Friday, April 15, 2011

ഈജിപ്ഷ്യൻ വിപ്ലവം – ചില പ്രായോഗിക ചിന്തകൾ


"മുസ്ലിം രാജ്യങ്ങളിൽ രാഷ്ട്രീയത്തിൽ മതമൗലികവാദികളുടെ സ്വാധീനം ജനാധിപത്യ പ്രക്രിയയെ തളർത്തുകയാണോ ചെയ്യുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്"


ഈജിപ്തിലെ ശീതകാല വിപ്ലവം മുസ്ലിങ്ങളിലെ ഇസ്ലാമിസ്റ്റുകൾക്കും സെക്കുലറിസ്റ്റുകൾക്കും ചർച്ചാവിഷയമാകേണ്ടതുണ്ട്. വിപ്ലവത്തിന്റെ അന്തിമ പരിണിതി എന്തായിരിക്കുമെന്ന് അറിവായിട്ടില്ലെങ്കിലും മതത്തെയും ഭൗതികത്തെയും സംയോജിപ്പിക്കാൻ സഹനമനുഭവിക്കുന്ന ഇസ്ലാമിസ്റ്റുകളുടെയും അവയെ വേർപ്പെടുത്താൻ വിയർക്കുന്ന സെക്കുലറിസ്റ്റുകളുടെയും ഇക്കാര്യത്തിലുള്ള വീക്ഷണങ്ങളും അവകാശവാദങ്ങളും അറിയുന്നത് താൽപര്യജനകമായിരിക്കും.

അവകാശവാദങ്ങളുന്നയിക്കുന്നതിൽ പടിഞ്ഞാറും സജീവമാണ്. പടിഞ്ഞാറൻ രാജായങ്ങളിലെ ജനാധിപത്യ മാതൃകയും, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുമാണ് വിപ്ലവത്തിന് ചുക്കാൻ പിടിച്ചതെന്നാണ് അവരുടെ അവകാശവാദം. മറുവശത്ത് ഇസ്ലാമിസ്റ്റുകളാകട്ടെ ഇതിനെ തീർത്തും നിരാകരിച്ച് കൊണ്ട് ഇസ്ലാമികവീര്യം മാത്രമാണ് അതിന് പ്രേരകമായതെന്ന് വാദിക്കുന്നു. സത്യം ഇതിന് രണ്ടിനും ഇടയിലാകാനാണ് സാധ്യത.

ഈജിപ്തിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിസ്റ്റ് പാർട്ടിയാണ് ഇഖ്‌വാനുമുസ്ലിമൂ. നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്ലാമി മോഡൽ പാർട്ടി. രാഷ്ട്രീയത്തിൽ മൗലികവാദം നടപ്പാക്കണമെന്ന് വാദിക്കുന്നവർ. അതിനെ അനുകൂലിക്കാത്തവരെല്ലാം അവരുടെ കണ്ണിൽ താഗൂത്തികളും മതവിരുദ്ധരുമാണ്. എന്നാൽ രാഷ്ട്രീയമുൾപ്പെടെയുള്ള ഭൗതിക വ്യവഹാരങ്ങളിൽ മൗലികവാദത്തിന് സ്ഥാനമില്ലെന്നാണ് മുസ്ലിങ്ങളിലെ ഗണ്യമായ വിഭാഗത്തിന്റെ വീക്ഷണം. ഈത്തപ്പന പരാഗണം സംബന്ധിച്ച ഒരു പ്രശസ്തമായ നബി വചനത്തിൽ ഇക്കാര്യം സുവ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഭാഗ്യത്തിന് ഈയിടെ രണ്ട് ഗ്രൂപ്പും തങ്ങളുടെ വീക്ഷണങ്ങൾ അൽപം മയപ്പെടുത്തിയിട്ടുണ്ട്. അത് തന്നെ അവയുടെ മുൻ നിലപാടുകൾ അപ്രായോഗികവും അപ്രസക്തവുമായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പച്ചപിടിച്ചില്ലെങ്കിലും ഇഖ്‍വാൻ ഈജിപ്തിലെ സ്വാധീനമുള്ള പാർട്ടിയായി മാറി. 2005 ലെ തിരഞ്ഞെടുപ്പിൽ 20% സീറ്റ് അവർ നേടി. എന്നാൽ അതിന് ശേഷം അവർക്ക് തിരിച്ചടിയായിരുന്നു.

