Monday, June 27, 2011

ഇസ്ലാമും സെക്കുലരിസവും-ഭാഗം 3

കാരോളി

“ഇസ്ലാമിക ഭരണം” – ഒരു പൗരോഹിത്യ സങ്കൽപ്പം
 ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണെന്നും രാഷ്ട്രീയമുൾപ്പെടെയുള്ള സമഗ്ര മേഖലയിലും അതിന് മാർഗ്ഗ നിർദ്ദേശങ്ങളുണ്ടെന്നും അവയനുസരിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും കക്ഷി ഭേദമെന്യേ മുസ്ലിങ്ങൾ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ രാഷ്ട്രീയ രംഗത്ത് മൗലികവാദം അനുവദിക്കാത്ത സെക്കുലരിസം ഇസ്ലാം വിരുദ്ധമാണെന്നും മനുഷ്യ നിർമ്മിത നിയമങ്ങൾ അനുസരിക്കുന്നതും അത്തരം നിയമങ്ങൾ നിർമ്മിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പാർലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുന്നതും മുസ്ലിങ്ങൾക്ക് നിഷിദ്ധമാണെന്നു വരെ ചില ഇസ്ലാമിസ്റ്റ് സംഘടനകൾ വാദിച്ചിട്ടുണ്ട്.

മുസ്ലിം സാധാരണക്കാരുടെ ചിന്താഗതിയെ കുറച്ചേറെ സ്വാധീനിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെന്നത് ഒരു സത്യമാണ്. (അതേ സമയം സെക്കുലറാണെന്ന് അവകാശപ്പെടാത്ത ഒരൊറ്റ മുസ്ലിം രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിലില്ല എന്ന വിരോധാഭാസം മറു വശത്ത് കിടക്കുന്നു.) കേവലം ഉപരിപ്ലവവും ബാലിശവുമായ വാദമാണിതെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇത്തരം മതസംഘടനകളുടെ പ്രായോഗിക ബുദ്ധിയില്ലായ്മയുടെ ഒരു ഉദാഹരണമായി ഇതിനെ കണക്കാക്കാം. അവർക്ക് തങ്ങളുടെ നിലപാടുകൾ അടിക്കടി മാറ്റേണ്ടി വരുന്നത് തന്നെ ഇത് കൊണ്ടാണ്. ഒരു കാലത്ത് ജനാധിപത്യം പോലും അസ്പൃശ്യമായിരുന്ന ചില മൗലികവാദ സംഘടനകൾ അവസാനം കമ്മ്യൂണിസത്തിന്റെ പോലും ഉപാസകരായി മാറിയത് നാം കാണുന്നു.

ഇവരുടെ ഈ വാദത്തിന്റെ പ്രായോഗികത ഒന്ന് പരിശോധിക്കാം. ഇസ്ലാം രാഷ്ട്രീയ രംഗത്ത് മൗലികവാദപരമായ നിയമങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും അത് നടപ്പിലാക്കാൻ മുസ്ലിങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്നും വാദത്തിന് വേണ്ടി സങ്കൽപ്പിക്കുക. ഇവിടെ രണ്ട് സാഹചര്യങ്ങൾ അഭിമുഖീകരിക്കാം. ഒന്ന് മുസ്ലിങ്ങൾ ന്യൂനപക്ഷമായ അവസ്ഥ, മറ്റൊന്ന് അവർ ഭൂരിപക്ഷമായതും.

മുസ്ലിങ്ങൾ ന്യൂനപക്ഷമായ ഒരവസ്ഥയിൽ എങ്ങനെയാണ് ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുകയെന്ന് ബന്ധപ്പെട്ടവർ തന്നെ വിശദീകരിക്കേണ്ടതുണ്ട്. മാവോയിസ്റ്റുകളെ പോലെ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ സായുധ വിപ്ലവം നടത്തണോ? അതുമല്ലെങ്കിൽ മുമ്പ് ചിലർ ചെയ്തത് പോലെ സർക്കാർ ജോലി സ്വീകരിക്കാതെയും സ്ക്കൂളിൽ പോകാതെയും ഇസ്ലാമിക ഭരണം വരുന്നതും നോക്കിയിരിക്കണോ? (അങ്ങനെയൊന്നും വേണമെന്ന് ഭാഗ്യത്തിന് ഇന്ന് ആരും പറയുന്നില്ല.)

