Thursday, May 19, 2011

മറപ്പുരകളുടെ ആശയപ്രപഞ്ചം


മറപ്പുരകൾ ആവശ്യമാണോ? കേൾക്കുമ്പോൾ ഞെട്ടുകയും മുഖം ചുളിക്കുകയും ചെയ്യരുത്. ടോയ്ലെറ്റുകളെക്കുറിച്ചുള്ള ചർച്ച ആദ്യമായിട്ടല്ല ലോകത്ത് നടക്കുന്നതും. എന്നാൽ ഇന്ന് നാം ഇത്തരം ചർച്ചകളിൽ നിന്ന് പോലും മറഞ്ഞിരിക്കാൻ തത്രപ്പെടുന്നത് ഒരു കാലത്ത് മറപ്പുരകൾ തന്നെ ഉണ്ടായിരുന്നില്ല എന്ന ചരിത്ര സത്യം മറന്നു പോയത് കൊണ്ടത്രേ.

ഇത് ഒറ്റപ്പെട്ട ഒരു മനോഭാവമല്ല. അമേരിക്കൻ സാംസ്ക്കാരിക ഗവേഷകരായ ഓൾഗാ ഗെർഷൻസണും ബാർബറാ പെന്നറും ചേർന്ന് 2004 ൽ ടോയ്ലെറ്റുകളെക്കുറിച്ചുള്ള ഒരു പഠന സമാഹാരം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. എന്ട്രികൾ ക്ഷണിച്ചു കൊണ്ടുള്ള അവരുടെ പരസ്യത്തിന് നേരെ അക്കാദമിക്ക് ബുദ്ധിജീവി വൃത്തങ്ങളും വെബ്സൈറ്റുകളും പത്രക്കാരും കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്. നമ്മുടെ നാട്ടിലും ഇത്തരം വിഷയങ്ങളെ ‘ഇച്ചീച്ചി’യായിത്തന്നെയാണ് ഇപ്പോഴും കാണുന്നത്. ഗൗരവമായ ചർച്ചക്കുള്ള അക്കാദമിക് യോഗ്യത തെളിയിക്കപ്പെട്ടിട്ടില്ലാത്ത വിഷയമായിട്ടാണ് ഇതിനെ കാണുന്നത്. [1]

എന്നാൽ എത്ര മറച്ച് വെച്ചാലും മറഞ്ഞിരിക്കുന്നതല്ല മറപ്പുരകളുടെ കാര്യം. മലമൂത്രവിസർജ്ജനം അത്ര വലിയ ഒരു തെറ്റുമല്ല. മിക്ക വൈദ്യപരിശോധനയിലും ഡോക്ടർമാരുടെ ഇഷ്ട ചോദ്യം ഇതിനെക്കുറിച്ചാണ് എന്നതിനാൽ അതിന് ശാസ്ത്രീയതയുമേറും. കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീകൾ മൂത്രപ്പുരക്ക് വേണ്ടി നടത്തിയ സമരം മറപ്പുരകളെ ഒരു അന്തർകേരള ഇഷ്യു വരെ ആക്കിയത് ഈ സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രാധാന്യത്തിന് അടിവരയിടുന്നു.

മറപ്പുരകളുടെ പ്രസക്തിയെ അടിവരയിടുന്ന ഒരു റിപ്പോർട്ടിതാ:

“കേന്ദ്ര സർക്കാരിന്റെ റൂറൽ ഡവലപ്മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള Department of Drinking Water 1999-ൽ തുടങ്ങിയ TSC (Total sanitation campaign), ശുചിത്വം സംബന്ധിച്ച വിവരം ലഭ്യമാക്കുക, ശുചിത്വ സാക്ഷരതയുണ്ടാക്കുക, ശുചിത്വ പ്രചാരണം നടത്തുക എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. 2010-നുള്ളിൽ ഇന്ത്യയിൽ തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്ന അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ശുചിയുള്ള ടോയ്ലെറ്റുകളുടെ ആവശ്യകതയെപ്പറ്റി പ്രാദേശിക ഭരണാധികാരികളെയും സന്നദ്ധ സംഘടനകളെയും ബോധവൽക്കരിക്കുക, സ്ക്കൂളുകളിലും അംഗനവാടികളിലും പൊതു ഇടങ്ങളിലും ടോയ്ലെറ്റ് സൗകര്യങ്ങൾ ഏർപ്പാടാക്കാനുള്ള സാമ്പത്തിക സഹായം നൽകുക, ശുചിത്വ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക, എന്നിവയൊക്കെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങളാണ്.

