Monday, July 18, 2011

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എടങ്ങേറുകൾബിപിഎ ഗഫൂർ,

മന്ത്രിസഭാ പുനഃസംഘടനയിൽ മുസ്ലിം ലീഗ് എന്ത് നേടി എന്നത് ആരും ചർച്ച ചെയ്ത് കണ്ടില്ല. മുസ്ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യ സാധ്യത്തിന് കേന്ദ്ര മന്ത്രി സഭയിൽ കിട്ടാവുന്ന ഏറ്റവും നല്ല വകുപ്പ് തളികയിൽ വച്ച് നീട്ടിയിട്ടും എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നത് കേന്ദ്രമന്ത്രി ഇ അഹമ്മദ് മുസ്ലിം ലീഗിനോടും മുസ്ലിം സമുദായത്തോടും മറുപടി പറയാൻ ബാധ്യതപ്പെട്ടിരിക്കും.

മന്ത്രി സഭാ പുനഃസംഘടനയിൽ അഹമ്മദിന് സ്വതന്ത്ര ചുമതല നൽകാത്തത് ഏറെ ചർച്ച ചെയ്യപ്പെടുന്നു.  ഈ ചർച്ചക്കിടയിൽ വസ്തുത തമസ്ക്കരിക്കപ്പെടുന്നു. രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് ഏറ്റവും ഫലപ്രദമായ നടപടി സ്വീകരിക്കാവുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്വതന്ത്രചുമതലയോടെ ഇ അഹമ്മദിന് വാഗ്ദാനം ചെയ്യപ്പെട്ടതാണ്. എന്നാൽ ഇ.അഹമ്മദ് ഈ ഓഫർ നീരസത്തോടെ നിരസിച്ചു എന്നതാണ് അനന്തപുരിയിലെ സംസാരം.

ഈ വിഷയത്തിൽ മുസ്ലിം ലീഗ് മറുപടി പറയേണ്ടതായി വരില്ല. കാരണം അഹമ്മദിന്റെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ്സ് നേതൃത്വം മുസ്ലിം ലീഗുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇ അഹമ്മദ് ആകട്ടെ തന്റെ വകുപ്പ് പുന:സംഘടനയെക്കുറിച്ച് പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുമില്ല.

മന്ത്രി സഭാ പുനഃസംഘടനയുടെ ദിവസം ദേശീയ ചാനലുകളിലൊക്കെ ആവർത്തിച്ച് വന്ന വാർത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കാൻ ഇ അഹമ്മദിന്റെ ഓഫീസ് വിസമ്മതിച്ചു എന്നതായിരുന്നു. അഥവാ മുസ്ലിം ലീഗ് പാർട്ടി എന്നല്ല.

ഇക്കഴിഞ്ഞ മെയ് 28 ന് കോഴിക്കോട്ട് നടന്ന ഒരു ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി ബന്ധപ്പെട്ട പദ്ധതികൾ വിശദീകരിച്ചപ്പോൾ ഈയുള്ളവനടക്കം മനസ്സിൽ കൊതിച്ചതാണ് ന്യൂനപക്ഷ വകുപ്പ് മുസ്ലിം ലീഗിന് ലഭിച്ചിരുന്നെങ്കിൽ എന്ന്.

സമുദായത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെന്തെന്ന് പഠിക്കാത്ത , സമുദായ മുഖ്യധാരയോട് ഇഴുകിച്ചേരാത്ത, സമുദായ പ്രതിബദ്ധതയില്ലാത്ത ഉത്തരേന്ത്യയിലെ മുസ്ലിം പേരുള്ളവരിൽ നിന്നും സമുദായത്തിന്റെ രാഷ്ട്രീയ ശാക്തീകരണത്തിന് നേതൃത്വം നൽകുന്നവരുടെ കരങ്ങളിലേക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പ് എത്തിപ്പെട്ടാൽ വിപ്ലവകരമായ പലതും ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. എന്നിട്ടുമെന്തേ ഇ അഹമ്മദിന് ന്യൂനപക്ഷ മന്ത്രാലയത്തോടിത്രയും അലർജി?

ന്യൂനപക്ഷകമ്മീഷൻ, ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ എല്ലാം ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് വിദ്യാഭ്യാസ കച്ചവടക്കാരായ ക്രൈസ്തവസഭകൾ അപഹരിച്ച് പോകുന്നതിന് അറുതി വരുത്താൻ മലയാളിയായ ഒരു മാപ്പിള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തലപ്പത്ത് – അതും സ്വതന്ത്ര ചുമതലയിൽ - ഉണ്ടായിരിക്കേണ്ടത് ഏറ്റവും അനിവാര്യമായ ഒരു ഘട്ടമായിരുന്നു ഇത്. ഇതൊന്നും അഹമ്മദ് സാഹിബിന് അറിയാഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല.

