Saturday, April 16, 2011

മതേതരത്വത്തിന്റെ മാതൃക -- ശൈഖ് അലി ജുമുഅ (ഈജിപ്ത് ഗ്രാന്റ് മുഫ്തി)

"ഇതര മതസ്ഥരുമായി സഹകരിച്ച് ജീവിക്കേണ്ടത് ഇന്ത്യന്‍ മുസ്ലിംകളുടെ മതപരമായ ബാധ്യതയാണെന്നോര്‍ക്കുക.  മതരാഷ്ട്ര വാദം എന്ന ആശയം അപകടകരമാണ്."

മതേതരത്വം, ബഹുസ്വരത എന്നിവ ഇന്ന് വലിയ ചര്‍ച്ചയാണ്. ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് എന്താണഭിപ്രായം?
മതേതരത്വത്തിന് ഇസ്ലാമിക ചരിത്രത്തിൽ മാതൃകകളുണ്ട്. ഇസ്ലാം വന്നപ്പോൾ വിശുദ്ധ മക്കയിലുണ്ടായിരുന്ന ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകൾ അന്ന് ഇതര മതസ്ഥരുടെ പീഢനങ്ങൾ സഹിച്ച് കൊണ്ടുതന്നെ മതരാഷ്ട്രത്തിന് വേണ്ടി ശബ്ദിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ജീവിച്ചു. ഒരു കൂട്ടം മുസ്ലിംകൾ എത്യോപ്യയിലേക്ക് പാലായനം ചെയ്ത് അവിടെ അഭയം പ്രാപിച്ചു. അവിടെ ന്യൂനപക്ഷമായി മതേതരത്വം അവലംബിച്ച് ജീവിച്ചു. ഇതാണ് മുസ്ലിംകളുടെ മതേതര ജീവിതത്തിന്റെ മറ്റൊരു ഘട്ടം. തിരുനബി(സ) മദീനയിലേക്ക് ഹിജ്റ ചെന്ന ശേഷമുള്ള ആദ്യ ഘട്ടമാണ് മൂന്നാമത്തെത്. അന്നും മുസ്ലിംകള്‍ ന്യൂനപക്ഷമാണ്.

തിരുനബി(സ)  ഇഹലോകം വെടിയുമ്പോൾ മദീന ആസ്ഥാനമായി ഒരു ഇസ്ലാമിക സാമ്രാജ്യം നിലവിലുണ്ടായിരുന്നിട്ടും എത്യോപ്യയിലെ ന്യൂനപക്ഷ മുസ്ലിംകൾ മതേതരത്വം അവലംബിച്ച് അവിടെത്തന്നെ ജീവിക്കുകയായിരുന്നു. മദീനയിലെ ഇസ്ലാമിക സാമ്രാജ്യത്തിലേക്ക് അവരെ നബി(സ)യോ ഖലീഫമാരോ തിരികെ വിളിച്ചിട്ടില്ല. അവര്‍ സ്വമേധയാ മടങ്ങിയിട്ടുമില്ല. ഇത് ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിംകള്‍ക്ക് മതേതരത്വമവലംബിക്കാൻ മതിയായ മാതൃകയാണ്. ഇതര മതസ്ഥരുമായി സഹകരിച്ച് ജീവിക്കേണ്ടത് ഇന്ത്യന്‍ മുസ്ലിംകളുടെ മതപരമായ ബാധ്യതയാണെന്നോര്‍ക്കുക.  മതരാഷ്ട്ര വാദം എന്ന ആശയം അപകടകരമാണ്.

