Saturday, July 9, 2011

ഇസ്ലാമും സെക്കുലരിസവും – ഭാഗം 4

കാരോളി

ഇസ്ലാമിക മൂല്യങ്ങൾ പ്രായോഗികം തന്നെ
“ഇസ്ലാമിക ഭരണ”ത്തിന്റെ വക്താക്കൾ ഇസ്ലാമിക നിയമങ്ങൾ മൗലികവാദപരമായി നടപ്പാക്കണമെന്നാണല്ലോ വാദിക്കുന്നത്. അതായത് സെക്കുലരിസത്തിൽ നിന്ന് വ്യത്യസ്തമായി നിയമങ്ങളുടെ പ്രായോഗികതക്ക് പകരം ദൈവികനിർദ്ദേശങ്ങളെന്ന വിശ്വാസം മാത്രമാണ് പരിഗണിക്കേണ്ടതെന്നാണ് അവരുടെ വാദം. എന്നാൽ ആ വാദത്തിന്റെ അപകടവും അതിന്റെ അപ്രായോഗികതയും നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ.

ഇസ്ലാമിക മൂല്യങ്ങളുടെ പ്രായോഗികത കണക്കിലെടുക്കേണ്ടെന്നും സമൂഹത്തിൽ അവ അടിച്ചേൽപ്പിക്കപ്പെടേണ്ടവയുമാണെന്നാണ് ഇവർ നൽകുന്ന ചിത്രം. എന്നാൽ  മുസ്ലിങ്ങളുടെ പൊതു നിലപാടുമായി ഇത് പൊരുത്തപ്പെടുന്നില്ല. ഉദാഹരണത്തിന് ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങളെ കേവലം മതപരമായല്ല മറിച്ച് അവയുടെ പ്രായോഗികത വ്യക്തമാക്കിക്കൊണ്ടാണ് മുസ്ലിങ്ങൾ പ്രതിരോധിക്കാറ്.  മറ്റൊരു ദോഷം നാല് സച്ചരിതരായ ഖലീഫമാർക്ക് ശേഷം "ഇസ്ലാമിക ഭരണം" ഒരിക്കലും നടപ്പാക്കപ്പെട്ടിട്ടില്ലെന്നും അത് കൊണ്ട് ഇസ്ലാം ഒരു പരാജയപ്പെട്ട ദർശനമാണെന്നുമുള്ള വാദങ്ങൾക്ക് അത് ശക്തി പകരും.

ഇത് ചർച്ച ചെയ്യാൻ ആദ്യം ഇസ്ലാമിക നിയമങ്ങൾ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നോക്കാം. ഇസ്ലാമിക നിയമങ്ങൾ വിശ്വാസ കാര്യങ്ങൾ, ആരാധനാകാര്യങ്ങൾ, സദാചാര മൂല്യങ്ങൾ, പെരുമാറ്റസംഹിതകൾ, സിവിൽ/ക്രിമിനൽ നിയമങ്ങൾ എന്നിങ്ങനെ വിഭജിക്കാം. ഇതിൽ വിശ്വാസ കാര്യങ്ങൾ, ആരാധനാ കാര്യങ്ങൾ എന്നിവ മുസ്ലിങ്ങൾക്ക് മാത്രം ബാധകമായതും മൗലികവാദപരമായി സ്വീകരിക്കപ്പെടേണ്ടവയുമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മറ്റുള്ളവ പ്രായോഗിക പ്രാധാന്യമുള്ളവയാണ്. ഇവിടെ രണ്ട് ചോദ്യങ്ങളുയരുന്നുണ്ട്. ഒന്ന് ഇസ്ലാമിക നിയമങ്ങൾ രാഷ്ട്രീയത്തിൽ മൗലികവാദപരമായി നടപ്പാക്കാൻ ഇസ്ലാം അനുശാസിക്കുന്നുണ്ടോ? മറ്റൊന്ന്  പ്രായോഗികതയുടെ അടിസ്ഥാനത്തിൽ മാത്രം ഇസ്ലാമിക മൂല്യങ്ങൾ സ്വീകാര്യമല്ലേ?

