ങു തകർക്കുകയായിരുന്നുവെന്നും ആ അവസ്ഥക്ക് മാറ്റം വരുത്തിയത് നവോത്ഥാന സംഘടനകളാണെന്നും സ്ത്രീ വിദ്യാഭ്യാസം, ഇംഗ്ലീഷ് പഠനം തുടങ്ങിയ മേഖലകളിൽ സമുദായം വെച്ചു പുലർത്തിയിരുന്ന അബദ്ധ ധാരണകളെ കടപുഴക്കിയ സംഘടനകൾ വിപ്ലവകരമായ മാറ്റം തന്നെയാണ് സൃഷ്ടിച്ചതെന്നുമൊക്കെയുള്ള അവകാശ വാദങ്ങളെ ഗ്രന്ഥകാരൻ ഖണ്ഡിക്കുന്നു. ഇരുളടഞ്ഞ ദശാസന്ധി എന്ന് ഇവർ വിശേഷിപ്പിക്കുന്ന കാലത്തും കലർപ്പില്ലാത്ത തൗഹീദും സുന്നത്തും ദീനിന്റെ സമഗ്രതയും ഉയർത്തിപ്പിടിക്കുകയും സാമൂഹ്യ നവോത്ഥാനത്തിന്റേയും പരിഷ്ക്കരണത്തിന്റേയും കൈത്തിരിയേന്തിയവരുമായ നിരവധി വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷെ അവരാരും അത് പാർട്ടി പ്രവർത്തനമാക്കിയിരുന്നില്ല എന്ന് മാത്രം. അതിനാൽ തന്നെ അവരുടെ യത്നങ്ങൾക്ക് മികച്ച ഫലങ്ങളുണ്ടായിരുന്നു. തങ്ങളുയർത്തുന്ന മഹത്തായ സന്ദേശം വളരെ ചെറിയ വൃത്തത്തിൽ ഒതുങ്ങിപ്പോയ ദുര്യോഗം അവർക്കുണ്ടായില്ല. അതേ സമയം ഇന്നിപ്പോൾ ശിർക്കുകളും, ഖുറാഫാത്തുകളും, ദിക്ർ ഹൽഖകളും, സിയാറത്ത് ടൂറുകളും മറ്റ് ആത്മീയ വാണിഭങ്ങളും കൂടുതൽ  വ്യാപകവും, സ്ഥാപനവൽക്കൃതവുമായെന്ന് ഗ്രന്ഥകാരൻ പരാതിപ്പെടുന്നു.

ബിദ്അത്തുകളെ നേരിടാനെന്ന പേരിൽ സ്ഥാപിതമായ മതസംഘടനകൾ സ്വയം ഒരു ബിദ്അത്താണ് എന്ന പുസ്തകത്തിന്റെ കാതലായ ആശയം ലേഖകൻ മുമ്പോട്ട് വെക്കുന്നു. നബിയോ അനുചരന്മാരോ സംഘടനകളുണ്ടാക്കുകയോ അതിന് പ്രോൽസാഹനം നൽകുകയോ ചെയ്തിട്ടില്ല. സംഘടനകളുടെ പ്രസക്തി തെളിയിക്കപ്പെടാനായി ഉയർത്തപ്പെടുന്ന വിവിധ ന്യായങ്ങളും പ്രമാണങ്ങളും ഗ്രന്ഥകാരൻ പരിശോധിക്കുകയും ഖണ്ഡിക്കുകയും ചെയ്യുന്നു.

സംഘടനകളുണ്ടാക്കുന്നതിന് ആശയപരമായ ന്യായീകരണമില്ലെന്ന് ലേഖകൻ വാദിക്കുന്നു. “ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതാണ്” എല്ലാ സംഘടനകളുടേയും പ്രഖ്യാപിത ലക്ഷ്യം. പക്ഷെ യഥാർത്ഥത്തിൽ അത് കഴിഞ്ഞ ആയിരത്തി നാനൂറ് വർഷങ്ങളായിട്ടുള്ള ഒരു നൈരന്തര്യത്തിൽ നിന്ന് ട്രാക്ക് മാറലാണ് എന്ന് വ്യക്തമാണ്. മുസ്ലിങ്ങളിൽ വ്യതിയാനങ്ങളുണ്ടെങ്കിൽക്കൂടി ആ മുഖ്യ ധാരയിൽ നിന്ന് വ്യതിചലിക്കുന്നു എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഒരു വിശിഷ്ട, അഭിജാത വിഭാഗമായി മാറുന്നതിന് എന്താണ് തെളിവ്? ജന്മത്തിന്റെ അടിസ്ഥാനത്തിലെന്ന പോലെ കർമ്മത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണെങ്കിലും വിശിഷ്ടരെന്ന് വിധിയെഴുതപ്പെട്ട ഒരു വിഭാഗവും ഇസ്ലാമിലില്ല. മുസ്ലിങ്ങൾ എന്ന് അറിയപ്പെടുകയും അവകാശപ്പെടുകയും ചെയ്യുന്നവർ മാതൃകാ യോഗ്യരല്ലാത്തത് കൊണ്ട് ഞങ്ങൾ കുറെ മാതൃകാ യോഗ്യർ ഒത്തു കൂടി ഇങ്ങനെയൊരു പുതിയ സാമൂഹ്യ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നു എന്ന് പറയാൻ ആർക്കാണധികാരം? പൊതു മുസ്ലിങ്ങളുടെ സാംസ്ക്കാരിക നിലവാരത്തേക്കാൾ ഉപരിയായ ഒരു നിലവാരവും തിരിച്ചറിവും ഉള്ളവർ അങ്ങനെയൊരു പ്രത്യേക വിഭാഗമായി മാറിക്കൊണ്ടായിക്കൊണ്ടാണ് നവോത്ഥാന ശ്രമങ്ങൾ നടത്തേണ്ടതെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടോ?