മതേതരത്വം എന്നാൽ ഭൂരിപക്ഷം വരുന്ന ഇതരരുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്നതല്ല. സ്വന്തം ഭാഗധേയം നിര്‍വഹിക്കാതിരിക്കുന്നതുമല്ല. പ്രത്യുത  ഇസ്ലാമിക വിശ്വാസ ആചാര അനുഷ്ഠാന സംസ്കാരങ്ങളിൽ നിഷ്ട പുലര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരുടെ സമാധാനജീവിതം ഉറപ്പുവരുത്തുകയും വേണം. അവരുടെ സ്വൈര ജീവിതം അപഹരിക്കരുത്. ഇതാണ് തിരുനബി(സ)യുടെ വിശുദ്ധ മക്കയിലെയും പുണ്യമദീനയിലെയും ജീവിത മാതൃക. ഏത് സാഹചര്യത്തിലും മതനിഷ്ഠയോടു കൂടി താനാസ്വദിക്കുന്ന, അറിയുന്ന സത്യം മറ്റുള്ളവര്‍ക്ക് പകരുകയാണ് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കരണീയം. അതോടൊപ്പം രാജ്യത്ത് സമാധാനം നിലനിര്‍ത്താനുള്ള യത്നങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക.

അനുദിനം ധ്രുവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുസ്ലിം ഉമ്മത്തിന്റെ ആഗോള ഐക്യം പ്രായോഗികമാണോ?

തീര്‍ച്ചയായും. വിശ്വാസങ്ങളുടേയും കര്‍മങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക ദര്‍ശനങ്ങളുടെയും നിലപാടുകളുടെയും വൈവിധ്യങ്ങളവസാനിപ്പിക്കുകയെന്നതല്ല ഐക്യം. മറിച്ച് പരസ്പരം പ്രകോപിതരാകാതിരിക്കുക എന്നതാണ് വലിയ കാര്യം. ചുരുക്കത്തിൽ നാനാത്വത്തിൽ ഏകത്വം എന്ന് പറയാം. ഇത് നൂറ്റാണ്ടുകളായി ലോകത്ത് പൊതുവേയും വിശിഷ്യാ ഇന്ത്യയിലും നിലവിലുള്ള ആശയമാണ്. കര്‍മശാസ്ത്രത്തിലെ നാല് മദ്ഹബുകളിലെ അഭിപ്രായങ്ങള്‍ക്കിടയിൽ പലപ്പോഴും ബാഹ്യത്തിൽ മാറ്റങ്ങളുണ്ടെങ്കിലും എക്കാലത്തും നാല് മദ്ഹബുകൾ ഐക്യത്തിലാണ്. മൂന്ന് സൂഫീ മാര്‍ഗങ്ങളും അങ്ങനെതന്നെ. ഓരോരുത്തരും ഇസ്ലാമിക സാഹോദര്യവും മാനുഷിക കടമകളും മനസ്സിലാക്കി സ്വന്തം കടമകൾ നിര്‍വഹിക്കുന്നതാണ് കരണീയം.

അഭിപ്രായ വൈജാത്യവും നിലപാടിലെ വ്യതിരിക്തതയുമൊക്കെ ബുദ്ധിയുടെ പ്രകൃതമാണ്. ലോകത്തിന്റെ സ്വഭാവവുമാണ്. "എന്റെ ഉമ്മത്തിന്റെ (കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ) അഭിപ്രായ വ്യതിരിക്തത കാരുണ്യമാണ്'' എന്ന തിരുനബി(സ)യുടെ വാക്ക് ഓര്‍ത്തിരിക്കുക.
അ ഹ്‌ലുസ്സുന്നയെക്കുറിച്ച് ചുരുങ്ങിയ വിവരണം?