ഒരു വശത്ത് മുബാറക്ക് ഭരണകൂടം അവരെ വേട്ടയാടിയപ്പോൾ മറു വശത്ത് ജനസ്വാധീനത്തിലോ അധികാരത്തിലെത്താനുള്ള പ്രായോഗിക തന്ത്രങ്ങളിലോ അവർക്ക് മുന്നേറാനായില്ല. മാത്രമല്ലപലപ്പോഴും തീവ്രവാദ ശൈലി സ്വീകരിക്കുക വഴി സ്വന്തം പ്രതിച്ഛായ മോശമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ മൗലികവാദമല്ല പ്രായോഗിക പരിഗണനകളാണ് പ്രസക്തമെന്ന് തെളിയിക്കുന്നതാണ് ജനുവരി വിപ്ലവം.

ഏതെങ്കിലും മൗലവിമാരുടെ ആഹ്വാനപ്രകാരം മതാവേശത്താൽ പ്രചോദിതമായതല്ല നടേ വിപ്ലവമുണ്ടായതെന്ന് വ്യക്തമാണ്. മറിച്ച് തൊഴിലില്ലായ്മദാരിദ്ര്യംഅഴിമതിവികസന മുരടിപ്പ്ഭരണകൂട ഭീകരത തുടങ്ങിയ ജനകീയ പ്രശ്നങ്ങളാണ് അതിന് വഴി വെച്ചത്. മതന്യൂനപക്ഷങ്ങളുൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ജനകീയ മുന്നേറ്റം ശ്രദ്ധേയമായി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ വയെൽ ഗൊനിമിനെ പോലുള്ള ഇന്റർനെറ്റ് പ്രവർത്തകരും മുഹമ്മദ് എൽബറാദിയെപ്പോലുള്ള നയതന്ത്ര വ്യക്തിത്വങ്ങളുമാണ്.

ഇഖ്‍വാനെപ്പോലുള്ള മതാധിഷ്ഠിത രാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യം ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്താനേ ഉപകരിച്ചുള്ളുവെന്നതാണ് വസ്തുത. വിശ്വാസപരമായ കാരണങ്ങളാൽ മുസ്ലിങ്ങളിലെത്തന്നെ ഒരു വിഭാഗം അവരോട് വിമുഖത പുലർത്തിയപ്പോൾ മതഭരണത്തെ ഭയപ്പെട്ട മതന്യൂനപക്ഷങ്ങളും അവരോട് അകന്നു നിന്നു. ഇഖ്‍വാൻ അധികാരത്തിൽ വരുമെന്ന് ഭീഷണിപ്പെടുത്തി തന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും ഹോസ്നി മുബാറകിന് സാധിച്ചു.

മതസംഘടനകൾ രാഷ്ട്രീയത്തിടപെടുന്നതിനെ നിരുൽസാഹപ്പെടുത്തുന്നതാണ് ഈ വസ്തുതകളെന്ന് പറയാതെ തരമില്ല. മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യം പുലരാത്തതിന് കാരണം അന്വേഷിക്കുന്നവർ ഇവിടെ വരികൾക്കിടയിലൂടെ വായിക്കേണ്ടതുണ്ട്. അവിടെ മതമൗലികവാദികളുടെ സ്വാധീനം ജനാധിപത്യ പ്രക്രിയയെ തളർത്തുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതാകട്ടെ ഇസ്ലാമിന്റെ യഥാർത്ഥ താൽപര്യങ്ങൾക്ക് അന്യമാണ് താനും.


കാരോളി

No comments:

Post a Comment