ഒന്നാമത്തെ ചോദ്യം കണക്കിലെടുക്കുക. ഇസ്ലാമിക നിയമങ്ങൾ രാഷ്ട്രീയത്തിൽ മൗലികവാദപരമായി നടപ്പാക്കാൻ ഇസ്ലാം അനുശാസിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇസ്ലാം വിശ്വാസ സ്വാതന്ത്ര്യത്തിന് അതീവ പ്രാധാന്യം നൽകുന്നു. “മതത്തിൽ ബലാൽക്കാരമില്ല (2:256) ” എന്നത് ഖുർആന്റെ വിഖ്യാതമായ പ്രഖ്യാപനമാണ്. ഈ വിഷയത്തിൽ സുപ്രധാനമായ വെളിച്ചം വീശുന്ന ചില ഖുർആൻ സൂക്തങ്ങളും അവയുടെ അവതരണ പശ്ചാത്തലവും പരിശോധിക്കാം:

നബി(സ)യുടെ അടുത്ത് വ്യഭിചാരക്കുറ്റത്തിന് മതവിധി തേടി വന്ന യഹൂദന്മാരോട് സ്വന്തം മതനിയമമനുസരിച്ച് തന്നെ വിധിക്കാൻ കൽപ്പിക്കാൻ ഖുർആൻ ആജ്ഞാപിക്കുന്നതായി കാണാം. ആ സംഭവത്തിന്റെ പശ്ചാത്തല സൂക്തങ്ങൾ ശ്രദ്ധിക്കുക:

എന്നാൽ അവർ എങ്ങനെയാണ് നിന്നെ വിധികർത്താവാക്കുന്നത്? അവരുടെ പക്കൽ തൗറാത്തുണ്ട്. അതിലാകട്ടെ അല്ലാഹുവിന്റെ വിധിവിലക്കുകളുണ്ട്. എന്നിട്ടതിന് ശേഷവും അവർ പിന്തിരിഞ്ഞ് കളയുകയാണ്. യഥാർത്ഥത്തിൽ അവർ വിശ്വാസികളേ അല്ല. (ഖു 5:43)

ഇൻജീലിന്റെ അനുയായികൾ (കൃസ്ത്യാനികൾ), അല്ലാഹു അവതരിപ്പിതനുസരിച്ച് വിധി കൽപ്പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അക്രമികൾ (ഖു 5:47)

(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരി വെക്കുന്നതും അവയെ കാത്തു രക്ഷിക്കുന്നതുമത്രെ അത്. അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധി കൽപ്പിക്കുക. നിനക്ക് വന്നു കിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റി പോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമ ക്രമവും കർമ്മമാർഗ്ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു). അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്. (ഖു 5:48)

ഈ സൂക്തങ്ങളെ “സർവ്വമത സത്യവാദ”ത്തിന് തെളിവായി ചിലർ ഉദ്ധരിക്കാറുണ്ട്. എന്നാൽ അത് ഇസ്ലാമിന്റെ പൊതുനിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനാൽ സെക്കുലർ രംഗത്ത് മുസ്ലിങ്ങൾ അനുവർത്തിക്കേണ്ട നയമാണ് ഇത് എന്നാണ് മനസ്സിലാക്കാവുന്നത്. (ഇല്ലെങ്കിൽ മറ്റ് സൂക്തങ്ങളായി (ഉദാഹരണം 7:157, 4:47,3:85) ഇവക്ക് വൈരുധ്യമുണ്ടാകും) യഹൂദർ നബിയുടെ അടുക്കൽ തേടിയ വിഷയം ക്രിമിനൽ നിയമമായിരുന്നതിനാൽ (വ്യഭിചാരക്കുറ്റം) ഇസ്ലാമിന്റെ സാമൂഹ്യ നിയമങ്ങൾ പോലും മറ്റ് സമുദായക്കാർക്ക് ബാധകമല്ല എന്ന് വ്യക്തമാകുന്നു. അതിൽ തന്നെ ശിക്ഷാവിധികൾ സാഹചര്യമാകുമ്പോൾ മാത്രം പ്രയോഗവൽക്കരിക്കേണ്ടതാണെന്നാണ് യൂസുഫുൽ ഖറദാവിയെ പോലുള്ള ഇസ്ലാമിസ്റ്റ് പണ്ഡിതന്മാർ പോലും അഭിപ്രായപ്പെടുന്നത്. [1]