ഒരിക്കൽ തിരുനബി(സ)യുടെ സദസ്സിലേക്ക് കടന്നുവന്ന ജിബ്രീൽ (അ) നബി(സ)യോട് പ്രധാനമായും മൂന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഭവം പ്രസിദ്ധമാണ്. ഈമാന്‍, ഇസ്ലാം, ഇഹ്സാന്‍, അഥവാ വിശ്വാസം. കര്‍മ്മം, സ്വഭാവം എന്നിവയെക്കുറിച്ചായിരുന്നു ആ ചോദ്യങ്ങൾ. ഈ മൂന്ന് കാര്യങ്ങളിലേയും ഋജുമാര്‍ഗം പിന്‍പറ്റുന്നവരാണ് അഹ്‌ലുസുന്ന. നബി(സ)യും സ്വഹാബത്തും വിശ്വസിച്ചിരുന്നതും അനുഷ്ഠിച്ചിരുന്നതും പുലര്‍ത്തിപ്പോന്നിരുന്നതുമായ വിശ്വാസ കര്‍മ സ്വഭാവ അനുശാസനകൾ ക്രോഡീകരിച്ചത് യഥാക്രമം അശ്അരി- മാദുരീദികളും നാല് മദ്ഹബിന്റെ ഇമാമുകളും മൂന്ന് തസ്വവ്വുഫിന്റെ ഇമാമുകളുമാണ്. തസ്വവ്വുഫിന് സലഫി, സുന്നി, ഫല്‍സഫി എന്നീ മൂന്ന് മാര്‍ഗങ്ങളാണുള്ളത്. ഇബ്റാഹിമുബ്നു അദ്ഹം(റ) ഫുറൈളലുബ്നു ഇയാളദ്(റ) തുടങ്ങിയവർ നേതൃത്വം നല്‍കുന്നതും ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പാഠങ്ങളോ പഠനങ്ങളോ ഇല്ലാതെ പരിശീലനങ്ങളെ മാത്രം അവലംബിച്ചുള്ളതുമാണ് സലഫി മാര്‍ഗം. പ്രാക്ടിക്കൽ തസ്വവ്വുഫെന്ന് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇമാം ഗസാലി(റ), ശൈഖ് ജീലാനി(റ), ഇമാം ഖുശൈരി(റ), ജുനൈദുൽ ബഗ്ദാദി(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെയും അധ്യാപനങ്ങളെയും പരിശീലനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നതാണ് സുന്നി സൂഫീ മാര്‍ഗം. തിയററ്റിക്കല്‍ ആന്‍ഡ് പ്രാക്ടിക്കൽ തസ്വവ്വുഫ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഫല്‍സഫി മാര്‍ഗത്തില്‍ ദര്‍ശനങ്ങളാണുള്ളത്. ഇബ്നു അറബി(റ), ഹല്ലാജ്(റ) തുടങ്ങിയവരുടെ മാര്‍ഗമാണിത്. ഉന്നതരായ ദാര്‍ശനികന്മാരുടെ ദര്‍ശന സിദ്ധാന്തങ്ങൾ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതല്ല. മറിച്ച് ഉന്നത ദാര്‍ശനികരുടെ നിലവാരം പുലര്‍ത്തുന്നവരോടാണവരുടെ സംബോധന. ഇതിനെ ദാര്‍ശനിക തസ്വവ്വുഫ് എന്നും വിശേഷിപ്പിക്കാം.

വിശ്വാസ കാര്യങ്ങളിൽ അശ്അരി(റ), മാതുരീദി എന്നിവർ ക്രോഡീകരിച്ച് കൈമാറിയതിലും  കര്‍മകാര്യങ്ങളിൽ നാല് മദ്ഹബിന്റെ ഇമാമുകൾ ക്രോഡീകരിച്ച് സമര്‍പ്പിച്ച പാതയിലും തസവ്വുഫിൽ മുകളിൽ പ്രസ്താവിച്ച ത്രിമാര്‍ഗങ്ങളില്‍ ഒന്നിനെയും അവലംബിക്കുന്നവരാണ് സുന്നികൾ. മറ്റുള്ള മാര്‍ഗങ്ങള്‍ പിഴച്ചതും ഇസ്ലാമിക വിരുദ്ധവുമാണ്.

ഈജിപ്തിന്റെ വൈജ്ഞാനിക പാരമ്പര്യം?
ഇമാം ശാഫിഈ(റ)വിന്റെ നേതൃത്വത്തിൽ ഹിജ്റ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നടന്ന വൈജ്ഞാനിക വിപ്ലവമാണ് ഈജിപ്ത് സാക്ഷിയായ ഏറ്റവും വലിയ വൈജ്ഞാനിക വിസ്ഫോടനം. അതിന്റെ പ്രതിഫലനങ്ങൾ ലോകത്താകെ വ്യാപിക്കുകയും ഇന്നും അവശേഷിക്കുകയും ചെയ്യുന്നു. ശാഫിഈ കര്‍മ ശാസ്ത്ര സരണിയുടെ ക്രമീകരണവും പൂര്‍ത്തീകരണവുമായിരുന്നു ഈ വിപ്ലവത്തിന്റെ ഫലം.