ഇനി മുസ്ലിങ്ങൾ ഭൂരിപക്ഷമായ ഒരവസ്ഥ സങ്കൽപ്പിക്കുക. അപ്പോൾ മേൽക്കോയ്മ മുസ്ലിങ്ങൾക്കായതിനാൽ “ഇസ്ലാമിക നിയമം” നടപ്പാക്കാൻ കഴിയും എന്ന് തോന്നാൻ സാധ്യതയുണ്ട്. പക്ഷെ ഇവിടെയും ചില പ്രശ്നങ്ങളുയരുന്നുണ്ട്. ന്യൂനപക്ഷമായിരിക്കുന്ന അവസ്ഥയിൽ സെക്കുലരിസത്തിന് വേണ്ടി വാദിക്കുകയും ഭൂരിപക്ഷമുള്ളപ്പോൾ സ്വന്തം മതത്തിന്റെ ഭരണം വേണമെന്നും വാദിക്കുന്നതും എങ്ങിനെ ന്യായീകരിക്കാൻ കഴിയും? ഇസ്ലാം മാത്രമാണ് ദൈവികമെന്നും മറ്റുള്ള മതങ്ങളും ദർശനങ്ങളുമെല്ലാം കാലഹരണപ്പെട്ടതാണെന്നും വേണെങ്കിൽ വാദിക്കാം. പക്ഷേ ഇത് ഇതര സമുദായക്കാർ അംഗീകരിച്ച് തരാൻ തീരെ സാധ്യതയില്ല. അതിനാൽ ഇസ്ലാമിക ഭരണത്തിന് സമാന്തരമായ വാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികൾക്കും പടിഞ്ഞാറൻ രാജ്യങ്ങളിലെ വലതു പക്ഷ ക്രൈസ്തവപാർട്ടികൾക്കുമെല്ലാം തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ന്യായീകരിക്കാൻ കഴിയില്ലേ?

മറ്റ് ചില മതങ്ങളിലെ മൗലികവാദം നടപ്പാക്കപ്പെട്ടാൽ അത് മുസ്ലിങ്ങൾക്ക് തീരെ സുഖകരമായിരിക്കില്ല എന്നതാണ് നമ്മുടെ അനുഭവം. ഗുജറാത്തിലെ മോഡിയുടെ മാതൃകയും അമേരിക്കൻ വിദേശ നയത്തിൽ വലതു പക്ഷ പ്രൊട്ടസ്റ്റന്റ് സഭകൾ ചെലുത്തുന്ന സ്വാധീനത്തിന്റെ തിക്തഫലങ്ങളുമെല്ലാം നാം കണ്ടു കൊണ്ടിരിക്കുകയാണ്. അമേരിക്ക അധിനിവേശങ്ങൾക്ക് തുടക്കമിട്ടത് തന്നെ താലിബാന്റെ ചെയ്തികളുടെ മറ പിടിച്ച് കൊണ്ടായിരുന്നുവെന്നതല്ലേ സത്യം? ഫലസ്തീൻ പ്രശ്നം പോലും കേവലം ഒരധിനിവേശമല്ലെന്നും യഹൂദരുടെ മതസങ്കൽപ്പങ്ങൾ അതിൽ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇനി ഇതൊന്നും പരിഗണിക്കാതെ “ഇസ്ലാമിക നിയമം” നടപ്പാക്കിക്കളയാമെന്നു തന്നെ വിചാരിക്കുക. എന്നാൽ ഇസ്ലാമിക നിയമം എന്നത് ഒരു ഏകശിലാത്മക സങ്കൽപ്പമാണോ? സുന്നികൾക്കിടയിൽത്തന്നെ അടിസ്ഥാന സങ്കൽപ്പങ്ങളിൽ ഏകോപനമുണ്ടെങ്കിലും ശാഖാപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നത് സുവിദിതമാണ്. അത് സ്വാഭാവികവുമാണ്. നാല് സാമ്പ്രദായിക മദ്ഹബുകൾക്ക് പുറമെ സലഫി, ജമാഅത്തെ ഇസ്ലാമി പോലുള്ള ആധുനിക മദ്ഹബുകളുമുണ്ട്. ഇതിലാരുടെ മദ്ഹബനുസരിച്ചാണ് അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുക?