ഇനി രണ്ടാമത്തെ ചോദ്യം കണക്കിലെടുക്കുക. ഇസ്ലാമിക മൂല്യങ്ങൾ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ മാത്രം സ്വീകാര്യത നേടാൻ പ്രാപ്തമല്ലേ? ഈ ചോദ്യം പ്രസക്തമാകുന്നത് ഇന്ന് വിവിധ സമുദായങ്ങൾ സഹവസിക്കുന്ന “രാഷ്ട്രം” എന്ന സങ്കൽപ്പം യാഥാർത്ഥ്യമായ സാഹചര്യത്തിലാണ്. അത് കൊണ്ട് തന്നെ വ്യക്തി നിയമങ്ങളൊഴികെ മറ്റ് നിയമങ്ങൾ പൊതുവായി അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ട്. നിയമങ്ങൾക്ക് അടിസ്ഥാനം മൂല്യങ്ങളായതിനാൽ പൊതുവായി അംഗീകരിക്കപ്പെടേണ്ട മൂല്യങ്ങൾ ഏതെന്ന ചോദ്യം ഉയരും. (ഇവിടെ മൂല്യങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതനിയമങ്ങൾ പൊതുവായല്ല മറിച്ച് തെറ്റ്, ശരി എന്നിവയെക്കുറിച്ചുള്ള സങ്കൽപ്പം മാത്രമാണ്. ).

ഇതിന് പറ്റിയ ഏക രാഷ്ട്രീയ വ്യവസ്ഥ സെക്കുലരിസമാണ്. സെക്കുലരിസത്തിൽ ശാസ്ത്രീയതയാണ് പരിഗണിക്കുന്നത്. സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് തങ്ങളുടെ പ്രതിവിധികൾ മുമ്പോട്ട് വെക്കാൻ എല്ലാ ആദർശക്കാർക്കും സ്വാതന്ത്ര്യമുണ്ട്. മനുഷ്യ സമൂഹത്തിന്റെ നന്മക്ക് ഏറ്റവും പറ്റിയതും പ്രായോഗികവുമായ  മൂല്യമേതാണോ അതാണ് സെക്കുലരിസത്തിൽ സ്വീകരിക്കപ്പെടുക. അതേ സമയം ഇസ്ലാമിക മൂല്യങ്ങൾ ദൈവികമാണെന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. അത് കൊണ്ട് അവ മനുഷ്യഘടനക്ക് ഏറ്റവും അനുയോജ്യവും ശാസ്ത്രീയവുമാകേണ്ടത് യുക്തിയുടെ തേട്ടമാണ്. അതിനാൽ  മറ്റാരേക്കാളും സെക്കുലരിസത്തെ സ്വാഗതം ചെയ്യേണ്ടത് മുസ്ലിങ്ങളാണ്.

നേരത്തെ പരാമർശിച്ച വ്യഭിചാരത്തിന്റെ വിഷയം തന്നെയെടുക്കുക. ഉദാര ലൈംഗികതയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നു. അതിരുകളില്ലാത്ത ലൈംഗിക സ്വാതന്ത്ര്യം സദാചാരവ്യവസ്ഥയും കുടുംബബന്ധങ്ങളും തകർക്കുകയും മാരക രോഗങ്ങൾ പരത്തുകയും ചെയ്ത് കൊണ്ട് സമൂഹത്തെ തകിടം മറിക്കുന്നതെങ്ങിനെ എന്ന് അവ ചൂണ്ടിക്കാണിക്കുന്നു.