കര്‍മശാസ്ത്ര ഗവേഷണ പണ്ഡിതരിൽ പെട്ട ലൈസ്ബ്നു സഅ്ദ്(റ)വിന്റെ വൈജ്ഞാനിക അവഗാഹത്തെക്കുറിച്ച് കേട്ട് അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്തോടെയാണ് ഇമാം ശാഫിഈ(റ) ഈജിപ്തിൽ വരുന്നത്. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് നായകത്വം വഹിച്ചിരുന്ന മക്ക, മദീന, ഇറാഖ് തുടങ്ങിയ നാടുകളിൽ കറങ്ങിയ ശേഷമായിരുന്നു ഈ വരവ്.
അക്കാലത്ത് ഹനഫീ മദ്ഹബ് ആയിരുന്നു അവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇമാം ത്വഹാവീ(റ) ആയിരുന്നു ഇതിന്റെ പ്രചാരകന്‍. ഇമാം ശാഫിഈയുടെ ജ്ഞാനവ്യുല്‍പത്തി അടുത്തറിഞ്ഞവർ കൂട്ടത്തോടെ ശാഫിഈ കര്‍മ്മശാസ്ത്ര സരണി പിന്‍തുടര്‍ന്നു. പിന്നീട് ഈജിപ്ത് ലോക ഇസ്ലാമിക വൈജ്ഞാനിക ഭൂപടത്തില്‍ അതുല്യസ്ഥാനത്തേക്കുയരുകയായിരുന്നു.

ഈജിപ്തിലെ ഇസ്ലാമിക ആചാരങ്ങളെക്കുറിച്ച്
അവിടെ ഇസ്ലാം പ്രചരിപ്പിച്ച സ്വഹാബികൾ കുറെയധികം ആചാരങ്ങളും പഠിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി ഈജിപ്ഷ്യന്‍ മുസ്ലിംകൾ ഇന്നും അവ ആചരിക്കുന്നു. ലോകത്ത് സ്വഹാബികൾ ഇസ്ലാം പ്രചരിപ്പിച്ച സ്ഥലങ്ങളിലൊക്കെ ഈ ആചാരങ്ങൾ വ്യാപകമായി കാണാവുന്നതാണ്. മതപരിഷ്കരണ വിപ്ലവങ്ങളും അട്ടിമറികളും നടന്ന രാജ്യങ്ങളിൽ ഇത്തരം ആചാരങ്ങൾ ഇന്ന് നിലവിലില്ല എന്നത് ഇതിന് അപവാദമല്ല. റമളാനും ഹജ്ജ് മാസവും റജബ് മാസവും ഈജിപ്തുകാര്‍ക്ക് ആഘോഷങ്ങളാണ്. ഖുര്‍ആൻ അവതരണം, മീലാദുന്നബി, ഹിജ്റ, പുതുവര്‍ഷം, മുഹര്‍റം  ഒമ്പത്, പത്ത്, ബറാഅത്ത് രാവ്, റജബ് ഇരുപത്തി ഏഴ് തുടങ്ങി നിരവധി ആഘോഷങ്ങൾ ഈ ആചാരങ്ങളുടെ ഗണത്തിലുണ്ട്. അവർ ഖബർ സിയാറത്ത് നടത്തുകയും തവസ്സുൽ, ഇസ്തിഗാസ നിര്‍വ്വഹിക്കുകയും മൌലിദ്, റാത്തീബ് നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണ്.
ഈജിപ്തിന്റെ ഇസ്ലാമിക പാരമ്പര്യത്തെക്കുറിച്ച്?
രണ്ടാം ഖലീഫ ഉമർ(റ)വിന്റെ ഉത്തമഭരണ കാലത്ത് ഹിജ്റ ഇരുപതില്‍ ആണ് ഈജിപ്തിൽ പ്രചരിച്ചത്. പ്രമുഖനായ സ്വഹാബി അംറുബ്നുൽ ആസ്വ്(റ)വിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സ്വഹാബികളും താബിഉകളുമായ ഒട്ടനവധി പേര്‍ പ്രബോധക ദൗത്യവുമായി ഇവിടെ എത്തി. അവരിൽ പലരും അവിടെത്തന്നെ താമസിച്ചു മരിച്ചവരാണ്. അനവധി സ്വഹാബത്തിന്റെയും താബിഉകളുടേയും അന്ത്യവിശ്രമകേന്ദ്രങ്ങളാൽ ധന്യമാണ് ഈജിപ്ത്. പ്രമുഖ സ്വഹാബി ഉഖ്ബത്തുബ്നു ആമിർ(റ) ഇക്കൂട്ടത്തിൽ പ്രഥമ ഗണനീയനാണ്.

