Thursday, June 16, 2011

ഇസ്ലാമും സെക്കുലരിസവും-ഭാഗം 2

കാരോളിരാഷ്ട്രീയം ശാസ്ത്രം തന്നെ.
അതെ, രാഷ്ട്രീയം ഒരു ശാസ്ത്രമേഖല തന്നെയാണ്. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും, അവരുടെ നന്മ ഉറപ്പ് വരുത്താനും അവരെ പുരോഗതിയിലേക്ക് നയിക്കാനും ആവശ്യമായ നിരവധി പ്രായോഗിക പരിഗണനകളുണ്ട്. ഇതിനായി എല്ലാ ശാസ്ത്ര/ സാമൂഹിക ശാസ്ത്ര വിജ്ഞാനീയങ്ങളെയും ആശ്രയിക്കുകയും അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടി വരുകയും ചെയ്യും. മനുഷ്യ പ്രകൃതം, സാമൂഹിക ബന്ധങ്ങളും ചലനങ്ങളും, സാമൂഹിക നിയന്ത്രണവും ക്രമീകരണവും, നിയമങ്ങളുടെ പ്രയോഗം തുടങ്ങിയവ രാഷ്ട്രീയത്തിന്റെ പ്രതിപാദ്യ വിഷയങ്ങളാണ്.  ശാസ്ത്രീയ പഠന രീതിയുടെ അടിസ്ഥാനങ്ങളായ പരീക്ഷണം, നിരീക്ഷണം, വിവര ശേഖരണം തുടങ്ങിയവ അതിനും ബാധകമാണ്. അത് കൊണ്ട് രാഷ്ട്രീയം ശാസ്ത്രമോ സാമൂഹിക ശാസ്ത്രമോ ആയാണ് ഗണിക്കപ്പെടാറ്.

അതിനാൽ അത് മത പണ്ഡിതന്മാരുടെ പരിധിയിൽ പെടുന്നതല്ല. കാരണം, പ്രായോഗിക പരിഗണനകളല്ല അവരുടെ അടിസ്ഥാനം, മറിച്ച് അവർ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ, അതിൽത്തന്നെ അവരുടെ കക്ഷി (sect) യുടെ, ഒരു പക്ഷേ അതിൽത്തന്നെ ഒരു ഉപകക്ഷി (subsect)യുടെ സവിശേഷമായ വിശ്വാസ പ്രമാണങ്ങളും, മാമൂലുകളും, വ്യാഖ്യാനങ്ങളും ഉയർത്തിപ്പിടിക്കുക എന്നതാണ് അവരുടെ ദൗത്യം. അവരുടെ വിശ്വാസങ്ങളിൽ ചിലത് പ്രായോഗികമായിരിക്കാം, മറ്റ് ചിലത് അപ്രായോഗികമായിരിക്കാം-പക്ഷെ അവരെ സംബന്ധിച്ച് അത് പ്രസക്തമല്ല. മതം മൗലികവാദത്തിൽ അധിഷ്ഠിതമായതിന്റെ ഒരു പ്രത്യേകതയാണിത്. 


പ്രായോഗികതയും യാഥാർത്ഥ്യവും നോക്കി മതകാര്യങ്ങൾ തള്ളാനും കൊള്ളാനും മതപണ്ഡിതന്മാർക്ക് സാധ്യവുമല്ല-കാരണം അത് ആ മതവിഭാഗത്തിന്റെ മൗലികത ചോദ്യം ചെയ്യലാകും. ഏതെങ്കിലും മതപണ്ഡിതൻ തനിക്ക് ഏതെങ്കിലും വിഷയത്തിൽ തെറ്റ് പറ്റിയതായി അംഗീകരിച്ച ചരിത്രമുണ്ടോ? മതപണ്ഡിതന്മാർ ചിലപ്പോഴൊക്കെ തെറ്റ് തിരുത്താറുണ്ടെങ്കിലും മുമ്പ് തെറ്റ് പറ്റിയിരുന്നെന്ന് ഒരിക്കലും അംഗീകരിക്കാറില്ല. അങ്ങനെ ചെയ്താൽ അവരുടെ വിശ്വാസ്യതയെ അത് ബാധിക്കും എന്നതാണ് കാരണം. മതകാര്യങ്ങളിൽ വിശ്വാസം മാത്രമാണ് ആധാരം എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഒരേ മതത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽപ്പോലും ഭിന്നതയുണ്ടാകാൻ കാരണം അവരുടെ മൗലികവാദപരമായ വ്യാഖ്യാനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളാണ്. ഇസ്ലാമിൽ തന്നെ മൂലതത്ത്വങ്ങളിൽ ഏകോപനമുണ്ടെങ്കിലും ശാഖാപരമായ കാര്യങ്ങളിൽ ഭിന്നതകളുണ്ട്-അത് സ്വാഭാവികവുമാണ്. എന്നാൽ ശാസ്ത്രീയ-പ്രായോഗിക കാര്യങ്ങളിൽ ഭിന്നതയുണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം അവിടെ ഒരു വാദത്തോടും ആർക്കും മൗലികവാദപരമായ താൽപര്യമില്ലെന്ന് മാത്രമല്ല ഏത് വാദമാണ് ശരിയെന്ന് പ്രായോഗികമായി തെളിയിക്കാൻ സാധിക്കും. അത് കൊണ്ട് മതവിഭാഗങ്ങൾ രാഷ്ട്രീയത്തിലിടപെടാതിരിക്കുന്നതാണ് അവ തമ്മിലുള്ള ഭിന്നതകളെ പ്രായോഗികതലത്തിലേക്ക് കൊണ്ട് വരാതിരിക്കുന്നതിന് നല്ലത്. സമുദായത്തിന്റെ പൊതുപ്രാതിനിധ്യം അവകാശപ്പെടാൻ കഴിയുന്നത് സെക്കുലർ നേതൃത്വത്തിനാകുന്നത് അങ്ങനെയാണ്.