എല്ലാ വീടുകളിലും സ്ക്കൂളുകളിലും അംഗനവാടികളിലും ശുചിയായ ടോയ്ലെറ്റ് സൗകര്യമുണ്ടായിരിക്കുക, തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്ന അവസ്ഥ ഇല്ലാതിരിക്കുക തുടങ്ങിയ പല മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി കേന്ദ്ര ഗവൺമെന്റ് കൊടുക്കുന്ന നിർമൽ പുരസ്കാരം ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 ലക്ഷവും ഗ്രാമ പഞ്ചായത്തുകൾക്ക് 5 ലക്ഷവും വീതമാണ്.”  [2]

എന്നാൽ ‘എന്തിന് മറപ്പുരകൾ’ എന്ന് നമ്മൾ ആരും ചോദ്യം ഉന്നയിക്കാറില്ല. മലമൂത്രവിസർജ്ജനത്തിന് മറയില്ലാത്ത ഒരവസ്ഥ കേരളീയരായ നമുക്ക് അചിന്ത്യമാണ്. അത് കൊണ്ട് തന്നെ ഇതൊക്കെ “സ്വാഭാവികമായി” എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ, ഇതിനൊക്കെ നിയമങ്ങൾ വേണോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നേക്കാം. എന്നാൽ തമിഴ് നാട്ടിലും മറ്റും പോയിട്ടുള്ള ആരും അത് പറയുമെന്ന് തോന്നുന്നില്ല. അവിടെ തുറസ്സായ പാടങ്ങളിലും പറമ്പുകളിലും വിനോദ സഞ്ചാരികൾ വരുന്ന ബീച്ചുകളിൽ പോലും യാതൊരു സങ്കോചവുമില്ലാതെ മനുഷ്യ ജന്മങ്ങൾ വെളിക്കിരിക്കുന്നത് (അസഹനീയമായ) സ്ഥിരം കാഴ്ച്ചയാണ്.

ഇനി മനുഷ്യന്റെ പ്രാഥമികാവശ്യനിർവ്വഹണത്തിന്റെ കേരളചരിത്രത്തിലെ സാംസ്ക്കാരിക പരിപ്രേക്ഷ്യം മാതൃഭൂമി ലേഖനത്തിൽ വിവരിക്കുന്നത് കാണുക:

"ജാതിമതകേന്ദ്രിതമായ ഒരു സമൂഹമെന്ന നിലയിൽ കേരളീയരുടെ ശാരീരിക പ്രക്രിയകളും (Bodily functions) ജീവശാസ്ത്രപരമെന്നതു പോലെത്തന്നെ ആചാരപരവും കൂടിയായിരുന്നു.പുലകുളി, വേതുകുളി, ബലികർമ്മത്തോടനുബന്ധിച്ചുള്ള കുളി, വ്രതസ്നാനങ്ങൾ മുതലായവ സൂചിപ്പിക്കുന്നത് ഇതാണ്. ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’ത്തിൽ പി.ഭാസ്ക്കരനുണ്ണി അക്കാലത്തെ ആചാരങ്ങളെക്കുറിച്ച് എഴുതുന്നു. ”ഭൂമി, ഭൂമീ ദേവിയാണ്. അതിനാൽ ഭൂമിയിൽ നേരെ മലമൂത്രവിസർജ്ജനമരുത്. പുല്ലോ വൈക്കോലോ കൊണ്ട് മൂടിയ ഭാഗത്ത് വേണം വിസർജ്ജിക്കേണ്ടത്. ആ സമയം നിർബന്ധമായും തല മറച്ചിരിക്കണം. ഓരോ സമയവും ഏത് ദിക്ക് നോക്കിയാണ് ഇരിക്കേണ്ടതെന്നുള്ളതിനും ആചാരമുണ്ട്. (പുറം:51)”. തുടർന്ന് അദ്ദേഹം ശൗച വിധികളെക്കുറിച്ചും വിശദീകരിക്കുന്നു. ജാതിശരീരത്തിന്റെ ഉച്ചനീചത്വങ്ങൾക്കനുസരിച്ച് ആചാരങ്ങളും വ്യത്യസ്തമായിരുന്നു. മലമൂത്രവിസർജ്ജനത്തിന് ശേഷം സവർണ്ണർ ശൗചം ചെയ്താലോ തുപ്പിയാലോ അശുദ്ധമാകാത്ത കുളം അവർണ്ണന്റെ സ്പർശത്താൽ മലിനമാകുന്നതിനെക്കുറിച്ച് ‘ഹിന്ദു നിയമത്തിന്റെ നില’ (മാതൃഭൂമി വിശേഷാൽ പ്രതി, 1934) യിൽ വി.കെ.നാരായണ ഭട്ടത്തിരി രോഷം കൊള്ളുന്നുണ്ട്."  [3 ]

ഇവിടെ ഇസ്ലാമിന്റെ പ്രസക്തിയും ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യങ്ങളിൽ പോലും ഇസ്ലാമിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്നത് അതിന്റെ സമഗ്രതക്ക് നിദർശനമാണ്. ചിലരെങ്കിലും അതിനെ പരിഹാസ്യമായെടുത്തേക്കാം. ഒരിക്കൽ നബിയുടെ ഒരു അനുചരനോട് ഒരു യഹൂദൻ ചോദിച്ചത്രെ. “നിങ്ങളുടെ പ്രവാചകൻ നിങ്ങളെ നിസ്സാര കാര്യങ്ങൾ വരെ പഠിപ്പിക്കുന്നുണ്ടല്ലേ?” അനുചരന്റെ മറുപടിക്ക് താമസമുണ്ടായില്ല. “അതെ, ഞങ്ങളുടെ പ്രവാചകൻ മലമൂത്ര വിസർജ്ജനത്തിന് ശേഷമുള്ള ശൗച മര്യാദകൾ വരെ പഠിപ്പിക്കുന്നുണ്ട്.”

പക്ഷേ നമ്മുടെ ഇത് വരെയുള്ള ചർച്ച അതിന്റെ അനിവാര്യതയെ സാധൂകരിക്കുന്നുണ്ട്. നബി ദൈവമോ ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് നമ്മെപ്പോലെയുള്ള പച്ച മനുഷ്യനാണെന്നാണ് അവകാശപ്പെട്ടത്. അത് കൊണ്ട് തന്നെ നബി സ്വന്തം ജീവിത ചര്യ കൊണ്ടാണ് ഇതിൽ മാതൃക കാണിച്ചത്.

മുഹമ്മദ് നബിയുടെ നിയോഗത്തെക്കുറിച്ച് ഖുർആൻ പറയുന്നു: “തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.“ (3:164)

നബി പറഞ്ഞു: “ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്”. (ബുഖാരി)

വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്നാണ് നബി പറഞ്ഞത് (മുസ്ലിം). എന്തൊക്കെയാണ് മാലിന്യങ്ങൾ, ശുചീകരണ തത്വങ്ങൾ, മലമൂത്രവിസർജ്ജനത്തിന്റെ മര്യാദകൾ, സ്ത്രീകളുടെ ആർത്തവ-പ്രസവ ഘട്ടങ്ങളെക്കുറിച്ചുള്ള വിധികൾ എല്ലാം വിശദമായി നബിയുടെയും നബിയുടെ ഭാര്യമാരുടേയും ചര്യ മുഖേന സ്ഥാപിതമായിട്ടുണ്ട്. ഇതെല്ലാം ലോകസംസ്ക്കാരത്തെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ടെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്.