മൻമോഹൻ ടീമിന്റെ കാബിനറ്റ് റാങ്കുള്ള മന്ത്രിമാരിൽ പലരെക്കാളും ഏറെ ഭരണ പ്രാഗത്ഭ്യമുള്ളയാളാണ് ഇ അഹമ്മദ് എന്നതിൽ സംശയമില്ല. പക്ഷെ ആ പ്രാഗത്ഭ്യം സമുദായത്തിന് ഗുണം ചെയ്യാനൊക്കില്ലെങ്കിൽ? വിദേശകാര്യവും വ്യോമയാനവും മാനവ വിഭവശേഷി വകുപ്പുകളുമെല്ലാം മന്ത്രിയെന്ന നിലയിൽ ഇ അഹമ്മദിന് ഏറെ ഗ്ലാമറുണ്ടാക്കാൻ പറ്റിയ വകുപ്പുകൾ തന്നെയാണ്.

ലോകം ചുറ്റി നടന്നാൽ, അല്ലറ ചില്ലറ നയതന്ത്ര ശ്രമങ്ങൾ നടത്തിയാൽ, വിദേശ രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചാൽ, പ്രധാനമന്ത്രിയുടെ ദൂതനായി പോയാൽ എല്ലാം പേരെടുക്കാവുന്ന വകുപ്പ് തന്നെ.

ന്യൂനപക്ഷക്ഷേമവകുപ്പിന് ഗ്ലാമർ അത്രയുണ്ടാവില്ല. അത് മാത്രമല്ല, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നിരക്ഷരകുക്ഷികളായ ദരിദ്രരും ദുർബലരും വൃത്തിഹീനരുമായ സമുദായത്തെ അഭിമുഖീകരിക്കേണ്ടി വരും. സ്കൂളുകളും കോളജുകളും സ്കോളർഷിപ്പുകളും തൊഴിലും ജീവിതവുമായി ബന്ധപ്പെട്ടുമെല്ലാം നിരന്തരം സമുദായം ബന്ധപ്പെട്ട് കൊണ്ടിരിക്കും. സമുദായ പുരോഗതിക്ക് ഏറെ ചെയ്യാൻ കഴിയാവുന്ന വകുപ്പെന്ന നിലക്ക് സമുദായ സംഘടനകളും സമുദായ നേതാക്കളും നിവേദനങ്ങളും പദ്ധതികളുമായെത്തും.

മലയാളിയായ, സമുദായത്തെ അറിയാവുന്ന ഒരു വ്യക്തിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് വരുമ്പോൾ രാജ്യത്തിന്റെ നാനാ ദിക്കുകളിൽ നിന്നും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട് കൊണ്ടിരിക്കും. സച്ചാർ കമ്മീഷൻ റിപ്പോർട്ടും അനുബന്ധ നടപടികളും പൊടി തട്ടിയെടുക്കാനും കേന്ദ്ര സർക്കാറിനെ ക്കൊണ്ട് എന്തൊക്കെ ചെയ്യിക്കാൻ സാധിക്കുമെന്നെങ്കിലും വകുപ്പ് കയ്യിൽ വെച്ച് തുഴയാൻ സമുദായം സമ്മർദ്ദം ചെലുത്തും.

ഇപ്പറഞ്ഞതൊന്നും അത്ര സുഖകരമായ കാര്യമല്ല. സമുദായത്തിന്റെ പരാതി കേൾക്കാനേ സമയമുണ്ടാകൂ. ഈ പരാതി കേൾക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന് കഴിയില്ലെങ്കിൽ  പിന്നെ ിന്ത്യാ രാജ്യത്ത് മറ്റാര് അതിന് തയ്യാറാകും?

അവസാന വാക്ക് – ലീഗ് നേതൃത്വത്തോട്-സ്തുതിപാഠകർ പാർട്ടി മിത്രങ്ങളല്ല. ക്രിയാത്മക വിമർശമ പാർട്ടിയുടെ നന്മക്ക് വേണ്ടിയുള്ള ചികിത്സയാണ്. സ്തുതിപാഠകർ സ്വാർത്ഥ താൽപര്യക്കാരാണ്. ക്രിയാത്മക വിമർശകർ പാർട്ടി നില നിൽക്കണമെന്ന് നിർബന്ധമുള്ളവരും. വിമർശകരെയെല്ലാം ലീഗ് വിരുദ്ധരുടെ പട്ടികയിൽ പെടുത്തുന്ന പ്രവണത നിലവിലുള്ള ലീഗ് നേതൃത്വത്തിൽ കണ്ട് വരുന്നു. ഇത് മാറിയേ തീരൂ. സ്തുതിപാഠകരെ അകറ്റി നിർത്തുക – വിമർശനങ്ങളെ പക്വതയോടെ സമീപിക്കുക.


വർത്തമാനം ജൂലൈ 18, 2011 

No comments:

Post a Comment