മതസംഘടനകൾ മദ്ഹബിന്റെ സ്ഥാനം കൈയടക്കിയതിനെക്കുറിച്ച് ഗ്രന്ഥകാരൻ പരാമർശിക്കുന്നു. ഖുർആനോടും ഹദീസിനോടും മാത്രം പ്രതിബദ്ധതയുള്ളവരാക്കാനെന്ന വ്യാജേന മദ്ഹബിനെ തഖ്‍ലീദ്  ചെയ്യുന്നതിൽ നിന്ന് മുസ്ലിങ്ങളെ അകറ്റിയ പുരോഗമന നാട്യക്കാർ ഫലത്തിൽ മദ്ഹബുകളുടെ സ്ഥാനത്ത് തങ്ങളുടെ സംഘടനയെയും ഇമാമുകളുടെ സ്ഥാനത്ത്  തങ്ങളുടെ സംഘടനാ നേതാക്കളേയും പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. മദ്ഹബ്-തഖ്‍ലീദ് താത്വികമായി ഒരു തിന്മയാണെങ്കിലും തഖ്‍ലീദ് ചെയ്യപ്പെടുന്നത് യഥാർത്ഥ മഹാന്മാരാണെന്നതിനാൽ സംഘടനാ നേതാക്കളെ തഖ്‍ലീദ് ചെയ്യുന്നതിനെ അപേക്ഷിച്ച് താരതമ്യേന അന്തസ്സുള്ള ഏർപ്പാടാണെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.

പൊതുവെ ആശയ സമ്പുഷ്ടമെങ്കിലും ഈ പുസ്തകത്തിന്റെ പ്രകടമായ പോരായ്മകൾ മറച്ച് വെച്ച് കൂടാ. മതസംഘടനകളുടെ പ്രസക്തി കണ്ണടച്ച് നിഷേധിക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. സംഘടനകൾ കൊണ്ടുള്ള ദോഷങ്ങളായി ഗ്രന്ഥകാരൻ വിലയിരുത്തുന്നത് യഥാർത്ഥത്തിൽ അവയുടെ സമീപനത്തിലെ അപാകതകളായി മാത്രം കണക്കാക്കുന്നതാണ് ഉചിതം. മനുഷ്യരെന്ന നിലയിൽ സ്വാഭാവികമായുണ്ടാകുന്ന വീക്ഷണവ്യത്യാസങ്ങൾ ഇസ്ലാമിന്റെ ചലനാത്മകതയ്ക്ക് സഹായകമാണ് എന്നത് ഒരു വസ്തുതയാണ്. “എന്റെ സമുദായത്തിലെ വീക്ഷണ വൈജാത്യങ്ങൾ ഒരനുഗ്രഹമാണ്” എന്ന നബി വചനം ഇവിടെ പ്രസക്തമാണ്. സംഘടിത പ്രവർത്തനത്തിന് അതിന്റേതായ പ്രസക്തിയും അനിവാര്യതയുമുണ്ട്. സമുദായത്തിന്റെ സ്വത്വവും, ചിഹ്നങ്ങളും, ആത്മീയതയും, സദാചാര വ്യവസ്ഥയും നിലനിർത്തുന്നതിൽ സംഘടനകൾ വഹിക്കുന്ന പങ്ക് പൂർണ്ണമായും അവഗണിക്കുന്നത് നീതീകരിക്കാനാകില്ല. ഇതിനുള്ള ഒരു ബദൽവ്യവസ്ഥയൊന്നും മുന്നോട്ട് വെക്കാതെ സംഘടനകളെയെല്ലാം പിരിച്ച് വിട്ടാൽ എല്ലാം ശരിയായിക്കൊള്ളുമെന്ന കാഴ്ച്ചപ്പാട് അമിത ലളിതവൽക്കരണവും യാഥാർത്ഥ്യ ബോധമില്ലായ്മയുമാണെന്നേ പറയാൻ പറ്റൂ.

സംഘടനകൾ ഒരു സാമൂഹ്യ യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കെ അവയുടെ പ്രസക്തിയെ പൂർണ്ണമായി തള്ളിക്കളയുന്നതിന് പകരം അവയുടെ വിഭാഗീയ സമീപനങ്ങൾ മാത്രം ഒഴിവാക്കപ്പെടുകയും ഏറ്റവും പ്രധാനമായി അവ രാഷ്ട്രീയ-പ്രായോഗിക രംഗങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്താൽ മതി എന്നത് ഗ്രന്ഥകാരൻ തിരിച്ചറിയേണ്ടതായിരുന്നു. സംഘടനകൾ ഒരു ബിദ്അത്താണെന്നത് ശരിയാണെങ്കിലും അവയെ ആധുനിക മദ്ഹബുകളായി കണക്കാക്കാവുന്നതാണ്. (മദ്ഹബുകളുടെ പരിധികൾക്കുള്ളിൽ അവ ഒതുങ്ങി നിൽക്കണമെന്ന് മാത്രം.)  ഒപ്പം രാഷ്ട്രീയ-പ്രായോഗിക രംഗങ്ങളിൽ സെക്കുലർ നേതൃത്വം വഹിക്കേണ്ട പങ്കിനെക്കുറിച്ചും നവോത്ഥാനത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പങ്കിനെ കുറിച്ചും ഒന്നും പറയുന്നില്ല എന്നതും ഒരു പോരായ്മയാണ്. ഈ പരിമിതികൾ മാറ്റി വെച്ചാൽ മതസംഘടനകൾക്ക് അതീതമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള അന്വേഷണത്തിന് ഈ കൃതി സഹായകരമാണ്.
No comments:

Post a Comment