ഉദാഹരണത്തിന് വിസർജ്ജന സമയത്തെ സ്വകാര്യതയെക്കുറിച്ചുള്ള ചില റിപ്പോർട്ടുകളിതാ:

ഞങ്ങൾ നബിയോടൊന്നിച്ച് ഒരു യാത്രയ്ക്ക് പുറപ്പെട്ടു. തന്നെ ആരും കാണാത്ത വിധം മറവിൽ പോയിട്ടല്ലാതെ അവിടന്ന് വിസർജ്ജനം ചെയ്തിരുന്നില്ല. (ജാബിർ)

അവിടന്ന് വെളിക്കിരിക്കാനുദ്ദേശിച്ചാൽ ആരും കാണാതാകുവോളം അകന്ന് പോവുക പതിവായിരുന്നു. (അബൂദാവൂദ്)  [4]

ഇതിന് പുറമേ ജനങ്ങളുടെ വഴിയിലോ തണലിലോ വിസർജ്ജിക്കാതിരിക്കുക, കുളിക്കുന്ന സ്ഥലത്തോ കെട്ടി നിൽക്കുന്നതോ ഒഴുകുന്നതോ ആയ വെള്ളത്തിലോ വിസർജ്ജിക്കാതിരിക്കുക, വിസർജ്ജനാവയവങ്ങൾ ശുചീകരിക്കുക, വലതു കൈ കൊണ്ട് ശൗച്യം ചെയ്യാതിരിക്കുക, ശേഷം കൈ സോപ്പ് കൊണ്ടോ മറ്റോ ദുർഗന്ധമകറ്റാൻ വൃത്തിയാക്കുക തുടങ്ങിയ വിധികളുമുണ്ട്.

ഇനി തമിഴ് നാട്ടിലെ കാര്യം പോകട്ടെ, നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഈയടുത്ത് വരെ കാര്യങ്ങൾക്ക് മറയുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മലയാളികളുടെ പ്രിയപ്പെട്ട കഥാകാരിയായ മാധവിക്കുട്ടിയുടെ സ്മൃതികളിലൂടെ ഇക്കാര്യത്തിൽ മാതൃഭൂമി ലേഖനം വെളിച്ചം വീശുന്നു:

"കേരളത്തിന്റെ ചരിത്രത്തിൽ മലമൂത്ര വിസർജ്ജനം ആദ്യകാലത്ത് വൈയക്തിക സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തിയായിരുന്നില്ല. കൂട്ടമായും അല്ലാതെയും വീടിന് പുറത്ത് വിശാലമായ പറമ്പുകളിലും മറ്റുമായി ആളുകൾ ഇത് നിർവ്വഹിച്ചു പോന്നു. മലവിസർജ്ജനത്തെ ‘വെളിക്കിരിക്കൽ’ എന്നാണ് പലയിടത്തും വ്യവഹരിച്ചു വന്നിട്ടുള്ളത് തന്നെ. 1872 ൽ പുറത്തിറങ്ങിയ ഗുണ്ടർട്ടിന്റെ മലയാള നിഘണ്ടുവിൽ ഡച്ചു ഭാഷയിൽ നിന്നും സ്വീകരിച്ച മലയാളം വാക്കായ കക്കൂസിന്  “Privy” എന്ന് അർത്ഥം നൽകിയിട്ടുണ്ടെങ്കിലും വിസർജ്ജനവുമായി ബന്ധപ്പെട്ട സ്വകാര്യത മലയാളിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് പിന്നെയും ദശകങ്ങൾക്ക് ശേഷമാണ്.