അവരുടെ പ്രബോധന ശൈലി എങ്ങനെയായിരുന്നു?
തീര്‍ത്തും ശാന്തം. യാതൊരു പ്രകോപനവുമുണ്ടാക്കിയില്ല അവർ. മതപ്രബോധനത്തിന് ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ പതിനാറാം അധ്യായം 125മുതല്‍ 128വരെയുള്ള സൂക്തങ്ങളില്‍ തന്ത്രപരമായും സദുദ്ദേശ്യത്തോടും കൂടെ അല്ലാഹുവിലേക്ക് ജനതയെ ക്ഷണിക്കാനാണ് പറയുന്നത്. ഇതരമതക്കാരുമായി ആശയസംവാദങ്ങൾ നടത്തേണ്ടി വന്നാൽ പോലും നന്മ മാത്രമേ അവലംബിക്കാവൂ എന്നാണ് കല്‍പന. പ്രബോധന വീഥിയിൽ അക്രമത്തിനിരയായാൽ തന്നെ ക്ഷമ അവലംബിക്കലാണ് അഭികാമ്യമെന്നും പ്രതികരിക്കുകയല്ലാതെ നിര്‍വാഹമില്ലെങ്കിൽ ശത്രുവിന്റെ അക്രമം തടയാൻ പര്യാപ്തമായത് മാത്രമേ ചെയ്യാവൂ എന്നുമാണ് ഈ സൂക്തങ്ങളുടെ പാഠം. അതിലുപരി സൂക്ഷ്മശാലികള്‍ക്കും ധാര്‍മിക ശീലര്‍ക്കുമൊപ്പമാണ് അല്ലാഹു എന്നും ഇതിലുണ്ട്. യഥാര്‍ത്ഥ പ്രബോധകര്‍ക്ക് ഖുര്‍ആന്റെ ആജ്ഞ തിരസ്കരിക്കാന്‍ കഴിയുമോ?

ഇസ്ലാം വാള് കൊണ്ട് വളര്‍ന്നതാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടോ?

ലോകത്തൊരിടത്ത് നിന്നും അങ്ങനെയൊന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രബോധക സംഘത്തിന്റെ ഭാഗത്തു നിന്ന് പ്രകോപനമേതുമില്ലാതെ തന്നെ അക്രമം അഴിച്ചു വിട്ട സന്ദര്‍ഭങ്ങളിൽ ആത്മരക്ഷാര്‍ത്ഥം ആയുധമുപയോഗിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഇത് അനിവാര്യ ഘട്ടത്തില്‍ ആയിരുന്നു. രാജ്യ സുരക്ഷയുടെ ഭാഗമെന്നോണം ശത്രുരാജ്യങ്ങളോടും രാജ്യത്തെ തന്നെ വിധ്വംസക പ്രവര്‍ത്തകരോടും രാജ്യദ്രോഹികളോടും ആയുധത്തിന്റെ ഭാഷയിൽ സംസാരിക്കാമെന്ന് ഖുര്‍ആനിലുണ്ട്. അത് ശരിതന്നെയല്ലേ? ആധുനിക ദേശരാഷ്ട്രങ്ങൾ പോലും ഈ നയം സ്വീകരിക്കുന്നില്ലേ?

ഉറവിടം :  risalaonline.com

No comments:

Post a Comment