വ്യഭിചാരത്തിന് കേവലമായ നിരോധനം ഏര്‍പെടുത്തുന്നതിന് പകരം വ്യഭിചാരത്തിലേക്ക് മനുഷ്യരെ ആനയിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും വരെ കര്‍ശനമായി വിലക്കുകയാണ് ഖുര്‍ആനും പ്രവാചകചര്യയും ചെയ്തിട്ടുള്ളത്. വ്യഭിചരിക്കരുത് എന്നല്ല, വ്യഭിചാരത്തെ സമീപിച്ചുപോകരുത് എന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത് (17:32) എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. വ്യഭിചാരത്തിന്റെ സുപ്രധാന പ്രേരകങ്ങളായ നഗ്നതാപ്രദര്‍ശനത്തെയും നഗ്നതാ ദര്‍ശനത്തെയും ഇസ്ലാം കഠിനമായി വിലക്കുന്നുണ്ട്. ഇസ്ലാമികമായ വീക്ഷണത്തിൽ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങളെല്ലാം പെണ്ണിന്റെ നഗ്നത ആണ്. നഗ്നതയായി പഠിപ്പിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത ശരീരഭാഗങ്ങളൊന്നും തന്നെ അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് എന്നാണ് അല്ലാഹു സ്ത്രീകളോട് കല്‍പിച്ചിരിക്കുന്നത്.

നഗ്നത പ്രദര്‍ശിപ്പിക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ നഗ്നതയിലേക്ക് നോക്കുന്നതും ഇസ്ലാം ശക്തമായി വിലക്കിയിട്ടുണ്ട്. ഖുര്‍ആൻ പറയുന്നത് കാണുക: (നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക.(ഖു 24:30-31)

പ്രവാചകന്‍ പറഞ്ഞു: ജീവനുള്ളവന്റെയോ മരണപ്പെട്ടവന്റെയോ തുടയിലേക്ക് നീ നോക്കരുത്.(അബൂദാവൂദ്) മറ്റൊരിക്കൽ, കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്(ബുഖാരി) എന്നാണ് അവിടുന്ന് അരുളിയത്. അന്യസ്ത്രീയുടെ, നഗ്നതയല്ലാത്ത ഭാഗങ്ങളിലേക്ക് പോലും ആവര്‍ത്തിച്ച് നോക്കുകയോ തുറിച്ചുനോക്കുകയോ ചെയ്യരുതെന്ന് ശിഷ്യനായ അലിയോട് പ്രവാചകന്‍ നിര്‍ദേശിച്ചു.(അഹ്മദ്)

നഗ്നമായ പെണ്ണുടലിന്റെ പരസ്യപ്പെടൽ വഴി മുതലാളിത്തത്തിന് തുറന്നുകിട്ടുന്നത് വരുമാനത്തിന്റെ ഒട്ടനവധി വാതിലുകളാണ്. അതുകൊണ്ടുതന്നെ, നഗ്നതാപ്രദര്‍ശനത്തിന്റെ ചെറുതും വലുതുമായ എല്ലാ സാധ്യതകളുടെയും പഴുതടക്കുന്ന ഇസ്ലാമിക നിയമങ്ങൾ മുതലാളിത്ത മീഡിയയുടെ കടുത്ത ആക്ഷേപശരങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. നഗ്നതാ പ്രദര്‍ശനം ലൈംഗികാരാജകത്വത്തിന് വഴിതുറക്കുമെന്ന ഇസ്ലാമിക കാഴ്ചപ്പാടിന്റെ സാധുതയിൽ സംശയമുള്ളതുകൊണ്ടല്ല മുതലാളിത്തം ഇവ്വിഷയകമായുള്ള ഖുര്‍ആൻ-ഹദീഥ് വചനങ്ങള്‍ക്കെതിരിൽ യുദ്ധം നടത്തുന്നത്; മറിച്ച് ലാഭം വര്‍ധിക്കുമെങ്കിൽ ലൈംഗികാരാജകത്വം തിന്മയല്ലെന്ന ഭൗതികവാദവീക്ഷണം 'കൈമുതലായി' ഉള്ളതുകൊണ്ടാണ്.