മതപണ്ഡിതന്മാർ അവരുടെ മതവിഭാഗത്തിന്റെ ആദർശ സംരക്ഷകരും ധ്വജവാഹകരുമാണ്. അവരുടെ ഈ ദൗത്യം സെക്കുലരിസവുമായി ഒത്ത് പോകില്ല. കാരണം സെക്കുലരിസത്തിൽ മതങ്ങൾ തമ്മിൽ വലുപ്പച്ചെറുപ്പം കൽപ്പിക്കുന്നില്ല. ഇതംഗീകരിക്കാൻ മതപണ്ഡിതന്മാർക്ക് സാധ്യമല്ല, കാരണം മതത്തിൽ ആ വിഭാഗത്തിന്റെ മറ്റുള്ളവരെ അപേക്ഷിച്ചുള്ള ശ്രേഷ്ഠസങ്കൽപ്പം അതിപ്രധാനമാണ്. എത്രത്തോളമെന്നാൽ ആ വിഭാഗത്തിന്റെ പ്രസക്തിയെത്തന്നെ സാധൂകരിക്കുന്നത് ഈ ശ്രേഷ്ഠ സങ്കൽപ്പമാണ്.  അതിനാൽ മത പണ്ഡിതന്മാർ സെക്കുലർ രംഗത്ത് പ്രവർത്തിക്കുന്നത് ആശയപരമായ വൈരുധ്യം സൃഷ്ടിക്കും. 

രാഷ്ട്രീയരംഗത്ത് മൗലികവാദം പ്രയോഗിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അത് പരാജയപ്പെട്ട ചരിത്രമാണുള്ളത്. മധ്യ കാലഘട്ടത്തിലെ യൂറോപ്പിൽ  രാഷ്ട്രീയരംഗത്ത് ആധിപത്യം പുലർത്തിയിരുന്ന മതപൗരോഹിത്യം ശാസ്ത്രത്തിന്റെ വെല്ലുവിളിക്ക് മുമ്പിൽ കാലിടറി വീണ കാഴ്ച്ചയാണ് നാം കാണുന്നത്. മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിസ്റ്റ് പാർട്ടികൾ അപൂർവ്വമായി മാത്രമേ രാഷ്ട്രീയ രംഗത്ത് വിജയം കാണാറുള്ളു. അഫ്ഗാനിസ്താനിലെ താലിബാന്റെ പതനവും നമ്മുടെ മുമ്പിലുണ്ട്.

പിസാ ഗോപുരത്തിന്റെ മുകളിൽ നിന്ന് ഗലീലിയോ നിലത്തേക്കിട്ട ഉരുളൻ കല്ല് വലിയ പൊട്ടിത്തെറിയാണ് സാംസ്ക്കാരിക രംഗത്ത് സൃഷ്ടിച്ചത്. അതിന്റെ പ്രകമ്പനം മതപൗരോഹിത്യത്തിന്റെ കോട്ടകൊത്തളങ്ങൾ പിടിച്ച് കുലുക്കി. കോപ്പർനിക്കസിന്റെയും കെപ്ലറുടെയുമെല്ലാം കിടിലൻ ചോദ്യങ്ങൾക്ക് മുമ്പിൽ ഭൂമി പരന്നതാണെന്നും പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നുമൊക്കെയുള്ള മതവ്യാഖ്യാനങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന മതനേതൃത്വം ഒടിഞ്ഞു മടങ്ങി. അങ്ങനെ യൂറോപ്പിലും സെക്കുലരിസത്തിന്റെ നാന്ദി കുറിച്ചത് ശാസ്ത്ര ചിന്തയുടെ അരങ്ങേറ്റത്തോടെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇസ്ലാമിന്റെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി അവിടെ അത് മതനേതൃത്വവുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സെക്കുലരിസം മതവിരുദ്ധമാണെന്ന കാഴ്ച്ചപ്പാട് ശക്തിപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

