Wednesday, July 20, 2011

വേണോ ലീഗേ അഞ്ചാം മന്ത്രി?കാരോളി

മന്ത്രി സഭാ രൂപീകരണത്തിന്റെ ആദ്യ നാളുകളിൽ ചില ലീഗ് നേതാക്കളുടെ ഡയലോഗുകൾ കേട്ട് ലീഗ് നന്നായിപ്പോയോ എന്ന് ശങ്ക തോന്നിയിരുന്നു. സാമുദായിക സൗഹാർദ്ദവും ബന്ധങ്ങളും നില നിർത്താൻ എന്ത് വിട്ടു വീഴ്ച്ചക്കും ലീഗ് തയ്യാറാണെന്നും നാല് മന്ത്രിസ്ഥാനം തന്നെ ധാരാളം മതിയെന്നുമൊക്കെയുള്ള ബഡായികളായിരുന്നു ആദ്യമൊക്കെ. എന്നാൽ പിന്നീട് വൈകി വന്ന ബോധോദയവും തുടർന്നുണ്ടായ അഞ്ചാം മന്ത്രിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലുമെല്ലാം ലീഗിനെ അപഹാസ്യമാക്കിയിരിക്കുകയാണ്.


ലീഗിന്റെ ധർമ്മസങ്കടം മനസ്സിലാക്കാവുന്നതേയുള്ളു. പാർട്ടിക്ക് വേണ്ടപ്പെട്ടവർക്കും പുതിയതായി വന്നവർക്കും മടങ്ങി വന്നവർക്കും പിണങ്ങി നിൽക്കുന്നവർക്കുമെല്ലാം കൂടി നാല് മന്ത്രി സ്ഥാനം കൊണ്ട് എന്താകാനാണ്. എന്നാൽ ഇപ്രാവശ്യത്തെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ട് ആഘോഷിക്കുന്നതിന് മുമ്പ് വസ്തുതകൾ ഒന്നോർത്തിരുന്നെങ്കിൽ നന്നായിരുന്നു.

ലീഗിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുസ്ലിം വോട്ടിന്റെ ഏകീകരണത്തിന്റെ സൈദ്ധാന്തിക പശ്ചാത്തലം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അത് മുഖ്യമായും സമുദായത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന അകത്തും പുറത്തുമുള്ള ശക്തികൾക്കെതിരെയുള്ള ജാഗരൂകമായ ഒരു പ്രതികരണമായിരുന്നു. ഇതിന്റെ ഗുണഫലം സംഘടിത രാഷ്ട്രീയ ശക്തിയെന്ന നിലക്ക് ലീഗിന് കിട്ടുകയായിരുന്നു.അല്ലാതെ അത് ലീഗിന്റെ നേതൃപാടവവും സംഭാവനകളും മൂലമാണെന്ന് അവർ പോലും അവകാശപ്പെടാൻ സാധ്യതയില്ല.

ലീഗിന് അഞ്ചാം മന്ത്രിയായാൽ എന്താണ് കുഴപ്പമെന്നായിരിക്കും. വായ തുറന്നാൽ വേദാന്തം മാത്രം വഴിയുന്ന ചില സാഹിത്യ നായകന്മാർക്ക് വരെ ലീഗിന് എന്തെങ്കിലും കിട്ടിക്കണ്ടാൽ പേയിളകുന്ന കാലമാണ് ഇത്. ലീഗെന്ന് കേൾക്കുമ്പോഴേക്ക് ചൊറിഞ്ഞു കയറുന്ന കുറേ പേരുടെ ബിപി ഇനിയും വെറുതെ കൂട്ടാതിരിക്കുകയാണ് യുഡിഎഫിന്റെയും പ്രത്യേകിച്ച് കോൺഗ്രസ്സിന്റെയും നല്ല ഭാവിക്ക് നല്ലത്.

പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനെങ്കിലും ഒരു പത്രം മര്യാദക്ക് നടത്താൻ പോലും കഴിയാത്തവർ എക്സ്ട്രാ മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാൻ മാത്രം ഉൽസാഹം കാണിക്കുന്നതിൽ കാര്യമില്ല. ലീഗ് പാലൂട്ടി വളർത്തിയ ഇന്ത്യാവിഷന്റെ വിഷം  ഏറ്റിരിക്കുന്നത് അടുത്ത് നിന്നിരുന്ന കോൺഗ്രസ്സിനാണ്. അങ്ങനെ കിടപ്പിലായ കോൺഗ്രസ്സിനോട് തന്നെ വേണോ ഈ വില പേശൽ.

യുഡിഎഫ് അല്ലാത്ത വേറെ വഴി ലീഗിന് മുമ്പിലുണ്ടോ? നൂറ് സീറ്റുമായി ചെന്നാലും അച്ചുമാമനും സഖാക്കളും ലീഗിനെ തൊട്ട് തീണ്ടുമോ? അതിനാൽ ഇല്ലാത്ത വിലപേശൽ ശക്തി വെറുതെ പ്രയോഗിക്കാതിരിക്കുകയാണ് നല്ലത്.

ഒരു ലീഗ് നേതാവിന് കൂടി സർക്കാർ കാറും ബംഗ്ലാവും കിട്ടിയത് കൊണ്ട് സമുദായത്തിനും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനാൽ സമുദായ താൽപര്യം പരിഗണിച്ചെങ്കിലും നാല് മന്ത്രി മതിയെന്ന് വെച്ച് കൂടേ.

No comments:

Post a Comment