ലൈംഗികാസ്വാദനം വിവാഹത്തിലൂടെ മാത്രം എന്ന് ശഠിച്ച് മനുഷ്യര്‍ക്കുമേൽ അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേല്‍പിക്കുകയാണ് മതങ്ങൾ ചെയ്തിരുന്നത് എന്നും, മതമൂല്യങ്ങള്‍ക്ക് ഭരണകൂടം കാവൽ നിന്ന വിക്റ്റോറിയൻ 'സദാചാര' യുഗത്തിന് തിരശ്ശീല വീഴ്ത്തി നഗ്നതയെ സാധാരണ കാഴ്ചയാക്കി മാറ്റിയ മുതലാളിത്തം ലൈംഗിക ദാരിദ്ര്യത്തിൽ നിന്ന് ജനകോടികളെ വിമോചിപ്പിക്കുകയാണ് ചെയ്തത് എന്നും പ്രസംഗിക്കുന്ന ബുദ്ധിജീവികളുണ്ട്. എന്നാൽ മുതലാളിത്തത്തിന്റെ കാര്‍മികത്വത്തില്‍ അരങ്ങു തകര്‍ത്തു കൊണ്ടിരിക്കുന്ന നഗ്നതാ പ്രദര്‍ശനം ആണിനെയും പെണ്ണിനെയും ലൈംഗികമായ അസംതൃപ്തിയുടെ ദുരിതപൂര്‍ണമായ മേച്ചില്‍പുറങ്ങളിലേക്കാണ് നയിച്ചുകൊണ്ടുപോയതെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

നഗ്നനാരിമാരുടെ നിരന്തര ദര്‍ശനം ആധുനിക പുരുഷന് സമ്മാനിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കിടപ്പറയിലെ ലൈംഗിക മരവിപ്പ് (Sexual frigidity). മുഴുവന്‍ സമയവും-ഓഫീസിലും റോഡിലും ചാനലിലും വെബ്സൈറ്റിലും മൊബൈല്‍ ഫോണിലും തിയേറ്റേറിലുമെല്ലാം- കാണാൻ കിട്ടുന്ന ഒന്നായി സ്ത്രീ നഗ്നത മാറുമ്പോൾ സംഭവിക്കുന്നത് പുരുഷനേത്രത്തിന്റെ ലൈംഗിക മോഹങ്ങൾ കിടപ്പറക്ക് പുറത്ത് നിന്നു തന്നെ സഫലീകരിക്കപ്പെടുകയാണ്. കിടപ്പറയിൽ വെച്ച് ഭാര്യയോട് ഭര്‍ത്താവിന് താല്‍പര്യം തോന്നാതിരിക്കുകയും, തന്റെ ശരീരം ഭര്‍ത്താവിന് ലൈംഗികോത്തേജനം ഉണ്ടാക്കുന്നില്ലെന്ന് ഭാര്യ തിരിച്ചറിയുകയുമാണ് ഇത്തരം ഒരവസ്ഥയുടെ പരിണാമം. ഭീകരമായ ലൈംഗികാസംതൃപ്തിയിലേക്കാണ് ഇത് ആണിനേയും പെണ്ണിനേയും എത്തിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അതാണ് ഇപ്പോൾ കുടുംബങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും. [2]