ഇത് മതപാർട്ടികളുടെ മാത്രം കാര്യമല്ല. മൗലികവാദപരമായ രാഷ്ട്രീയവീക്ഷണം മുമ്പോട്ട് വെക്കുന്ന കമ്മ്യൂണിസം പോലുള്ള നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങൾക്കും ഇത് ബാധകമാണ്. അത്തരമൊരു വീക്ഷണമായ സോഷ്യലിസം അക്ഷരം പ്രതി നടപ്പിലാക്കാൻ ശ്രമിച്ച സോവിയറ്റ് യൂണിയന്റെയും മറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും തകർച്ച ഇതിന് നിദർശനമാണ്. അതേ സമയം കുറേക്കൂടി ശാസ്ത്രീയമായ സ്വകാര്യ സ്വത്ത് അംഗീകരിച്ചുള്ള സാമ്പത്തിക വീക്ഷണം സ്വീകരിച്ച രാഷ്ട്രങ്ങൾ (“കമ്മ്യൂണിസ്റ്റ്” ചൈനയുൾപ്പെടെ) സ്ഥിരതയോടെ മുമ്പോട്ട് പോകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. രാഷ്ട്രീയം ശാസ്ത്രമാണെന്നും മൗലികവാദത്തിന് വഴങ്ങുന്നതല്ലെന്നുമുള്ളതിന്റെ സ്ഥിരീകരണമാണിതെല്ലാം.

മതപണ്ഡിതന്മാരും അവരുടെ പ്രമാണങ്ങളും വ്യാഖ്യാനങ്ങളും പ്രസക്തമായിട്ടുള്ളത് അവരുടെ സമുദായങ്ങൾക്ക് മാത്രമാണ്. എന്നാൽ ശാസ്ത്രജ്ഞന്മാരും ശാസ്ത്രവും എല്ലാവർക്കും സ്വീകാര്യമാണ്. ഇത് തന്നെ രണ്ട് മേഖലകളുടെയും വേർതിരിവ് പ്രകടമാക്കുന്നുണ്ട്. മതപണ്ഡിതന്മാരുടെ സംഭാവനകൾ കൂടുതലും ആത്മീയമേഖലയിൽ ഒതുങ്ങി നിൽക്കുന്നുവെന്ന് കാണാം. (ക്രിസ്തുമതത്തെ അപേക്ഷിച്ച് ഇസ്ലാമിലാണ് ഇത് കൂടുതൽ പ്രകടം എന്നതും ശ്രദ്ധേയമാണ്.) അത് പോലെ വരുമാനത്തിന് അവർ സമുദായത്തെ ആശ്രയിക്കുന്ന അവസ്ഥയുമുണ്ട്. പ്രായോഗികമേഖലയായുള്ള അവരുടെ വിദൂരത കൊണ്ടാണ് ഇത്.

ഇതിനർത്ഥം മതത്തിനും മതപണ്ഡിതന്മാർക്കും പ്രായോഗിക പ്രാധാന്യമില്ലെന്നല്ല. നേരത്തെ വ്യക്തമാക്കിയത് പോലെ നിയമങ്ങളുടെ ആധാരമായ മൂല്യങ്ങൾ സമർപ്പിച്ചതും അവ പാലിക്കാൻ മനുഷ്യരെ പ്രാപ്തരാക്കിയതും മതങ്ങളാണ്. തീർച്ചയായും മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കും ഐക്യത്തിനും ലോകസമാധാനത്തിനും മതങ്ങൾ വലിയ സംഭാവനകളർപ്പിക്കുന്നുണ്ട്. നിരീശ്വരപ്രസ്ഥാനങ്ങൾക്ക് പോലും നിലനിൽപ്പിനായി മതമൂല്യങ്ങളെ സ്വീകരിക്കേണ്ടി വരുന്നത് മതങ്ങളുടെ നിത്യപ്രസക്തിയെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകൾ വ്യത്യസ്തമാണെന്നാണ് ഇവിടെ സമർത്ഥിക്കുന്നത്. 


സമുദായത്തെ ഒരു കുടുംബത്തോടുപമിച്ചാൽ മതനേതൃത്വത്തെ മാതാവിനോടും സെക്കുലർ നേതൃത്വത്തെ പിതാവിനോടുമാണുപമിക്കേണ്ടത്. പിതാവാണ് കുടുംബത്തിന് സംരക്ഷണം നൽകുകയും ജീവിതവൃത്തിക്കുള്ള വകയുണ്ടാക്കുകയും ചെയ്യുന്നത്. മാതാവിന്റെ റോൾ അതിപ്രധാനമാണെങ്കിലും കുട്ടികളുടെ ക്ഷേമം കണക്കിലെടുത്ത് അവരുടെ കൂടെത്തന്നെ കഴിയുകയാണുത്തമം. അത് പോലെ മതനേതൃത്വം സമുദായത്തിന്റെ ആത്മീയകാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.


(തുടരും)

No comments:

Post a Comment