എല്ലാ യാഥാസ്ഥിതികരും ആധുനികരും വട്ടം കൂടിയിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിലെത്തുന്ന ഒരവസ്ഥയുണ്ടാകുമെന്ന് കരുതാൻ സാമാന്യ ബുദ്ധി നമ്മെ അനുവദിക്കുന്നില്ല. നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ സ്വന്തം വീക്ഷണങ്ങൾ മൗലികവാദപരമായി ന്യായീകരിക്കാനുള്ള പ്രവണതയും, തങ്ങൾ തന്നെയാണ് ശരിയെന്ന ചിന്താഗതിയും, പരസ്പര വൈരവും, മതപണ്ഡിതന്മാരുടെ പ്രായോഗികതയെക്കുറിച്ചുള്ള പരിഗണനയില്ലായ്മയുമെല്ലാം ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് സലഫികൾ ഭരിക്കുന്ന സൗദിയിലെ അവസ്ഥ. മദ്ഹബുകളെ തന്നെ അംഗീകരിക്കാത്ത സലഫിസത്തിൽ മറ്റ് മദ്ഹബുകൾക്കും കക്ഷികൾക്കും എന്ത് പരിഗണന കിട്ടും എന്ന് സങ്കൽപ്പിക്കാവുന്നതേയുള്ളു. ശിയാക്കളുടെയും മറ്റും കാര്യം പറയുകയും വേണ്ട. അതിനാൽ “ഇസ്ലാമിക ഭരണത്തിൽ” ഇതര മതസ്ഥരേക്കാൾ കൂടുതൽ തഴയപ്പെടുന്നത് ഭരണത്തിലില്ലാത്ത ഇതര മുസ്ലിം വിഭാഗങ്ങളായിരിക്കുമെന്ന അപകടമുണ്ട്.

അതോടൊപ്പം ഈ പ്രായോഗിക ഉദാഹരണത്തിൽ നിന്ന് “ഇസ്ലാമിക ഭരണ”ത്തിന് വേണ്ടി മുറവിളി കൂട്ടുന്ന മൗലവിമാരുടെ മനസ്സിലിരുപ്പ് വ്യക്തമാകുന്നുണ്ട്. അവരുടെ ലക്ഷ്യം അവർ മാത്രം നേതൃത്വം നൽകുന്നതും, അവരുടെ മതവ്യാഖ്യാനങ്ങളും നിയമങ്ങളും നടപ്പാക്കപ്പെടുന്നതും, ദൈവികനിർദ്ദേശങ്ങളെന്ന പേരിൽ അത് ആരും ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതുമായ ഒരു വ്യവസ്ഥയാണ് എന്ന് വ്യക്തം. ഇതും പൗരോഹിത്യവും തമ്മിൽ എന്താണ് വ്യത്യാസം?  “ഇസ്ലാമിക ഭരണ”മെന്നത് ഒരു പൗരോഹിത്യ സങ്കൽപ്പമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

അതേ സമയം മേൽപ്പറഞ്ഞവ "ഇസ്ലാമിക ഭരണത്തിന്റെ" പ്രത്യേകമായ പരിമിതികളല്ലെന്നും മൗലികവാദപരമായ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയുടെയും പൊതുസ്വഭാവമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവുമധികം സംഘടിത സ്വഭാവമുള്ള മതമായ ക്രിസ്തുമതത്തിന് ആധിപത്യമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും രാഷ്ട്രീയ രംഗത്ത് സെക്കുലരിസം സ്വീകരിച്ചിരിക്കുന്നത് ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനത്രേ.

അതിനാൽ മുസ്ലിങ്ങൾക്ക് പ്രായോഗിക രംഗങ്ങളിൽ ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരണമെന്ന ഇസ്ലാമിക ബാധ്യത നിറവേറ്റുകയും അതേ സമയം എല്ലാ കക്ഷികൾക്കും മതവിഭാഗങ്ങൾക്കും തുല്യ പരിഗണന നൽകുകയും ചെയ്യുന്ന വ്യവസ്ഥയാണ് അഭികാമ്യം-അതാണ് സെക്കുലരിസം എന്നതാണ് വസ്തുത.

(തുടരും)

No comments:

Post a Comment