ഉദാര ലൈംഗികതയെക്കുറിച്ച മതവീക്ഷണം എത്രത്തോളം ശാസ്ത്രീയമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇത് പോലെ ഖുർആനിൽ സ്ഥിരപ്പെട്ടതും മുസ്ലിങ്ങൾക്ക് സർവ്വാംഗീകൃതവുമായ എല്ലാ മൂല്യങ്ങളും ശാസ്ത്രീയവും പ്രായോഗികവുമാണെന്ന് സമർത്ഥിക്കാൻ കഴിയും. ജനാധിപത്യമൂല്യങ്ങൾ, മനുഷ്യസമത്വം, സാമൂഹിക നീതി, അടിമ വിമോചനം, മനുഷ്യാവകാശങ്ങൾ, വിശ്വാസ സ്വാതന്ത്ര്യം, പെരുമാറ്റമര്യാദകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും യുദ്ധത്തടവുകാരുടെയും തൊഴിലാളികളുടെയും അനാഥരുടെയും വയോവൃദ്ധരുടെയും അവകാശങ്ങൾ, മൃഗങ്ങളുടെ അവകാശങ്ങൾ, ആത്മഹത്യകൾ തടയൽ, പ്രകൃതി സംരക്ഷണം,  ശുചിത്വം, മദ്യത്തിന്റെയും, മയക്ക്മരുന്ന്, വ്യഭിചാരം, സ്വവർഗ്ഗഭോഗം, അശ്ലീലത, പലിശ, ചൂതാട്ടം, അന്ധവിശ്വാസങ്ങൾ, ആഭിചാരം, മാരണം, ദുർമന്ത്രവാദം തുടങ്ങിയവയുടെയും നിർമ്മാർജ്ജനം തുടങ്ങിയ എല്ലാ ഇസ്ലാമികമൂല്യങ്ങളും മനുഷ്യ നന്മയാണ് ലക്ഷ്യം വെക്കുന്നത്.

അവ അടിച്ചേൽപ്പിക്കാനല്ലെങ്കിലും പൊതുസമൂഹത്തിന് മുമ്പിൽ സമർപ്പിക്കാൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്. വാസ്തവത്തിൽ അവയിൽ മിക്കതിനും ലോകത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു എന്നതാണ് വസ്തുത. അതിനാൽ ലോകത്ത് മുസ്ലിങ്ങൾ ന്യൂനപക്ഷമാണെങ്കിലും ഇസ്ലാം ഒരിക്കലും ഒരു പരാജയമല്ലെന്നും അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റപ്പെട്ടെന്നും വ്യക്തമാകുന്നു. ഇസ്ലാം ലക്ഷ്യം വെച്ച വിശ്വാസ സ്വാതന്ത്ര്യത്തിന്റെ  രാഷ്ട്രീയഭൂമികയായ സെക്കുലരിസത്തിലൂടെയാണ് ഈ നേട്ടം കൈ വരിക്കപ്പെട്ടത്. ലോകർക്കാകമാനം അനുഗ്രഹമായിട്ടാണ് നബി അയക്കപ്പെട്ടത് എന്ന ഖുർആന്റെ പ്രഖ്യാപനം (21:107) അങ്ങനെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

ഇസ്ലാമിക മൂല്യങ്ങൾ ശാസ്ത്രീയമാണെന്നും ഗുണകരമാണെന്നും മാത്രമല്ല അവ സമൂഹത്തിന്റെ നില നിൽപ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് കൂടി ഇവിടെ വ്യക്തമാകുന്നു. അത് കൊണ്ട് തന്നെ ലോകസമൂഹം ഇസ്ലാമിക മൂല്യങ്ങളെ ഇസ്ലാമിന് ക്രെഡിറ്റ് കൊടുക്കാതെ തന്നെ വാരിപ്പുണർന്ന കാഴ്ച്ചയാണ് നാം കാണുന്നത്. സാർവ്വവൗകിക മനുഷ്യാവകാശങ്ങളെക്കുറിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിലും (Universal Declaration of Human Rights) യുദ്ധരംഗത്തെ അന്താരാഷ്ട്ര മര്യാദകളെപറ്റിയുള്ള ജനീവാ കൺവെൻഷനിലുമെല്ലാം ഈ സ്വാധീനം പ്രകടമാണ്. എന്നിട്ടും ഇസ്ലാമിക മൂല്യങ്ങളുടെ പ്രായോഗികത പരിഗണിക്കേണ്ടെന്നും അവ  അടിച്ചേൽപ്പിക്കപ്പെടേണ്ടവയാണെന്നും കരുതുന്ന മതരാഷ്ട്രവാദികളുടെ കാര്യം മഹാ കഷ്ടം തന്നെ.

(തുടരും)No comments:

Post a Comment