‘വർഷങ്ങൾക്ക് മുമ്പ്’ എന്ന ആത്മകഥാപരമായ കൃതിയിൽ തന്റെ അമ്മായി കുട്ടിയോപ്പുവിനെക്കുറിച്ച് മാധവിക്കുട്ടി എഴുതുന്നു., ‘അമ്മായി അമ്പാഴത്തേൽ വെച്ച് മാത്രമല്ല, നാലപ്പാട്ടു വെച്ചും മറപ്പുരയ്ക്ക് പോകുമ്പോൾ വെള്ളക്കിണ്ടി എടുക്കാനായി ഒരു വേലക്കാരിയെ തന്റെ കൂടെ കൊണ്ടു പോവാറുണ്ടായിരുന്നു. വാതിലിനപ്പുറം ചവിട്ടു പടിമേലിരുന്നു കൊണ്ട് അവൾ അമ്മായിയോട് ഉറക്കെയുറക്കെ സംസാരിക്കുക പതിവായിരുന്നു. സംസാരത്തിന് ആളെ കിട്ടിയില്ലെങ്കിൽ തന്റെ ശോധന ശരിയാവില്ലെന്ന് വടക്കെകോലായിൽ നിന്ന് കൊണ്ട് അമ്മായി പ്രഖ്യാപിച്ചു.’ (പുറം 795 മാധവിക്കുട്ടിയുടെ സമ്പൂർണ്ണ കൃതികൾ) നാലപ്പാട്ടെ വേലക്കാരികൾ സംഘം ചേർന്ന് വെളിക്കിരിക്കാൻ പോകുന്നതിനെക്കുറിച്ച് മാധവിക്കുട്ടി വിവരിക്കുന്നുണ്ട്. ‘വീട്ടിലെ വേലക്കാർ മറപ്പുര ഉപയോഗിച്ചിരുന്നില്ല. ഉപയോഗിക്കാൻ അധികാരമില്ലാഞ്ഞിട്ടല്ല. ഉപയോഗിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടു തന്നെ. അവർ സന്ധ്യാ നേരത്ത് ഒരു സംഘമായി പടിഞ്ഞാറെ പറമ്പിലേക്കും വടക്കോട്ടെ തോട്ടിലേക്കും നടക്കും...ഇരുളിൽ നിന്ന് അവർ അന്യോന്യം സംസാരിക്കാറുണ്ടായിരുന്നു.’ (പുറം 567 ‘ബാല്യകാല സ്മരണകൾ’- മാധവിക്കുട്ടിയുടെ സമ്പൂർണ്ണ കൃതികൾ)" [5]

മാധവിക്കുട്ടി പലർക്കും അനഭിമതയായത് അരോചകമായ സത്യങ്ങൾ പറഞ്ഞതിന്റെ പേരിലാണ്. എന്നാൽ മനുഷ്യ ജന്മത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഈ വശത്തിന് പോലും സാംസ്കാരികവും, സദാചാരപരവും, ബൗദ്ധികവും ചരിത്രപരവുമായ ഇടമുണ്ടെന്നും പുരാതനവും നവീനവുമായ ആശയങ്ങൾ അതിനും ബാധകമായിട്ടുണ്ടെന്നും തന്റെ അനുഭവത്തിലുള്ള കേരളപരിസരം വെച്ച് കൊണ്ട് തന്നെ മാധവിക്കുട്ടി സാക്ഷ്യപ്പെടുത്തുകയാണിവിടെ. അത് കൊണ്ട് തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ ഒരു “മറച്ചു വെക്കൽ” ആവശ്യമില്ലെന്നും.

[1]  മാതൃഭൂമി (18 July 2010) ലേഖനം: പെൺ ടോയ്ലെറ്റുകൾ ബാക്ക് സ്റ്റേജ് അല്ല, ജി.ഉഷാകുമാരി
[2] മാതൃഭൂമി (18 July 2010) ലേഖനം: മാഞ്ഞു പോകുന്ന മൂത്രപ്പുരകൾ, മീനാക്ഷി സി എസ്
[3] ഒന്നാം സൂചിക നോക്കുക
[4]  ഫിഖ്ഹുസ്സുന്ന: സയ്യിദ് സാബിഖ്, പബ്ലിഷർ: IPH, കോഴിക്കോട്, പേജ്: 41
[5] ഒന്നാം സൂചിക നോക്കുകNo comments:

Post a Comment